കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ മാർച്ചിൽ തുറക്കും
text_fieldsകോന്നി: ഗതാഗത സംവിധാനത്തിന് പുതിയ മാനം നൽകി കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ മാർച്ചോടെ തുറന്നുനൽകും. ബുധനാഴ്ച കോന്നിയിൽ കെ.എസ്.ആർ.ടി.സി പൊതുമരാമത്ത് കരാർ കമ്പനി പ്രതിനിധികളുമായി ചർച്ചകൾക്ക് ശേഷമാണ് എത്രയും വേഗം പണികൾ പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്ന് നൽകാൻ തീരുമാനിച്ചതെന്ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.
ഓഫിസ് സീലിങ്, ലൈറ്റ്, യാർഡ് പൂർത്തീകരണം എന്നിവ അടിയന്തരമായി ടെൻഡർ നടപടികൾ പൂർത്തീകരിക്കാനും പൊതുമരാമത്ത് വകുപ്പിന് എം.എൽ.എ നിർദേശം നൽകി കൂടാതെ ഇലക്ട്രിക് വർക്കുകൾ, ഡിപ്പോയുടെ ചുറ്റും ഫെൻസിങ്, ഫർണിച്ചറുകൾ, കമ്പ്യൂട്ടർ എന്നിവ വാങ്ങാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തി. പത്തനംതിട്ട എ.ടി.ഒ തോമസ് വർഗീസ്, പി.ഡബ്ല്യു.എ എക്സി. എൻജിനീയർ മുരുകേഷ് കുമാർ, ബ്ലോക്ക് എ.ഇ ബിന്ദു, അസി. എൻജിനീയർമാരായ രൂപക് ജോൺ, ശ്രീജ എന്നിവർ പങ്കെടുത്തു.
അഡ്വ. അടൂർ പ്രകാശ് എം.എൽ.എയായിരുന്ന കാലഘട്ടത്തിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും കോന്നി നാരായണപുരം ചന്തയോട് ചേർന്ന ഭൂമി കെ.എസ്.ആർ.ടി.സിയുടെ പേരിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ നിർമാണം തടസ്സപ്പെടുകയായിരുന്നു. പിന്നീട് ഇടതുപക്ഷ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം ഭൂമി കെ.എസ്.ആർ.ടി.സിയുടെ പേരിൽ രജിസ്റ്റർ ചെയ്ത് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. 2.41 ഏക്കർ സ്ഥലമാണ് കൈമാറിയത്. കോന്നി പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരം എൻ.ഒ.സി നൽകിയതോടെയാണ് ഭൂമി കെ.എസ്.ആർ.ടി.സി എം.ഡിയുടെ പേരിൽ രജിസ്റ്റർ ചെയ്ത് കോന്നി വില്ലേജ് ഓഫിസിൽ കരമടച്ചത്.
2016ൽ അന്നത്തെ പഞ്ചായത്ത് ഭരണസമിതിയും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും തമ്മിൽ ഉണ്ടാക്കിയ കരാർ പ്രകാരമാണ് ഉപാധികളോടെ ഭൂമി വിട്ടുനൽകിയത്. ഭൂമി കെ.എസ്.ആർ.ടി.സിയുടെ പേരിൽ ചേർക്കുന്നത് സംബന്ധിച്ച് കലക്ടറേറ്റിൽ എം.എൽ.എ, കലക്ടർ, പഞ്ചായത്ത് പ്രസിഡന്റ്, കെ.എസ്.ആർ.ടി.സി, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത യോഗം നടന്നിരുന്നു.
2013 മുതൽ യാർഡ് നിർമാണം തടസ്സപ്പെട്ടിരുന്നു. 1.45 കോടി എം.എൽ.എയുടെ തനത് ഫണ്ടിൽനിന്ന് അനുവദിക്കുകയും പ്രോജക്ട് മാനേജ്മെന്റ് കൺസൽട്ടന്റായ എച്ച്.എൽ.എല്ലിന് നിർമാണച്ചുമതല നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.