മെഡിക്കൽ കോളജ്: മലയോരനാടിെൻറ ചിരകാല സ്വപ്നം
text_fieldsകോന്നി: ജില്ലയിലെ ആദ്യസർക്കാർ മെഡിക്കൽ കോളജ് ഈമാസം 14ന് കോന്നിയിൽ തുറക്കുന്നതോടെ യാഥാര്‍ഥ്യമാകുന്നത് മലയോര നാടിെൻറ ചിരകാല സ്വപ്നം. ഒ.പി വിഭാഗം മാത്രമാണ് ആദ്യം തുടങ്ങുന്നത്. കിടത്തിച്ചികിത്സക്കുള്ള സൗകര്യങ്ങളായിട്ടില്ല. എല്ലാവിധ അടിസ്ഥാന സൗകര്യം ഒരുക്കിയാണ് ഒ.പി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഒ.പിയില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് എം.എല്‍.എ ഫണ്ടില്‍നിന്നും ഒരുകോടി നൽകി. ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള അനുമതിക്കായി മെഡിക്കല്‍ കൗണ്‍സിലിന് അപേക്ഷ നല്‍കും. ഐ.പി വിഭാഗവും ഈ വര്‍ഷം തന്നെ ആരംഭിക്കും. മെഡിക്കല്‍ കോളജിനോട് ചേര്‍ന്നുള്ള ഒരു കിലോമീറ്റര്‍ റോഡ് നാലുവരിപ്പാതയായി നിര്‍മാണം പൂര്‍ത്തിയാക്കി. കോന്നിയില്‍നിന്ന് പയ്യനാമണ്ണില്നിന്നുമുള്ള പ്രധാന റോഡുകള്‍ മെഡിക്കല്‍ കോളജ് റോഡായി വികസിപ്പിക്കും.
2012 മാര്‍ച്ച് 24നാണ് കോന്നിയില്‍ മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായത്. തുടര്‍ന്നുണ്ടായ ഉടമ്പടി പ്രകാരം 2013 ഡിസംബര്‍ 23ന് നിര്‍മാണം ആരംഭിച്ച് 2015 ജൂണ്‍ 22ന് നിര്‍മാണം പൂര്‍ത്തീകരിക്കേണ്ടിയിരുന്നു. 18 മാസമായിരുന്നു നിര്‍മാണ കാലാവധി. എന്നാല്‍, വിവിധ കാരണങ്ങളാല്‍ 2014 മേയ് 15നാണ് മെഡിക്കല്‍ കോളജ് നിര്‍മാണം ആരംഭിക്കാനായത്. ഫണ്ട് ലഭ്യമാകാതിരുന്നതിനാല്‍ നിര്‍മാണപ്രവര്‍ത്തനം തടസ്സപ്പെട്ടു. 2016 മുതലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് വേഗത്തിലാക്കിയത്.
ഉപതെരഞ്ഞെടുപ്പിലൂടെ ജനപ്രതിനിധിയായി ചുമതല ഏറ്റെടുത്തശേഷം മെഡിക്കല്‍ കോളജ് നിര്‍മാണം പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതിന് മുഖ്യപരിഗണന നല്കി ഇടപെടല്‍ നടത്താനായെന്ന് കെ.യു. ജനീഷ്കുമാര്‍ എം.എല്‍.എ പറഞ്ഞു. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുടെ മികച്ച പിന്തുണ ഇക്കാര്യത്തിലുണ്ടായിട്ടുണ്ട്. ആരോഗ്യമന്ത്രി പങ്കെടുത്ത് കോന്നി മെഡിക്കല്‍ കോളജിലും തിരുവനന്തപുരത്തും നിരവധി അവലോകന യോഗം ചേര്‍ന്നു. ജില്ലയിലെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യത്തില്‍ എത്തിക്കുന്നതിന് കലക്ടര്‍ പി.ബി. നൂഹ് നടത്തിയ പ്രവര്‍ത്തനങ്ങളും എടുത്തുപറയേണ്ടതാണെന്നും എം.എല്‍.എ പറഞ്ഞു. കേരളത്തിലെ 33ാമത്തെ മെഡിക്കല്‍ കോളജാണ് കോന്നിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.