കോന്നി മെഡിക്കല്‍ കോളജില്‍ അലോട്ട്മെന്റ് ഒക്ടോബറില്‍ ആരംഭിക്കും -മന്ത്രി വീണ
text_fieldsപത്തനംതിട്ട: കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ഈ അധ്യയനവര്‍ഷത്തെ അലോട്ട്മെന്റ് ഒക്ടോബറില്‍ ആരംഭിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. എം.ബി.ബി.എസ് പ്രവേശനത്തിന് നാഷനല്‍ മെഡിക്കല്‍ കമീഷന്റെ അംഗീകാരം ലഭിച്ചശേഷം ആദ്യമായി കോന്നി മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അലോട്ട്മെന്റിനുശേഷം ദേശീയതലത്തില്‍ നിശ്ചയിക്കുന്നത് അനുസരിച്ച് ക്ലാസുകള്‍ ആരംഭിക്കും.
ഈവര്‍ഷം തന്നെ ഇടുക്കി, കോന്നി മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം ലഭിച്ചതിലൂടെ 200 എം.ബി.ബി.എസ് സീറ്റുകളാണ് നേടാനായത്. പാരിപ്പള്ളിയിലും മഞ്ചേരിയിലും ആരംഭിച്ച നഴ്സിങ് കോളജുകളില്‍ 120 നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിച്ചു. 26 സ്പെഷാലിറ്റി സീറ്റുകള്‍ക്കും ഒമ്പത് സൂപ്പര്‍ സ്പെഷാലിറ്റി സീറ്റുകള്‍ക്കും അംഗീകാരം നേടിയെടുത്തതും ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെ നേട്ടമാണ്. കോവിഡ് കാലത്ത് പ്രതിസന്ധികളെ തരണംചെയ്ത് ആരംഭിച്ച ഒ.പിയും ഐ.പിയും പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കും. കൂടുതല്‍ സ്പെഷാലിറ്റി സേവനങ്ങളും ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാനായി ഇ-ഹെല്‍ത്തും നടപ്പാക്കും.
ജില്ലയിലെ ആദ്യത്തെ 128 സ്ലൈഡ് സി.ടി സ്കാന്‍ അഞ്ചുകോടി രൂപ വിനിയോഗിച്ച് ഉടന്‍ സ്ഥാപിക്കും. ദേശീയ നിലവാരത്തിലുള്ള ആധുനിക ലേബര്‍ റൂം ഈവര്‍ഷം തന്നെ ആരംഭിക്കും. രക്തബാങ്ക് ഉടന്‍ ആരംഭിക്കും.
വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലും ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സ് നിര്‍മാണവും നവംബറോടെ പൂര്‍ത്തിയാകും. ഇന്റേണല്‍ റോഡ്, എസ്.ടി.പി, പ്രവേശന കവാടം മുതലായവ നിര്‍മിക്കുന്നതിന് 15.51 കോടിയുടെ ഭരണാനുമതി നല്കി തുടര്‍നടപടി സ്വീകരിച്ചുവരുന്നു. അഡ്വ. കെ.യു. ജനീഷ്കുമാര്‍ എം.എല്‍.എ, അഡീഷനല്‍ ചീഫ് സെക്രട്ടറി ആശ തോമസ്, മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഡോ. തോമസ് മാത്യു, സ്പെഷല്‍ ഓഫിസര്‍ ഡോ. അബ്ദുൽ റഷീദ്, കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മിറിയം വര്‍ക്കി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സെസി ജോബ്, സൂപ്രണ്ട് ഡോ. സി.വി. രാജേന്ദ്രന്, നോഡല്‍ ഓഫിസര്‍ ഡോ. ഹബീബ്, കെ.എം.എസ് സി.എല്‍ എം.ഡി ഡോ. എസ്. ചിത്ര, എന്‍.എച്ച്.എം ഡി.പി.എം ഡോ. എസ്. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മന്ത്രിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജിന്റെ തുടര്‍വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്തു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.