കോന്നി പഞ്ചായത്ത് പൊതുശ്മശാനം; ഭൂമി ഇടപാടിൽ വൻ ക്രമക്കേട്
text_fieldsകോന്നി: യു.ഡി.എഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്ത് പൊതുശ്മശാനം നിർമിക്കാൻ ഭൂമി വാങ്ങിയതിൽ വൻ ക്രമക്കേടെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തി. കോന്നി പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരമല്ല ഭൂമി വാങ്ങിയതെന്ന് പ്രതിപക്ഷം ആരോപിക്കുകയും വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 1.2 ഏക്കറാണ് ശ്മശാനം നിർമിക്കാൻ വാങ്ങിയത്.
എന്നാൽ, ഇത് സർക്കാർ ചട്ടപ്രകാരമോ പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരമോ ആയിരുന്നില്ല. സെന്റിന് 10,000 രൂപ പോലും വിലയില്ലാത്ത ഭൂമിയാണ് 90,000 രൂപയോളം മുടക്കി വാങ്ങിയത്. ഇത് സംബന്ധിച്ച് ബി.ജെ.പി അംഗം സോമൻ പിള്ള, സി.പി.ഐ അംഗം ജോയ്സ് എബ്രഹാം, കോൺഗ്രസ് അംഗം പി.എച്ച്. ഫൈസൽ തുടങ്ങിയവർ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, സി.പി.എം അംഗങ്ങൾ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയതുമില്ല. സി.പി.എം ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ മകന്റെ ഭൂമിയാണ് വാങ്ങിയത് എന്നതിനാലാണ് സി.പി.എം അംഗങ്ങൾ പ്രതികരിക്കാതിരുന്നതെന്നും ആക്ഷേപമുണ്ട്.
വസ്തു വാങ്ങിയത് സംബന്ധിച്ച് കോന്നി ഗ്രാമപഞ്ചായത്ത് നടത്തിയ ഇടപാടുകളിൽ അസ്വാഭാവികതയുള്ളതായി ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. പുതിയ പഞ്ചായത്ത് സെക്രട്ടറി ചുമതലയേറ്റതിന് ശേഷം വസ്തു വാങ്ങൽ ഇടപാടുകൾ മുന്നോട്ട് പോയില്ലെങ്കിലും പിന്നീട് നടന്ന നടപടികൾ പഞ്ചായത്തിന് ഗുണം ചെയ്തില്ലെന്നും ഓഡിറ്റ് വിഭാഗം കണ്ടത്തി. ഭൂമി വാങ്ങാൻ ഇടനില നിന്നവർക്ക് മറ്റെന്തെങ്കിലും താൽപര്യം ഉണ്ടായിരുന്നോ എന്നത് അന്വേഷണത്തിൽ കണ്ടെത്തേണ്ടത് ഉണ്ടെന്നും ഓഡിറ്റ് വിഭാഗം വ്യക്തമാക്കുന്നു.
ഇടപാടുകളിൽ അസ്വാഭാവികത
2021-22 വാർഷിക പദ്ധതിയിൽ പൊതുശ്മശാനത്തിന് ഭൂമി വാങ്ങുന്നതിന് പദ്ധതി ആവിഷ്കരിച്ച് അംഗീകാരം വാങ്ങിയിട്ടുണ്ട്. ധനകാര്യ കമീഷൻ ഗ്രാന്റിൽനിന്ന് 15,49,500 രൂപയാണ് വകയിരുത്തിയത്.
ധനകാര്യ കമീഷൻ ഗ്രാന്റിന്റെ അപ്രോപ്രിയേഷൻ കൺട്രോൾ രജിസ്റ്റർ പ്രകാരം പദ്ധതിയുടെ ഭാഗമായി 15 ലക്ഷം രൂപയുടെ അലോട്മെന്റ് സെക്രട്ടറി വാങ്ങിയതായും ജില്ല കേരള ബാങ്ക് അക്കൗണ്ടിൽനിന്ന് അഞ്ചു ലക്ഷം രൂപയുടെ ചെക്ക് എഴുതിയതായും കണ്ടെത്തി.
എന്നാൽ, ഈ രണ്ട് ഇടപാടും തീർത്തും അസ്വാഭാവിക സാഹചര്യത്തിൽ റദ്ദാക്കി. വസ്തു വാങ്ങാൻ പഞ്ചായത്ത് പത്രപരസ്യം നൽകിയെന്ന് പറയുമ്പോഴും ഇതിനു രേഖകൾ ഇല്ല. വസ്തു വാങ്ങുന്നത് സംബന്ധിച്ച റവന്യൂ അധികൃതർ നൽകേണ്ട വല്യേഷൻ സർട്ടിഫിക്കറ്റുപോലും നൽകിയിട്ടില്ല എന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തി.
പദ്ധതി ഫയലുകൾ കൈകാര്യം ചെയ്യുന്നതിന് ചുമതല ഉണ്ടായിരുന്ന സെക്ഷൻ ക്ലർക്ക്, ജൂനിയർ സൂപ്രണ്ട് എന്നിവർ ഫയൽ കണ്ടിരുന്നില്ല. ഉദ്യോഗസ്ഥതലത്തിൽ ഇത് സംബന്ധിച്ച് രേഖപ്പെടുത്തിയതായും കാണുന്നില്ല. സേവനത്തിൽനിന്ന് വിരമിക്കാൻ ചുരുങ്ങിയ കാലം മാത്രമുണ്ടായിരുന്ന സെക്രട്ടറിയും പ്രസിഡന്റും നേരിട്ടാണ് ഫയലുകൾ കൈകാര്യം ചെയ്തിരുന്നത്. ഓഡിറ്റ് വേളയിൽ ആവർത്തിച്ച് ആവശ്യപ്പെട്ടതിന് പുറമേ രേഖാമൂലം ഓഡിറ്റ് നിയമപ്രകാരം റിക്വിസിഷൻ നൽകിയതിന് ശേഷമാണ് ഫയൽ പരിശോധനക്ക് ലഭ്യമായത്.
ചട്ടം രേഖകളിൽ
2005ലെ കേരള പഞ്ചായത്തീരാജ് ചട്ടങ്ങൾക്ക് അനുസൃതമായി മാത്രമേ പഞ്ചായത്തിന് വസ്തു വാങ്ങാൻ കഴിയുകയുള്ളൂ. ചട്ടപ്രകാരം വസ്തു വാങ്ങുന്നതിന് മുമ്പായി റവന്യൂ അധികാരികളിൽനിന്നുള്ള വാല്യേഷൻ സർട്ടിഫിക്കറ്റ്, 18 വർഷത്തെ ബാധ്യതരഹിത സർട്ടിഫിക്കറ്റ്, ഗവ.പ്ലീഡറുടെ ക്ലിയർ ടൈറ്റിൽ സർട്ടിഫിക്കറ്റ്, ജില്ല മെഡിക്കൽ ഓഫിസറുടെ അനുയോജ്യത സർട്ടിഫിക്കറ്റ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ അനുയോജ്യത സർട്ടിഫിക്കറ്റ് എന്നിവയും ഭൂമി വാങ്ങിയതിൽ കാണിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.