തീർഥാടകരെ വരവേൽക്കാൻ കോന്നി ഒരുങ്ങുന്നു
text_fieldsകോന്നി: ശബരിമല തീർഥാടനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴും കോന്നിയിൽ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. മുൻ വർഷങ്ങളിൽ കോന്നി റൂട്ടിൽ ശബരിമല തീർഥാടകർ കുറവായിരുന്നു. സംസ്ഥാനപാതയുടെ നിർമാണം നടക്കുന്നതിനാൽ തീർഥാടകർ അടൂർ, വള്ളിക്കോട്, പത്തനംതിട്ട വഴികളിലൂടെയാണ് ശബരിമലയിൽ എത്തിയിരുന്നത്. എന്നാൽ, സംസ്ഥാനപാതയുടെ നിർമാണം അവസാന ഘട്ടത്തിലായതോടെ ആന്ധ്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നും എത്തുന്ന തീർഥാടകരിലേറെയും കോന്നി വഴിയാകും ശബരിമലയിൽ എത്തുക. കൂടാതെ, പരമ്പരാഗത കാനനപാതയായ ചെങ്കോട്ട, അച്ചൻകോവിൽ, കല്ലേലി, കോന്നി വഴി എത്തുന്ന തീർഥാടകരും കോന്നി വഴിയായിരിക്കും. ഇവർക്കെല്ലാം ഒരു ഇടത്താവളമാണ് കോന്നിയിൽ ഉള്ളത്. ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിൽ മുരിങ്ങമംഗലം ക്ഷേത്രത്തിലാണ് ഈ ഇടത്താവളമുള്ളത്.
ഒരുക്കം തുടങ്ങി
ഇത്തവണ കലേക്കൂട്ടിതന്നെ ഇടത്താവളത്തിൽ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഒക്ടോബറിൽതന്നെ കോന്നി ഗ്രാമപഞ്ചായത്തിൽ ശബരിമല അവലോകന യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി. തുടർന്ന് ഇടത്താവളത്തിലെ പെയിന്റിങ് ജോലികൾ ഇതിനോടകം പൂർത്തിയാക്കി.
ഇനിയും കാടുതെളിക്കണം
ഇടത്താവളത്തിൽ പെയിന്റിങ് ജോലികൾ പൂർത്തിയായെങ്കിലും ലൈറ്റും ഫാനും പുതുതായി സ്ഥാപിക്കേണ്ടതുണ്ട്. കൂടാതെ അയ്യപ്പഭക്തർക്ക് ആവശ്യമായ കുടിവെള്ള സൗകര്യങ്ങളും കുളിക്കാനുള്ള സൗകര്യങ്ങളും പത്ത് ദിവസത്തിനുള്ളിൽ ഒരുക്കേണ്ടതുണ്ട്. കൂടാതെ ഇടത്താവളത്തിനു ചുറ്റുമുള്ള കാടും വെട്ടിത്തെളിക്കണം. ഇടത്താവളത്തിന് സമീപം അയ്യപ്പഭക്തർക്ക് കുളിക്കാൻ കടവ് സജ്ജീകരിച്ചിട്ടുണ്ടെങ്കിലും അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്ന് നിൽക്കുന്നതിനാൽ അപകടസ്ഥിതിയും നിലവിലുണ്ട്. കൂടാതെ കുളിക്കടവിൽ ചേറ് നിറഞ്ഞതിനാൽ കടവിലേക്ക് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയും നിലവിലുണ്ട്.
ഉടൻ ശരിയാകും
മണ്ഡലകാലം തുടങ്ങുംമുമ്പു തന്നെ മുരിങ്ങമംഗലം ഇടത്താവളത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി സാബു തോമസ് പറഞ്ഞു. കുളിക്കടവ് വൃത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങുന്നതിനൊപ്പം വിരിവെക്കുന്ന ഭക്തർക്ക് ഉറങ്ങാനാവശ്യമായ പായും ഉടൻ എത്തിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.