കോന്നി താലൂക്ക് വികസന സമിതി: പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കാൻ അനുവദിക്കണമെന്ന് ആവശ്യം
text_fieldsകോന്നി: തണ്ണിത്തോട് ഉൾപ്പെടുന്ന മലയോര മേഖലയിൽ പട്ടയഭൂമിയിൽ ജനങ്ങൾ നട്ടുവളർത്തിയ മരങ്ങൾ മുറിച്ചുവിൽക്കാൻ വനം വകുപ്പ് അനുമതി നൽകണമെന്ന് കോന്നി താലൂക്ക് വികസന സമിതിയിൽ ആവശ്യമുയർന്നു.സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ. ഗോപിനാഥനാണ് വിഷയം ഉന്നയിച്ചത്. കർഷകർ സ്വന്തം പട്ടയഭൂമിയിൽ നട്ടുവളർത്തിയ മരങ്ങൾ മുറിച്ച് വിൽക്കാൻ മുൻ വർഷങ്ങളിൽ അനുമതി ഉണ്ടായിരുന്നു. ഇപ്പോൾ പട്ടയഭൂമിയിൽനിന്ന് മരം മുറിക്കാൻ വനം വകുപ്പ് അനുവദിക്കുന്നില്ല.
ഈ തരത്തിൽ ഉത്തരവ് ഉണ്ടെങ്കിൽ ആ ഉത്തരവിന്റെ പകർപ്പ് വനം വകുപ്പ് ഹാജരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഈ വിഷയത്തിൽ മരം മുറിക്കാൻ അനുമതിയില്ലെന്ന് അറിയിച്ച കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫിസർക്ക് ഉത്തരവിന്റെ പകർപ്പ് സഭയിൽ ഹാജരാക്കാൻ കഴിഞ്ഞില്ല. തണ്ണിത്തോട് കേന്ദ്രീകരിച്ച് വൻതോതിൽ പാറ ഖനനം നടക്കുന്നുണ്ടെന്നും ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും വിമർശനം ഉയർന്നു.
നിയമാനുസരണം മരം മുറിക്കാൻ സാധിക്കാത്ത സ്ഥലത്താണ് അനധികൃത പാറ പൊട്ടിക്കൽ നടക്കുന്നത്. തണ്ണിത്തോട് റോഡിൽ അപകടകരമായി നിൽക്കുന്ന പാഴ്മരങ്ങൾ മുറിച്ച് മാറ്റണമെന്നും വികസന സമിതിയിൽ ആവശ്യമുയർന്നു.
‘കുടിവെള്ള ക്ഷാമം പരിഹരിക്കണം’
മൈലപ്ര, മലയാലപ്പുഴ പഞ്ചായത്തുകളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ ആവശ്യപ്പെട്ടു. അന്തർ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ കോന്നി നഗരത്തിൽ തമ്പടിക്കുന്നത് നിരോധിക്കണമെന്ന് പഞ്ചായത്ത് അംഗം ഫൈസൽ ആവശ്യപ്പെട്ടു.
യോഗത്തിൽ തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ. കുട്ടപ്പൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹൽസിൽദാർ ബിനു രാജ്, വിവിധ ജന പ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
മീനാക്ഷിത്തോട് ഗതിമാറ്റിയതിനെതിരെ പ്രതിഷേധിച്ചു
മീനാക്ഷിത്തോട് ഗതിമാറ്റിവിട്ട സംഭവത്തിൽ ഏഴു മാസമായി കോന്നി താലൂക്ക് വികസന സമിതിയിൽ വിഷയം ഉന്നയിച്ചെങ്കിലും നടപടി എടുത്തില്ലെന്ന് ആരോപിച്ച് കേരള കോൺഗ്രസ് എം പ്രതിനിധി യോഗത്തിന് നടുത്തളത്തിൽ ഇരുന്ന് പ്രതിഷേധിച്ചു.വിഷയത്തിൽ അടിയന്തര നടപടി കൈക്കൊള്ളാമെന്ന് അറിയിച്ചതിന് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഈ വിഷയത്തിൽ തോട് വഴിതിരിച്ചുവിട്ട അട്ടച്ചാക്കൽ മീനാക്ഷി തോട് ഭാഗത്തെ പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തിയിട്ടില്ലെന്നും സർവേ കഴിയാത്തതിനാൽ വിഷയം പരിഹരിക്കാൻ സെൻട്രൽ സോൺ ഓഫിസിലേക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ഡെപ്യൂട്ടി കലക്ടർ ജേക്കബ് ടി. ജോർജ് മറുപടി നൽകി.
കെ.എസ്.ടി.പി റോഡ് നിർമാണവുമായി ബന്ധപ്പെട്ട് കോന്നി ടാക്സി സ്റ്റാൻഡിന് സമീപം ഓട ഉയർത്തി നിർമിച്ചിരിക്കുന്നതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ട് നേരിടുന്നു. ഇത് പരിഹരിക്കാൻ നടപടി ഉണ്ടാകണമെന്നും ആവശ്യമുയർന്നു. കല്ലേലി-ഊട്ടുപാറ റോഡിന്റെ വശങ്ങൾ ഇടിഞ്ഞ് അപകടാവസ്ഥയിലാണെന്ന് അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് അറിയിച്ചു.
ഐരവൺ വില്ലേജ് ഓഫിസറുടെ പൊതുജനങ്ങളോടുള്ള പെരുമാറ്റരീതി മോശമാണെന്ന് പരാതി ഉയരുന്നുണ്ടെന്നും പറഞ്ഞു. അരുവാപ്പുലം വില്ലേജിൽ റീസർവേയുമായി ബന്ധപ്പട്ട നിരവധി വിഷയങ്ങൾ ഉണ്ടെന്നും സർവേയർ ഇല്ലാത്തത് ഈ വിഷയത്തിൽ സങ്കീർണത വർധിപ്പിക്കുന്നെന്നും ഡെപ്യൂട്ടി തഹൽസിൽദാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.