വീർപ്പുമുട്ടി കോന്നി താലൂക്ക് ആശുപത്രി
text_fields50 വർഷം മുമ്പാണ് കോന്നിയിൽ സർക്കാർ ആതുരാലയം പ്രവർത്തനം തുടങ്ങിയത്. മലയോര മേഖലക്ക് ഏറെ ആശ്വാസകരമായിരുന്നു ഇത്. മോർച്ചറി ഉൾപ്പെടെയുള്ള സംവിധാനം വരെ ഉണ്ടായിരുന്നു. പിന്നീട് കുടുംബാരോഗ്യ കേന്ദ്രം, പ്രാഥമികാരോഗ്യ കേന്ദ്രം, സാമൂഹികാരോഗ്യ കേന്ദ്രം എന്നീ നിലകളിൽ ഉയർത്തി.
അടൂർ പ്രകാശ് ആരോഗ്യ മന്ത്രിയായിരുന്ന കാലത്താണ് കോന്നി താലൂക്ക് ആശുപത്രിയായി പദവി നൽകിയത്. എന്നാൽ, അടിസ്ഥാന സൗകര്യത്തിൽ പുതുതായൊന്നും ഇല്ല. ദിവസേന ആയിരത്തിലധികം രോഗികൾ ചികിത്സ തേടിയെത്തുന്നുണ്ട്.
അത്യാഹിത വിഭാഗം, ഒ.പി, ഐ.പി, ഡെന്‍റൽ ഒ.പി, ഓർത്തോ, കുട്ടികളുടെ ചികിത്സ വിഭാഗം, ഇ.എൻ.ടി, ലാബ്, എക്സ്റേ എന്നീ വിഭാഗങ്ങൾ താലൂക്ക് ആശുപത്രിയുടെ ഭാഗമാണെങ്കിലും മതിയായ സ്ഥലസൗകര്യമില്ല. എല്ലാ വിഭാഗം ഡോക്ടർമരുടെ സേവനവും ലഭിക്കുന്നുണ്ടെങ്കിലും എന്തെങ്കിലും അത്യാഹിതം സംഭവിച്ച് ഒന്നിലധികം രോഗികൾ എത്തിയാൽ എല്ലാവരും നട്ടംതിരിയും. ഇതുകഴിഞ്ഞാൽ ആശ്രയം പത്തനംതിട്ട, കോട്ടയം ആശുപത്രികളാണ്.
ജീവിതശൈലി, അസ്ഥിരോഗ വിഭാഗം വിഭാഗങ്ങളിലാണ് തിരക്ക് കൂടുതൽ. തിരക്ക് നിയന്ത്രിക്കാനോ രോഗികൾക്ക് കാത്തിരിക്കാനോ സൗകര്യമില്ല. ഫാർമസിയിൽ രണ്ടു കൗണ്ടർ മാത്രമാണുള്ളത്. കൊക്കാത്തോട്, തണ്ണിത്തോട് ഉൾപ്പെടെയുള്ള വിദൂര മലയോര മേഖലയിൽനിന്നുള്ള രോഗികൾ താലൂക്ക് ആശുപത്രിയിൽ എത്തി മണിക്കൂറുകൾ കഴിഞ്ഞാലും മരുന്നു ലഭിക്കില്ല.
കോന്നി ബ്ലോക്ക് പഞ്ചായത്തിനാണ് ആശുപത്രിയുടെ മേൽനോട്ട ചുമതല. മാറി വന്ന ഭരണസമിതികൾ ആശുപത്രിയുടെ വികസനത്തിന് ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ചിട്ടില്ല. വികസനത്തിനായി ഒരു മാസ്റ്റർ പ്ലാൻപോലും ഇല്ല.
രണ്ടാം ഘട്ട നിർമാണം ഇഴയുന്നു
രണ്ട് വർഷമാകുമ്പോഴും താലൂക്ക് ആശുപത്രി രണ്ടാം ഘട്ട നിർമാണം ഇഴയുകയാണ്. ആറ് നിലകളുടെ നിർമാണത്തിൽ ബേസ്മെന്‍റ് ഫ്ലോർ, ഗ്രൗണ്ട് ഫ്ലോർ എന്നിവ പൂർത്തിയായിരുന്നു.കെ.യു. ജനീഷ്കുമാർ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി 7.5 കോടി രൂപയാണ് രണ്ടാം ഘട്ട വികസനത്തിന് അനുവദിച്ചത്.
ഒന്ന്, രണ്ട്, മൂന്ന് നിലകളും നാലാം നിലയിലെ ലിഫ്റ്റ് റൂമുമാണ് പൂർത്തിയാക്കേണ്ടത്. വൈദ്യുതീകരണം, അഗ്നിരക്ഷ സജ്ജീകരണങ്ങൾ, ലിഫ്റ്റ് സ്ഥാപിക്കൽ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതുതായി നിർമിക്കുന്ന ഒന്നാം നിലയിൽ മിനി ഓപറേഷൻ തിയറ്റർ, പുരുഷന്മാരുടെ വാർഡ്, മെഡിക്കൽ ഐ.സി.യു എന്നിവയാണ് സജ്ജീകരിക്കുന്നത്.
രണ്ടാം നിലയിൽ ഓപറേഷൻ തിയറ്റർ, ലേബർ റൂം, സ്ത്രീകളുടെ വാർഡ് എന്നിവയും മൂന്നാം നിലയിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും വാർഡുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. കരാർ കാലാവധിയായ 18 മാസം പിന്നിട്ടപ്പോഴും ഒന്നാം നിലയുടെ നിർമാണം ഭാഗിഗമായി മാത്രമാണ് പൂർത്തിയായത്.
രോഗികൾക്ക് ലഭിക്കുന്നത് മികച്ച സേവനം
താലൂക്ക് ആശുപത്രിയിൽ മികച്ച സേവനം ലഭിക്കുന്നത് ഡെന്റൽ, പീഡിയാട്രിക്, ജീവിതശൈലീരോഗ ക്ലിനിക്കുകൾ ആണ്. ജില്ലയിലെ മികച്ച നിലവാരമുള്ള ഡെന്റൽ ഒ.പി കോന്നിയിലേതാണ്. പീഡിയാട്രിക് ഡോക്ടർമാരുടെ സേവനവും കൃത്യമായി ലഭിക്കുന്നുണ്ട്.
ഏറ്റവും കൂടുതൽ രോഗികൾ എത്തുന്നത് ജീവിത ശൈലീ രോഗ ക്ലിനിക്കിൽ ആണ്. ഇവിടെ ആവശ്യമായ സൗകര്യങ്ങളും ഫിസിഷ്യൻ ഉൾപ്പെടെയുള്ളവരുടെ സേവനവും ലഭ്യമാണ്. ലഭ്യതക്കുറവ് മൂലം ഷുഗർ, പ്രഷർ, കൊളസ്‌ട്രോൾ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് കൊടുക്കുന്ന മരുന്നുകളുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തിൽ വൈകുന്നേരങ്ങളിൽ എത്തുന്ന രോഗികൾ നേരിടുന്ന പ്രധാന വിഷയം 108 ആംബുലൻസിന്റെ സേവനം ലഭിക്കാത്തതാണ്.
108 ആംബുലൻസ് സേവനം രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ മാത്രമാണ് ലഭിക്കുന്നത്. ആംബുലൻസ് സേവനം 24 മണിക്കൂർ ആകണമെന്ന് ആവശ്യത്തിന് അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.