കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ 1.60 കോടിയുടെ ഓക്സിജന്‍ പ്ലാൻറിന് അനുമതി
text_fieldsപത്തനംതിട്ട: കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ ജനറേഷന് പ്ലാൻറിന് അനുമതി ലഭിച്ചതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു. മിനിറ്റില്‍ 1500 ലിറ്റര്‍ ഉൽപാദനശേഷിയുള്ള ദ്രവീകൃത ഓക്സിജന്‍ നിര്‍മാണ പ്ലാൻറിനാണ് അനുമതി ലഭിച്ചത്.
പ്ലാൻറ് നിര്‍മാണത്തിന് 1.60 കോടി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവും പുറത്തിറങ്ങി. പി.എസ്.എ ടെക്നോളജി ഉപയോഗിച്ചാവും പ്ലാൻറ് പ്രവര്‍ത്തിക്കുക. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് കോന്നിയില്‍ പുതിയ ഓക്സിജന്‍ പ്ലാൻറ് അനുവദിച്ചത്.
പ്ലാൻറ് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ മെഡിക്കല്‍ കോളജിന് ഓക്സിജന്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിയും. അധികമായി ഉൽപാദിപ്പിക്കുന്ന ഓക്സിജന്‍ ഇതര ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നൽകാനും കഴിയും. മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ സൗകര്യമുള്ള 240 കിടക്കയും 30 ഐ.സി.യു കിടക്കയും ഉള്‍പ്പെടെ 270 കിടക്കയാണ് സജ്ജമാക്കുന്നത്.
കോവിഡ് ചികിത്സയും പരിശോധനയുമെല്ലാം ഈ മാസം തന്നെ മെഡിക്കല്‍ കോളജില്‍ ആരംഭിക്കാനുള്ള തയാറെടുപ്പാണ് നടന്നുവരുന്നത്. കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷനെയാണ് ഓക്സിജന്‍ പ്ലാൻറ് സജ്ജമാക്കുന്നതിെൻറ ചുമതല സര്‍ക്കാര്‍ ഏൽപിച്ചിരിക്കുന്നത്. മൂന്നു മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.