കോന്നിയിൽ ഒരുവർഷത്തിനകം 6000 പേർക്ക് പട്ടയം നൽകും -കെ.യു. ജനീഷ് കുമാർ എം.എൽ.എ
text_fieldsപത്തനംതിട്ട: കോന്നി നിയോജക മണ്ഡലത്തിൽ ഒരുവർഷത്തിനകം 6000 പേർക്ക് പട്ടയം നൽകുമെന്ന് കെ.യു. ജനീഷ്കുമാർ എം.എൽ.എ പറഞ്ഞു. വനമേഖലയിലെ പട്ടയം നൽകണമെങ്കിൽ വനംപരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി വേണം.
അത് നേടിയെടുക്കാൻ ശ്രമം നടന്നുവരുകയാണ്. തത്ത്വത്തിൽ അനുമതിയായിട്ടുണ്ട്. വനംവകുപ്പിനുപകരം നൽകാൻ ഭൂമി കണ്ടെത്തി. ഇടുക്കി ജില്ലയിലെ കമ്പക്കൽമേട്ടിലാണ് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. ആ സ്ഥലം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ അധികൃതർ വന്ന് കണ്ടിരുന്നു. 6000 അപേക്ഷകരാണ് കോന്നിയിലുള്ളത്. എല്ലാവർക്കും പട്ടയം നൽകുന്നതിന് റവന്യൂ വകുപ്പിന്‍റെ നടപടികളെല്ലാം പൂർത്തിയായിട്ടുണ്ട്. വനംവകുപ്പിന്‍റെ അനുമതിയായാൽ പിറ്റേദിവസം പട്ടയം നൽകാൻ കഴിയും.
റാന്നി പെരുമ്പെട്ടിയിലെ കർഷകർക്കും അതോടൊപ്പം പട്ടയം നൽകുമെന്നാണ് അറിഞ്ഞത്. കോന്നിയിൽ ആരുടെയും പട്ടയം റദ്ദാക്കിയിട്ടില്ല. യു.ഡി.എഫ് സർക്കാർ 46 പേർക്കാണ് പട്ടയം നൽകിയത്.
ബാക്കി നൽകുമെന്ന് പറഞ്ഞതേയുള്ളൂ. നൽകിയില്ല. കൊടുത്തതുതന്നെ യഥാർഥ പട്ടയം ആയിരുന്നില്ല. പട്ടയം വാങ്ങിയവർക്ക് അതറിയാമെന്നും കെ.യു. ജനീഷ്കുമാർ പറഞ്ഞു.
കോന്നിയിൽ റദ്ദാക്കിയ പട്ടയങ്ങൾ പുനഃസ്ഥാപിക്കൽ നീളുന്നു
പത്തനംതിട്ട: 2015ൽ അന്നത്തെ യു.ഡി.എഫ് സർക്കാർ കോന്നി താലൂക്കിലെ ആറ് വില്ലേജിലായി 4835 ഏക്കർ കൈവശഭൂമിക്ക് 1843 പട്ടയങ്ങൾ അനുവദിച്ച നടപടി 2017 സെപ്റ്റംബർ 27ന് റവന്യൂവകുപ്പ് റദ്ദാക്കിയിരുന്നു.
നടപടിക്രമങ്ങൾ പാലിച്ച് പുതിയ പട്ടയം വിതരണം നടത്തുമെന്ന് പ്രഖ്യാപിച്ചാണ് അന്ന് എൽ.ഡി.എഫ് സർക്കാർ പട്ടയങ്ങൾ റദ്ദാക്കിയത്. പുതിയ പട്ടയം വിതരണം ഇതുവരെ നടത്താനായിട്ടില്ല.
പകരം ഭൂമി വനം വകുപ്പിന് കൈമാറണമെന്ന വ്യവസ്ഥ പാലിക്കാത്തതിനാലാണ് അന്ന് പട്ടയങ്ങൾ റദ്ദാക്കിയത്. സീതത്തോട്, തണ്ണിത്തോട്, ചിറ്റാർ, കോന്നി താഴം, അരുവാപ്പുലം, കലഞ്ഞൂർ വില്ലേജുകളിൽ വിതരണം ചെയ്ത 1843 പട്ടയങ്ങളാണ് റവന്യൂ വകുപ്പ് റദ്ദാക്കിയത്. പട്ടയവിതരണത്തിനായി കേന്ദ്രാനുമതി തേടിക്കൊണ്ടുള്ള അപേക്ഷകൾ പകരം വനം വകുപ്പിന് നൽകുന്ന ഭൂമി ഏതെന്ന് വ്യക്തമാക്കാത്തതിനാൽ കെട്ടിക്കിടക്കുകയാണ്.
1400ഓളം പട്ടയങ്ങൾ പിന്നീടുവന്ന എൽ.ഡി.എഫ് സർക്കാർ റദ്ദാക്കി. എല്ലാ അനുമതികളോടെ പട്ടയം നൽകുമെന്നു പറഞ്ഞാണ് അന്നു പട്ടയം റദ്ദാക്കിയത്. എന്നാൽ, പിന്നീടുള്ള നടപടിക്രമങ്ങളും നൂലാമാലകളിൽപെട്ടു.
പട്ടയം നൽകിയ ഭൂമി റിസർവ് വനം എന്ന തരത്തിൽ റവന്യൂവകുപ്പ് രേഖപ്പെടുത്തുക കൂടി ചെയ്തതോടെ ഈ സ്ഥലങ്ങൾക്കും പുതുതായി പട്ടയം നൽകാൻ കേന്ദ്രാനുമതി തേടിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.