പുലിപ്പേടി: പൂച്ചക്കുളത്ത് കെണി സ്ഥാപിച്ചു
text_fieldsകോന്നി: പുലിപ്പേടി നിലനിൽക്കുന്ന തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ പൂച്ചക്കുളത്ത് വനംവകുപ്പ് കെണി സ്ഥാപിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഗുരുനാഥൻമണ്ണ് വനം വകുപ്പ് അധികൃതരാണ് കെണിയൊരുക്കിയത്. ചിറ്റാറിൽനിന്ന് ഉച്ചയോടെ എത്തിച്ച കെണി അനില ഭവനം അനിൽകുമാറിന്റെ നായെ പുലി പിടിച്ച ഭാഗത്താണ് സ്ഥാപിച്ചത്.
ആഴ്ചകൾക്ക് മുമ്പാണ് പൂച്ചക്കുളം അനിലാഭവനം അനിൽകുമാറിന്റെ കൃഷിയിടത്തിലെ കാവൽ പുരയിൽനിന്നും അനിൽകുമാർ നോക്കിനിൽക്കേ പുലി വളർത്തുനായെ പിടികൂടിയത്. ഇതേത്തുടർന്ന് പ്രദേശത്തെ നാട്ടുകാർ ഭീതിയിലായിരുന്നു. വിഷയം വനപാലകരെ അറിയിച്ചെങ്കിലും പ്രദേശത്ത് കെണിയോ കാമറയോ സ്ഥാപിക്കാൻ തയാറായില്ല.
നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് പ്രദേശത്ത് കാമറകൾ സ്ഥാപിച്ചെങ്കിലും പുലിയുടെ ചിത്രം പതിഞ്ഞില്ല. എന്നാൽ, പ്രദേശവാസികൾ പിന്നീട് നിരവധി തവണ പുലിയെ കണ്ടിരുന്നു. ടാപ്പിങ് തൊഴിലാളികൾ ഉൾപ്പെടെ മുരൾച്ച കേൾക്കുകയും പുലിയെ കാണുകയും ചെയ്തതോടെ പ്രദേശവാസികൾ ഏറെ ഭീതിയിലായി. അനുമതി കൃത്യസമയത്ത് ലഭിക്കാതെയിരുന്നതും കൂട് സ്ഥാപിക്കുന്നതിൽ കാലതാമസം നേരിട്ടു.
പ്രദേശത്ത് മുമ്പും പുലിസാന്നിധ്യം സ്ഥിരീകരിച്ചിരുന്നെന്നും നിരവധി വളർത്തുനായ്ക്കളെ പുലി കൊന്നിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. വനംവകുപ്പ് പ്രദേശത്ത് സ്ഥാപിച്ച സൗരോർജ വേലികൾ പ്രവർത്തന ക്ഷമമല്ലാത്തത് നാട്ടിലേക്ക് വന്യ മൃഗങ്ങൾ ഇറങ്ങുന്നതിന് കാരണമാകുന്നതായി പ്രദേശവാസികൾ പറയുന്നു. ഇതിന്റെ ബാറ്ററി തകരാർ പരിഹരിക്കാൻ കൊണ്ടുപോയതിന് ശേഷം ഇത് തിരികെ കൊണ്ടുവന്നിട്ടില്ലെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.