അപകട മരണങ്ങളുടെ ഒരു വർഷം
text_fieldsകോന്നി: 2024 വിടപറയുമ്പോൾ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകട മരണങ്ങൾ അടക്കം നിരവധി വാഹനാപകടങ്ങളും കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണവും ഇതിനെ തുടർന്നുള്ള വിവാദങ്ങളും ഉയർന്ന വർഷമായിരുന്നു.
ഒരു വർഷത്തിനിടെ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പൊലിഞ്ഞത് 15 ജീവൻ. കുരുതിക്കളമായി മാറിയിരിക്കുകയാണ് സംസ്ഥാനപാത. മലേഷ്യയിൽ പോയി തിരികെ എത്തിയ നവദമ്പതികളെ കൂട്ടിക്കൊണ്ടുവരാൻ പോയ കുടുംബത്തിലെ നാലുപേർ മുറിഞ്ഞകല്ലിൽ അപകടത്തിൽ മരണപ്പെട്ടതാണ് അവസാനസംഭവം.
ഇതിന് തൊട്ടുമുമ്പുള്ള ദിവസം നിയന്ത്രണം വിട്ട കാർ നെടുമൺകാവിൽ പിക്അപ് വാനിനിന് പിന്നിൽ ഇടിച്ചിരുന്നു. കലഞ്ഞൂരിൽ അയ്യപ്പഭക്തരുടെ വാഹനം തീകത്തി നശിക്കുകയും വകയാറിൽ കാർ ഇടിച്ച് ഒരാൾക്ക് പരിക്കേൽക്കുകയും കൂടലിൽ ഓട്ടോറിക്ഷ ഇടിച്ച് ഒരാൾ മരിക്കുകയും ചെയ്തത് കഴിഞ്ഞ ഞായറാഴ്ച ഒറ്റദിവസമാണ്.
കോന്നി റീച്ചിൽ മരണപ്പെട്ടത് പത്തോളം പേർ
കുമ്പഴ മുതൽ കലഞ്ഞൂർ വരെയുള്ള സംസ്ഥാന പാതയുടെ കോന്നി റീച്ചിൽ നടന്ന വാഹന അപകടങ്ങളിൽ പത്തോളം ആളുകളാണ് മരണപ്പെട്ടത്. 70 കിലോമീറ്റർ വേഗത്തിൽ മാത്രമാണ് പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കൂടി സഞ്ചരിക്കാവുന്ന പരമാവധി വേഗ പരിധിയെന്ന് നിർമാണം പൂർത്തിയാക്കിയ കെ.എസ്.ടി.പി അധികൃതർ പറയുന്നു. എന്നാൽ, ഇരുചക്രവാഹനങ്ങൾ അടക്കം കടന്നുപോകുന്നത് ഉയർന്ന വേഗ പരിധിയിലാണ്. വേഗം കുറക്കുന്നതിന് ആവശ്യമായ നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
അമിത വേഗം, വീതിക്കുറവ് ; അപകടങ്ങൾ വർധിക്കുന്നു
മാമൂട്, ചിറ്റൂർ മുക്ക്, ഇളകൊള്ളൂർ, മല്ലശ്ശേരിമുക്ക്, മുറിഞ്ഞകൽ, കൊല്ലൻപടി, നെടുമൺകാവ്, ഇഞ്ചപ്പാറ, കലഞ്ഞൂർ തുടങ്ങിയിടങ്ങളിൽ അപകടങ്ങൾ വർധിക്കുകയാണ്. സംസ്ഥാന പാതയിൽ പലയിടത്തും വീതിക്കുറവുള്ളത് അപകടങ്ങളുടെ തോത് വർധിപ്പിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ വേഗപരിധി കൂടുതലായതിനാൽ അതേ വേഗത്തിൽ സംസ്ഥാന പാതയിൽ വരുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. മഴ മൂലം വാഹനങ്ങൾ തെന്നിമാറുന്നതും അപകടം വർധിപ്പിക്കുന്നു.
തീരാക്കുരുക്കിൽ കോന്നി സെൻട്രൽ ജങ്ഷൻ
കോന്നിയിലെ പ്രധാന ട്രാഫിക് ജങ്ഷനായ കോന്നി സെൻട്രൽ ജങ്നിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകളോ ഗതാഗത നിയന്ത്രണത്തിനുള്ള ഉദ്യോഗസ്ഥരോ ഇല്ല. പല ജങ്ഷനുകൾ കേന്ദ്രീകരിച്ചും ലൈഫ് ഗാർഡുകളെയും നിയമിക്കാനുണ്ട്. റോഡിന് നടുവിൽ സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും അടക്കം നിർത്തി ആളുകളെ കയറ്റി ഇറക്കുന്നത് വലിയ ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.