മറുകര തൊടുമോ ആവണിപ്പാറ പാലം
text_fieldsകോന്നി: അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ ആവണിപ്പാറ നിവാസികൾക്ക് അച്ചൻകോവിൽ നദി കടക്കാൻ പാലം നിർമാണത്തിന് വനം വകുപ്പ് അനുമതി നൽകിയിട്ടും നിർമാണം ആരംഭിക്കാൻ നടപടി സ്വീകരിക്കുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിൽ വിജിൽ ഇന്ത്യ മൂവ്മെന്റ് കൺവീനർ സലീൽ വയലത്തല സംസ്ഥാന പട്ടികവർഗ വിഭാഗത്തിൽ നൽകിയ പരാതിയിലാണ് ഈ തരത്തിൽ മറുപടി ലഭിച്ചത്. ആവണിപ്പാറയിൽ പാലം നിർമിക്കാൻ 2015-16 സാമ്പത്തിക വർഷത്തിൽ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 32,00,000 രൂപ ആലുവ പി.ഐ.ടിക്ക് അനുവദിച്ചിരുന്നു.
എന്നാൽ, വനം വകുപ്പിന്റെ അനുമതി ലഭിക്കാതെ പദ്ധതി നടപ്പായിരുന്നില്ല. 2014-25 വർഷം റാന്നി ട്രൈബൽ ഡെവലപ്മെന്റ് ഓഫിസറുടെ പ്രവർത്തന പരിധിയിൽ ആവണിപ്പാറ നഗറിൽ വനം വകുപ്പ് അനുമതി നൽകിയ 0.0243 ഹെക്ടർ ഭൂമിയിൽ 3.5 മീറ്റർ വീതിയിൽ 261.80 ലക്ഷം രൂപക്ക് ആലപ്പുഴ പൊതുമരാമത്ത് പാലം വിഭാഗം തയാറാക്കിയ പദ്ധതി ജില്ലതല വർക്കിങ് ഗ്രൂപ്പിന്റെ അനുമതിയോട് കൂടി റാന്നി ട്രൈബൽ ഓഫിസിൽ ലഭ്യമായിരുന്നു. പദ്ധതി അടുത്ത സംസ്ഥാനതല വർക്കിങ് ഗ്രൂപ് അനുമതിക്കായി സമർപ്പിക്കുമെന്നും മറുപടിയിൽ പറയുന്നു.
കോന്നിയിൽ മഴ ശക്തമാകുമ്പോൾ കോന്നി ആവണിപ്പാറ നിവാസികൾ ഒറ്റപ്പെടുന്ന സംഭവം പതിവാണ്. മുമ്പ് അടൂർ പ്രകാശ് കോന്നി എം.എൽ.എ ആയിരുന്ന കാലത്ത് പാലം കൊണ്ടുവരാൻ ശ്രമം നടത്തിയെങ്കിലും വനം വകുപ്പ് തടസ്സം നിന്നതിനാൽ പരാജയപ്പെട്ടു. ഫൈബർ വള്ളം മാത്രമാണ് ഇവർക്ക് മറുകര എത്താനുള്ള ഏകമാർഗം. അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ ഇവിടേക്ക് വൈദ്യുതി എത്തിച്ചതും ഇവർക്ക് ആവണിപ്പാറയിൽ ഉണ്ടായ വിപ്ലവകരമായ മാറ്റം ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.