പ്രതികൂല കാലാവസ്ഥ വിപണിയെ ബാധിച്ചു; വാഴക്കർഷകർക്ക് കണ്ണീരോണം
text_fieldsകോന്നി: ഓണക്കാലം പ്രതീക്ഷിച്ച് നട്ടുവിളവെടുത്ത വാഴക്കുലകൾക്ക് വേണ്ടത്ര വില ലഭിക്കുന്നില്ല എന്നാണ് വാകയാർ സ്വാശ്രയ കർഷക വിപണിയിൽ എത്തുന്ന കർഷകരുടെ പരാതി.
കൂട്ടത്തിൽ വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ വേണ്ടത്ര വരുമാനവും കർഷകർക്ക് ലഭിക്കുന്നില്ല. കിലോക്ക് 58 മുതൽ 60 രൂപവരെയാണ് നാടൻ എത്തക്കായക്ക് ലഭിക്കുന്നത്. എന്നാൽ, തമിഴ്നാട് പോലെയുള്ള ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന വാഴക്കുലകൾക്ക് ഇതിലും വിലക്കുറവ് ഉള്ളതിനാൽ തന്നെ സാധാരണക്കാർ ഇവ തേടിപ്പോകുന്നതാണ് കർഷകർക്ക് തിരിച്ചടിയാകുന്നത്.
40 രൂപയാണ് ഇതിന്റെ വില. എന്നാൽ, ഇവക്ക് ഗുണമേന്മ കുറവാണ്. കച്ചവടക്കാരാണ് കൂടുതൽ വകയാർ വാഴക്കുല വിപണിയിൽനിന്ന് വാഴക്കുലകൾ ലേലം ചെയ്ത് കൊണ്ടുപോകുന്നത്.
കായംകുളം, കോട്ടയം, പത്തനാപുരം, പുനലൂർ തുടങ്ങി പലസ്ഥലങ്ങളിൽനിന്നും ഇവിടെ കച്ചവടക്കാരെത്തി വാഴക്കുല വാങ്ങുന്നുണ്ട്. വാശിയേറിയ ലേലം വിളികളിൽ കൂടിയാണ് ഇത് സ്വന്തമാക്കുക. വാഴക്കുലകൾ കൂടാതെ കുമ്പളം, കപ്പ, കാച്ചിൽ, ചേന തുടങ്ങിയവയെല്ലാം വിപണിയിൽ വിറ്റഴിക്കപ്പെടുന്നുണ്ട്.
അരുവാപ്പുലം, കോന്നി, പ്രമാടം ഗ്രാമപഞ്ചായത്തുകളിലെ കർഷകരാണ് ഏറ്റവും കൂടുതൽ ഇവിടെ കാർഷിക ഉൽപന്നങ്ങൾ വിറ്റഴിക്കുന്നത്. ഓണം മുന്നിൽക്കണ്ട് കൃഷിയിറക്കിയ കർഷകർ ഏത്തക്കുല കച്ചവടത്തിനേറ്റ തിരിച്ചടിമൂലം ഏറെ ബുദ്ധിമുട്ടിലാണ്. മൂവായിരത്തിൽ അധികം വാഴക്കുല ഒരുദിവസം വിപണിയിൽ വിറ്റഴിക്കപ്പെടുന്നുണ്ട്. വന്യമൃഗശല്യം മൂലം കർഷകർ ബുദ്ധിമുട്ടുമ്പോൾ ഇറക്കുമതി ചെയ്യുന്ന വാഴക്കുലകൾ മൂലം കർഷകർക്ക് വേണ്ടത്ര ലാഭം ലഭിക്കാതെ വരുമ്പോൾ ഇനി എന്തെന്ന ചോദ്യം മാത്രമാണ് ബാക്കിയെന്നും കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.