സഞ്ചാരികളെക്കാത്ത് അടവിയിലെ മുളങ്കുടിലുകൾ
text_fieldsകോന്നി: ലക്ഷങ്ങൾ മുടക്കിയെങ്കിലും സഞ്ചാരികളെ കാത്തിരിക്കുകയാണ് മുളങ്കുടിലുകൾ.
വനംവകുപ്പ് ഡി.ടി.പി.സിയുമായി ചേർന്ന് എഴുപത്തിയൊമ്പത് ലക്ഷത്തോളം രൂപ മുടക്കിയാണ് അടവിയിലെ ആറ് മുളങ്കുടിലുകൾ നിർമിച്ചിരിക്കുന്നത്. 2016 ഫെബ്രുവരി 22നായിരുന്നു നാടിന് ഇവ സമർപ്പിച്ചത്. സംസ്കരിച്ച് ബലപ്പെടുത്തിയ മുള, ബാംബൂപ്ലേ, ഫ്ലാറ്റൻറ് ബോർഡ്, ബാംബൂ ടൈൽ എന്നിവ ഉപയോഗിച്ചാണ് നിർമാണം.
ബാംബൂ കോർപറേഷെൻറ കോഴിക്കോട്, അങ്കമാലി ഫാക്ടറികളിൽനിന്നാണ് ഇവ എത്തിച്ചിരുന്നത്. ഓരോ കുടിലുകളിലും കുടുംബത്തിന് താമസിക്കാൻ സൗകര്യപ്രദമായ രീതിയിൽ കിടപ്പുമുറി വരാന്ത, ശൗചാലയം, ഡൈനിങ് ഹാൾ എന്നിവ നിർമിച്ചിട്ടുണ്ട്. മുമ്പ് നിർമിച്ച ഭാഗങ്ങൾ ജീർണാവസ്ഥയിലായതിനാൽ അറ്റകുറ്റപ്പണി നടത്തി പുനരുദ്ധരിച്ചിരിക്കുകയാണിപ്പോൾ.
കല്ലാറിെൻറ തീരത്ത് ഒരുക്കിയിരിക്കുന്ന മുളങ്കുടിലുകളിൽ നിന്ന് പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെതുടർന്ന് ആളുകൾ എത്തിയിരുന്നില്ലെങ്കിലും വിനോദസഞ്ചാരികൾ എത്തുമ്പോൾ അവരെ വരവേൽക്കാൻ സജ്ജമാണ് മുളങ്കുടിലുകൾ.
കല്ലാറിെൻറ തീരത്ത് 20 അടി ഉയരത്തിൽ ഇരുമ്പു പൈപ്പുകളിലാണ് മുളങ്കുടിലുകൾ. മരത്തിെൻറ ശിഖരങ്ങളോ വള്ളിപ്പടർപ്പുകളോ വെട്ടിമാറ്റാതെയാണ് ഹണിമൂൺ കോട്ടേജ് ഉൾെപ്പടെ അഞ്ച് ഏറുമാടങ്ങൾ നിർമിച്ചിട്ടുള്ളത്.
ഒരോ ഏറുമാടത്തിെൻറയും വരാന്തകളിലിരുന്നാൽ വനത്തിൽനിന്ന് വെള്ളം കുടിക്കാനെത്തുന്ന വന്യമൃഗങ്ങളെയും ഇവയുടെ കല്ലാറ്റിലെ നീരാട്ടും കാണാം.
പുലർകാലത്ത് സഹ്യപർവത മലനിരകളിൽനിന്ന് പെയ്തിറങ്ങുന്ന കോടമഞ്ഞും കല്ലാറ്റിലെ തണുത്ത വെള്ളത്തിലെ കുളിയും മുളങ്കുടിലുകളിൽ താമസിക്കുന്നവർക്ക് വലിയ അനുഭവമാണ് സമ്മാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.