മെഡിക്കല്‍ കോളജില്‍ മികച്ച പഠന സൗകര്യം -എം.എല്‍.എ
text_fieldsകോന്നി: കാനന സൗന്ദര്യവും, പ്രകൃതി മനോഹാരിതയും വിസ്മയം സൃഷ്ടിക്കുന്ന കോന്നി മെഡിക്കല്‍ കോളജ് കാമ്പസില്‍ ഏറ്റവും മികച്ച പഠന സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്ന് കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. മെഡിക്കല്‍ കോളജിന് ദേശീയ മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി ലഭിച്ചതോടെ ഉത്തരവാദിത്തങ്ങള്‍ വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളജിന് നിലവില്‍ 50 ഏക്കര്‍ ഭൂമി മാത്രമാണുള്ളത്. കൂടുതല്‍ ഭൂമി ലഭ്യമാക്കിയെങ്കില്‍ മാത്രമേ തുടര്‍വികസനം യാഥാർഥ്യമാവുകയുള്ളു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കും.
മെഡിക്കല്‍ കോളജ് വികസനത്തിനായി തയാറാക്കിയിട്ടുള്ള മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് തന്നെ തുടര്‍വികസനവും സാധ്യമാക്കേണ്ടതുണ്ട്. ഇതിനായി സര്‍ക്കാറിനെ സമീപിച്ച് തീരുമാനമുണ്ടാക്കും. അധ്യയനം ആരംഭിക്കുന്നതോടെ കൂടുതല്‍ ഡോക്ടര്‍മാരും, ജീവനക്കാരും ഇവിടേക്ക് വരും. അവരുടെ താമസ സൗകര്യം ഉറപ്പാക്കാന്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കും. സ്ഥലം മാറി എത്തുന്ന ജീവനക്കാരുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസ സൗകര്യം കോന്നിയിലും പരിസര പ്രദേശങ്ങളിലും ഒരുക്കി നൽകാൻ വിദ്യാഭ്യാസ സ്ഥാപന മേധാവിമാരുമായി ചര്‍ച്ച നടത്തും.
റോഡ് വികസനം, ഗതാഗതസൗകര്യം ഉറപ്പാക്കല്‍, മെഡിക്കല്‍ കോളജ് ബസ് സ്റ്റാൻഡ് നിര്‍മാണം, പുതിയ പൊലീസ് സ്റ്റേഷന്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കല്‍ ഇവയെല്ലാം അടിയന്തര പ്രാധാന്യത്തോടെ ചെയ്തു തീര്‍ക്കേണ്ട പ്രവര്‍ത്തനങ്ങളാണ്. ഒന്നാം ഘട്ട നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നടത്തിയ ഇടപെടല്‍ രണ്ടാം ഘട്ട നിര്‍മാണത്തിലും തുടരുമെന്നും എം.എല്‍.എ പറഞ്ഞു.
ആദ്യവർഷ ക്ലാസ് തുടങ്ങാൻ യുദ്ധകാല നടപടി
കോന്നി: മെഡിക്കൽ കമീഷന്‍റെ അനുമതി വാങ്ങി ഈ വർഷം തന്നെ ക്ലാസുകൾ തുടങ്ങാൻ കോന്നിയിൽ യുദ്ധകാല നടപടികളാണ് നടത്തിയത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം എം.എൽ.എയുടെ ചുമതലയില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി. തുടര്‍ന്ന് 350 കോടി രൂപകൂടി വേണമെന്ന് കണ്ടെത്തി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 240 കോടി രൂപ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ബാക്കി ഉപകരണങ്ങള്‍ക്ക് വേണ്ടിയും കിഫ്ബിയിൽനിന്ന് അനുവദിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രത്യേക താൽപര്യമെടുത്ത് ഉപകരണങ്ങൾ എത്തിച്ചു. ആദ്യഘട്ട പരിശോധനയിലെ പോരായ്മകൾ പരിഹരിച്ച് വീണ്ടും റിപ്പോര്‍ട്ട് നല്‍കി. അപ്പീൽ നല്‍കി രണ്ട് മാസത്തിനുള്ളിൽ ഓണ്‍ലൈൻ ഹിയറിങ് നടത്തിയാണ് മെഡിക്കൽ കോളജിന് അനുമതി നേടിയെടുത്തത്.
കോവിഡ് കാലത്ത് പ്രതിസന്ധികളെ തരണംചെയ്ത് ഒ.പി, ഐ.പി, അത്യാഹിത വിഭാഗം എന്നിവ ആരംഭിച്ചു. മൈനർ ഓപറേഷൻ തിയറ്റർ, ലാബ്, ഫാര്‍മസി, ഇ-ഹെല്‍ത്ത്, കാരുണ്യ മെഡിക്കൽ സ്റ്റോർ, ബ്ലെഡ് സ്റ്റോറേജ് യൂനിറ്റ്, അനാട്ടമി വിഭാഗം ലാബ്, അനാട്ടമി മ്യൂസിയം, ലൈബ്രറി, ലെക്ചർ തിയറ്റർ, ഫാര്‍മക്കോളജി വിഭാഗം ലാബ്, ബയോ കെമിസ്ട്രി വിഭാഗം ലാബ്, ഫിസിയോളജി ലാബ്, പ്രിന്‍സിപ്പലിന്‍റെ കാര്യാലയം, പരീക്ഷ ഹാൾ, ലെക്ചർ ഹാൾ, പാത്തോളി വിഭാഗം ലാബ്, മൈക്രോബയോളജി ലെക്ചർ ഹാൾ, ഫര്‍ണിച്ചറുകൾ, ലൈബ്രറി ബുക്കുകൾ, സ്പെസിമെനുകൾ, പഠനോപകരണങ്ങൾ, ആശുപത്രി വികസന സമിതി (എച്ച്.ഡി.എസ്) എന്നിവ സാധ്യമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.