കോന്നിയിലെ വീടുകളിൽ മോഷണം; രണ്ടു ലക്ഷം കവർന്നു
text_fieldsകോന്നി: കോന്നി വട്ടക്കാവിൽ രണ്ട് വീടുകളിൽ മോഷണം. 2,02,500 രൂപ അപഹരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലും പുലർച്ചയുമാണ് മോഷണം നടന്നത്. വട്ടക്കാവ് സഫിയ മൻസിലിൽ നിയാസിന്റെ വീടിന്റെ അടുക്കള കതക് തുറന്ന് അകത്തുകടന്ന മോഷ്ടാക്കൾ മുറിക്കുള്ളിൽ മേശ വലിപ്പിൽ നിന്ന് രണ്ട് ലക്ഷം രൂപ അപഹരിക്കുകയായിരുന്നു. ചിട്ടിനടത്തിപ്പ്, പള്ളി, മത്സ്യവ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട പണമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.
മേശയുടെ താക്കോൽ എടുത്ത് വലിപ്പ് തുറന്ന് പണം അടങ്ങിയ ബാഗുകൾ എടുത്ത കള്ളൻ പണം എടുത്ത ശേഷം ബാഗുകൾ അടുക്കള ഭാഗത്ത് ഉപേക്ഷിച്ചിരുന്നു. രാവിലെ വീട്ടുകാർ ഉണർന്നപ്പോൾ മുറി അലങ്കോലപ്പെട്ട് കിടക്കുന്നത് കണ്ടു നടത്തിയ പരിശോധനയിൽ ആണ് വിവരം അറിയുന്നത്. കോന്നി പൊലീസ് സംഘം, വിരലടയാള വിദഗ്ധർ, ഫോറൻസിക് വിഭാഗം, സയന്റിഫിക് വിഭാഗം, ഡോഗ് സ്ക്വാഡ് തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി.
സമീപത്തെ വീടായ ഇളവും മഠത്തിൽ ഭാസ്കരന്റെ വീടിന്റെ അടുക്കള കതക് പൊളിച്ച് അകത്ത് കയറിയ കള്ളന്മാർ 2500 രൂപയും അപഹരിച്ചു. ഇതിന് അടുത്ത വീട്ടിലെ പാലത്തുംപാടം വീട്ടിൽ ഭാസ്കരന്റെ വീട്ടിലും മോഷണ ശ്രമം ഉണ്ടായി. അടുക്കള ഭാഗത്തെ കതക് കുത്തിപ്പൊളിക്കാൻ ശ്രമിച്ചപ്പോൾ വീട്ടുകാർ ഉണർന്നതിനാൽ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.