കഞ്ചാവ് മാഫിയ സജീവം; കോന്നിയിൽ ലഹരി പുകയുന്നു
text_fieldsകോന്നി: ഇതര സംസ്ഥാനങ്ങളിൽനിന്നും ജില്ലകളിൽനിന്നും കഞ്ചാവും മറ്റ് ലഹരി ഉൽപന്നങ്ങൾ വലിയ തോതിൽ എത്താൻ തുടങ്ങിയതോടെ കോന്നിയിൽ കഞ്ചാവ് മാഫിയ പിടിമുറിക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് നിർമാണം നടക്കുന്ന കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പരിസരത്തുനിന്ന് എക്സൈസ് കഞ്ചാവ് പിടികൂടിയത്. ഉദ്യോഗസ്ഥർ വരുന്നതുകണ്ട് പ്രതികൾ കടന്നുകളഞ്ഞു.
ആഗസ്റ്റിൽ മൂന്നും ഈ മാസം ഒരു കേസുമാണ് കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട് കോന്നി എക്സൈസ് റേഞ്ച് സംഘം രജിസ്റ്റർ ചെയ്തത്. ജില്ലക്ക് പുറത്തുനിന്ന് എത്തിക്കുന്ന കഞ്ചാവ് ആവശ്യക്കാർക്ക് വിറ്റഴിക്കുന്നതായി എക്സൈസ് നടത്തിയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ, ആൾതാമസമില്ലാത്ത സ്ഥലങ്ങൾ എന്നിവിടങ്ങളാണ് ലഹരി മാഫിയ താവളമാക്കുന്നത്. കോന്നിയിൽ നിർമാണം നടക്കുന്ന കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരം കേന്ദ്രീകരിച്ച് മുമ്പും എക്സൈസ് പരിശോധന നടത്തിയിരുന്നു. എന്നാൽ, പലപ്പോഴും പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ല. ഇത്തവണയും കഞ്ചാവ് മാത്രമാണ് ലഭിച്ചത്. പ്രതികൾ കഞ്ചാവ് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
മലയോര മേഖല കേന്ദ്രീകരിച്ചും കഞ്ചാവ് മാഫിയ സജീവമാകുന്നു എന്നാണ് ലഭിക്കുന്ന വിവരം. സ്കൂളുകളിൽ അടക്കം വിവിധ രൂപങ്ങളിലാണ് ലഹരി വസ്തുക്കൾ വിദ്യാർഥികളിലേക്ക് എത്തിക്കുന്നത്. കോന്നി കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സ്റ്റേഷനിലെ ബേക്കറി കേന്ദ്രീകരിച്ചും ലഹരി വില്പന വ്യാപകമാകുന്നതായി ബന്ധപ്പെട്ടവർക്ക് പരാതി ലഭിച്ചിരുന്നു. അന്തർ സംസ്ഥാന തൊഴിലാളികൾക്ക് ഇടയിലും കഞ്ചാവ് ഉപയോഗം വർധിക്കുന്നതായാണ് അറിയാൻ കഴിയുന്നത്.
ഇവർ താമസിക്കുന്ന ക്യാമ്പുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കേണ്ടത് ആവശ്യമാണ്. എക്സൈസും പൊലീസും നടത്തുന്ന പരിശോധന മാഫിയ അറിയുന്നത് കൊണ്ടാണ് രക്ഷപ്പെടുന്നതെന്നും ബന്ധപ്പെട്ടവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.