സന്ദർശകർ ക്ഷമിക്കണം; ആനകൾക്കും വേണം വ്യായാമം
text_fieldsകോന്നി: കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ സമയക്രമത്തിൽ മാറ്റംവരുത്തി വനം വകുപ്പ്. ആനത്താവളത്തിലെ ആനകളുടെ വ്യായാമത്തിന്റെ ഭാഗമായാണ് സമയക്രമത്തിൽ മാറ്റംവരുത്താൻ വനം വകുപ്പ് അധികൃതർ തീരുമാനിച്ചത്.
രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ ആയിരുന്നു ഇതുവരെ കോന്നി ഇക്കോ ടൂറിസം സെന്റർ പ്രവർത്തിച്ചിരുന്നത്. എന്നാൽ, മന്ത്രിതലത്തിൽ നടന്ന ചർച്ചയിലാണ് കോന്നി ആനത്താവളത്തിലെ ആനകളുടെ ആരോഗ്യ പരിപാലനത്തിൽ പ്രത്യേക ശ്രദ്ധ വേണം എന്നതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനം 9.30 മുതൽ 6.30 വരെയാക്കുകയായിരുന്നു. രാവിലെ മുതൽ 9.30 വരെ ആനകൾക്ക് ആനത്താവളത്തിനുള്ളിൽ നടക്കാനുള്ള സൗകര്യം ഒരുക്കും. ഇതുമൂലം ആനകളുടെ ആരോഗ്യ പരിപാലനത്തിൽ വലിയ മാറ്റം ഉണ്ടാകുമെന്നും വനം വകുപ്പ് കരുതുന്നു.
നടപ്പ് കുറഞ്ഞു; ആരോഗ്യം ക്ഷയിച്ചു
കോന്നി ആനത്താവളത്തിലെ ആനകൾക്ക് കൂടുതൽ ദൂരം നടക്കാൻ കഴിയുന്നില്ലെന്നും ആനകൾക്ക് ആവശ്യമായ വ്യായാമം ലഭിക്കുന്നില്ലെന്നും വ്യാപകമായ പരാതി ഉയർന്നിരുന്നു. മുമ്പ് കോന്നി ആനത്താവളത്തിലേ ആനകളെ അച്ചൻകോവിൽ നദിയിൽ കുളിപ്പിക്കാൻ കൊണ്ടുപോയിരുന്നപ്പോൾ ആനകൾ ഏറെ ദൂരം നടന്നിരുന്നു. എന്നാൽ, ഇതും ഇല്ലാതെ വന്നത് ആനകളുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിരുന്നു.
പുനരധിവാസ പദ്ധതിയും ആലോചനയിൽ
കോന്നി ആനത്താവളത്തിലെ ആനകൾക്ക് പുനരധിവാസ പദ്ധതിയും ആലോചിക്കുന്നുണ്ട്. കോന്നി കുമ്മണ്ണൂരിൽ ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ആനകൾക്ക് നടക്കാനാവശ്യമായ സ്ഥലമാണ് ഇവിടെ ഒരുക്കുന്നത്.
ഇതിന്റെ നടപടികൾ വകുപ്പുതലങ്ങളിൽ പുരോഗമിക്കുകയാണ്. മുമ്പ് കോന്നി-തണ്ണിത്തോട് റോഡിൽ പേരുവാലി ഭാഗം കേന്ദ്രീകരിച്ച് ആനകളുടെ പുനരധിവാസത്തിനായി സ്ഥലം കണ്ടെത്തിയിരുന്നുവെങ്കിലും ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധനയിൽ പദ്ധതിക്ക് അനുയോജ്യമല്ലെന്ന് കണ്ടെത്തുകയും ഇവിടെ ഈ പദ്ധതി നടപ്പാക്കാൻ കഴിയാതെ വരുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.