അത്തപ്പൂക്കളത്തിന് അഴകേറും അരുവാപ്പുലത്ത് ബന്ദിപ്പൂ വസന്തം
text_fieldsകോന്നി: ഇന്ന് ചിങ്ങം ഒന്ന്. മലയാള മാസത്തിന്റെ തുടക്കം. മലയാളി ഓണാഘോഷത്തിലേക്ക് തിരിയുന്ന ദിനം. പൂക്കളുടെയും വർണങ്ങളുടെയും ദിനങ്ങളാണ് ഇനി കടന്നുവരുന്നത്. ആഘോഷവേളകൾക്കായി ജില്ലക്ക് പൂക്കൾ തേടി അന്തർ സംസ്ഥാനത്തെ ആശ്രയിക്കേണ്ട. മലയോര മണ്ണിൽ അത്തപൂക്കളമിടാൻ അരുവാപ്പുലം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ബന്ദിപ്പൂ (ചെണ്ടുമല്ലി) പൂക്കൾ വിടർന്നുകഴിഞ്ഞു. അരുവാപ്പുലം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ തുടർച്ചയായ രണ്ടാംവർഷവും നടത്തിയ ബന്ദിപ്പൂ കൃഷി വിജയം കൈവരിച്ചു. ഒരുലക്ഷം രൂപ ചെലവിലാണ് ഓണക്കാലം ലക്ഷ്യമിട്ട് കൃഷി നടത്തിയത്. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകൾ, കൃഷിക്കൂട്ടങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ മൂന്ന് പാടങ്ങളിലാണ് നടത്തിയത്. മൂന്ന് മാസത്തിനുള്ളിൽ വിളവെടുപ്പിന് പാകമാകുന്ന ഹൈബ്രിഡ് ഇനത്തിൽപെട്ട 12,000 തൈകളാണ് നട്ടത്.
ജൂൺ മാസത്തിൽ ആരംഭിച്ച കൃഷി ഇപ്പോൾ വിളവെടുപ്പിന് പാകമായി വരുന്നു. ചിങ്ങം 18ന് വിളവ് എടുക്കാനാണ് തീരുമാനമെന്ന് കൃഷി ഓഫിസർ നസീറ ബീഗം പറഞ്ഞു. 200കിലോ ബന്ദിപ്പൂക്കൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ കോളജുകളും സ്കൂളുകളും ഓണാഘോഷ പരിപാടിക്കായി പൂക്കൾ വാങ്ങുന്നതിന് ഇപ്പോൾതന്നെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ബന്ദിപ്പൂ പാടം കാണാനും സെൽഫിയെടുത്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാനും നിരവധി ആളുകളാണ് എത്തുന്നത്.
പൂ പാടത്ത് സെൽഫി പോയന്റ് ഒരുക്കുന്നതിനും ബന്ധപ്പെട്ടവർ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം വകയാർ കൊല്ലൻപടിയിലായിരുന്നു ബന്ദിപ്പൂ പാടം ഒരുക്കിയിരുന്നത്. മൂന്ന് ഏക്കറോളം സ്ഥലത്ത് അന്ന് ചെയ്തിരുന്ന കൃഷി കാണുവാൻ കലക്ടർ ഡോ. ദിവ്യ എസ്. അയ്യരും എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.