കോന്നി മെഡിക്കൽ കോളജ് ആശുപത്രി കെട്ടിട നിർമാണം പുരോഗമിക്കുന്നു
text_fieldsകോന്നി: കോന്നി ഗവ. മെഡിക്കൽ കോളജിൽ ഏഴ് നിലയിലായി പണിയുന്ന പുതിയ ആശുപത്രി കെട്ടിട സമുച്ചയത്തിന്റെ നിർമാണം പുരോഗമിക്കുന്നു. ഒന്നര ലക്ഷം സ്ക്വയർ ഫീറ്റിൽ അത്യാധുനിക സംവിധാനങ്ങളോടുകൂടി നിർമിക്കുന്ന പുതിയ ആശുപത്രി കെട്ടിടത്തിൽ 200 കിടക്കയാണ് സജ്ജമാക്കുന്നത്. നിർമാണ പുരോഗതി അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ വിലയിരുത്തി. നിലവിൽ 300 കിടക്കയോടുകൂടിയ കെട്ടിടം പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
എല്ലാ നിലകളുടെയും നിർമാണം നിലവിൽ പൂർത്തിയായിട്ടുണ്ട്. പ്ലാസ്റ്ററിങ്, പ്ലംബിങ് ജോലികളാണ് പുരോഗമിക്കുന്നത്. ശേഷിക്കുന്നവ അടിയന്തരമായി പൂർത്തീകരിക്കണമെന്ന് എം.എൽ.എ കരാർ കമ്പനി അധികൃതർക്ക് നിർദേശം നൽകി.
നിർമാണം പൂർത്തിയാകുന്നതോടെ ഒന്നാം നിലയിൽ റിസപ്ഷൻ, ഫാർമസി, നേത്രരോഗ വിഭാഗത്തിന്റെയും അസ്ഥിരോഗ വിഭാഗത്തിന്റെയും ഒ.പി വിഭാഗം തുടങ്ങിയവ പ്രവർത്തിക്കും. രണ്ടാം നിലയിൽ ജനറൽ സർജറി, ഇ.എൻ.ടി, ടി.ബി ആൻഡ് റസ്പിറേറ്ററി വിഭാഗം തുടങ്ങിയവയുടെ ഒ.പിയാണ് പ്രവർത്തിക്കുക.
മൂന്നാം നിലയിൽ ജനറൽ സർജറി, അസ്ഥിരോഗ വിഭാഗം, ഇ.എൻ.ടി ഡിപ്പാർട്മെന്റുകൾ, നാലാം നിലയിൽ ജനറൽ സർജറി, നേത്രരോഗ വിഭാഗം, അഞ്ചാം നിലയിൽ ജനറൽ സർജറി വാർഡും ഇ.എൻ.ടി വാർഡും പ്രവർത്തിക്കും. ആറാം നിലയിൽ അസ്ഥിരോഗ വിഭാഗം, ത്വഗ്രോഗവിഭാഗം എന്നിവയുടെ രണ്ട് വാർഡുകൾ വീതം, ഏഴാം നിലയിൽ ഐസൊലേഷൻ വാർഡ് എന്നിങ്ങനെയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
പുതിയ കെട്ടിടം കൂടി പ്രവർത്തനക്ഷമമാകുന്നതോടെ 500 രോഗികളെ ഒരേ സമയം കിടത്തിച്ചികിത്സിക്കാൻ കഴിയും. കിഫ്ബിയിൽനിന്ന് അനുവദിച്ച 352 കോടി ഉപയോഗിച്ചുള്ള വിവിധ നിർമാണമാണ് പുരോഗമിക്കുന്നത്.മെഡിക്കൽ കോളജിലേക്ക് ചികിത്സതേടി എത്തുന്ന രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ അടിസ്ഥാന സൗകര്യവും വർധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഒ.പി ടിക്കറ്റ് ബുക്കിങ്ങിന് ഇ-ഹെൽത്ത് സംവിധാനം ഏർപ്പെടുത്തി. ഇത് ഉപയോഗിച്ച് വീട്ടിൽ ഇരുന്നും ഒ.പി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും.
നൂറുകണക്കിന് രോഗികൾ ദൈനംദിനം എത്തുന്ന ഇവിടെ രാവിലെ മുതൽ വൻ തിരക്കാൻ അനുഭവപ്പെടുന്നത്. ഓൺലൈൻ ബുക്കിങ് സംവിധാനം പ്രയോജനപ്പെടുത്തുന്നതിലൂടെ ഒ.പി ടിക്കറ്റ് കൗണ്ടറിന് മുന്നിലെ തിക്കും തിരക്കും കുറയ്ക്കാൻ കഴിയും. സേവനം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജനീഷ് കുമാ എം.എൽ.എ നിർദ്ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.