കോവിഡ്: പുറം കാണാതെ തണ്ണിത്തോട് നിവാസികൾ
text_fieldsകോന്നി: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ സാധാരണക്കാരായ മലയോര നിവാസികൾ പുറം ലോകം കാണാൻ കഴിയാത്ത അവസ്ഥയിൽ.
കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് നിയന്ത്രണങ്ങൾ അനിവാര്യമെങ്കിലും പൊതു ഗതാഗത സംവിധാനത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല. എന്നാൽ, ജനങ്ങൾ പുറത്തിറങ്ങാതായതോടെ തണ്ണിത്തോട്,തേക്കുതോട്,കരിമാൻതോട് റൂട്ടിൽ സർവിസ് നടത്തിയിരുന്ന സ്വകാര്യ ബസുകൾ അടക്കം സർവിസ് വെട്ടിക്കുറച്ചതും ചിലയിടങ്ങളിൽ സർവിസ് അവസാനിപ്പിച്ചതുമാണ് മലയോര മേഖലകളിലെ ജനങ്ങളെ ദുരിതത്തിലാക്കിയത്.
കോവിഡ് വ്യാപനം ആരംഭിച്ചപ്പോൾ തന്നെ വരുമാനം കുറവ് എന്ന കാരണത്താൽ നിർത്തലാക്കിയതാണ് മലയോര മേഖലയിൽ കെ.എസ്.ആർ.ടി.സി സർവിസുകൾ. ഇതും മലയോര മേഖലയിലെ സാധാരണക്കാരായ യാത്രക്കാരെ സാരമായി ബാധിച്ചു. സ്വന്തമായി ഇരുചക്ര വാഹനങ്ങളെങ്കിലും ഉള്ളവർ മാത്രമാണ് ഇപ്പോൾ പുറം ലോകത്തേക്ക് വരുന്നത്. തണ്ണിത്തോട് പഞ്ചായത്തിലെ പൂച്ചക്കുളം, തൂമ്പാക്കുളം,മണ്ണീറ തലമാനം, ഏഴാംതല,ശ്രീലങ്ക മുരുപ്പ് തുടങ്ങിയ ഉൾപ്രദേശങ്ങളിൽ താമസിക്കുന്ന സാധാരണക്കാർ ഇപ്പോൾ പുറത്തിറങ്ങിയിട്ട് ദിവസങ്ങളായി. ഇതോടെ ബാങ്ക് ഇടപാടുകൾ അടക്കമുള്ള ജനങ്ങളുടെ ആവശ്യങ്ങൾ നടക്കാതെ ആയിരിക്കുകയാണിപ്പോൾ.
ദിവസേന വിവിധ പ്രദേശങ്ങളിലേക്ക് ജോലിക്ക് പോകുന്നവരും പ്രതിസന്ധിയിലായി. ദിവസ വേതനത്തിൽ ജോലി ചെയ്യുന്ന ആളുകളും ജോലി ഇല്ലാതെ ബുദ്ധിമുട്ടിലായി. കോന്നിയിൽനിന്ന് ബസിന് തണ്ണിത്തോട് ഭാഗത്തേക്കും കൊക്കാത്തോട് ഭാഗത്തേക്കും മറ്റും സഞ്ചരിക്കാൻ ബസിൽ മുപ്പത് രൂപയിൽ താഴെയാണ് ചെലവായിരുന്നതെങ്കിൽ കോന്നിയിൽനിന്ന് തണ്ണിത്തോട് ഭാഗത്തേക്ക് പോകുന്നതിന് ഓട്ടോറിക്ഷയിൽ 500 രൂപയിലേറെ ചെലവാകുന്നുണ്ട്. രാത്രി യാത്രക്കാരാണ് ഇത് മൂലം കൂടുതൽ ബുദ്ധിമുട്ടിലാകുന്നത്.
ബസ് സർവിസ് കുറവായത് മൂലം ഏതെങ്കിലും ഇരുചക്ര വാഹനങ്ങളെ ആശ്രയിച്ച് പുറംലോകത്തേക്ക് കടക്കാമെന്ന് വെച്ചാൽ ബൈക്കിൽ പിന്നിൽ സഞ്ചരിക്കുന്ന ആളിന് ഹെൽമെറ്റ് വേണമെന്ന നിയമവും കോവിഡ് ഭയന്ന് ആളുകൾ വാഹനങ്ങൾ നിർത്താതെ പോകുന്നതും പതിവാണ്. സർവിസ് നടത്തുന്ന ബസുകളിൽ ആളുകളെ നിർത്തി കൊണ്ടുപോകരുത് എന്ന നിയമം നിലനിൽക്കുന്നതിനാൽ നാമമാത്രമായ ബസുകൾ സർവിസ് നടത്തിയിട്ടും പ്രയോജനം ചെയ്യുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
സ്വകാര്യ ബസുകളോടൊപ്പം തന്നെ കെ.എസ്.ആർ.ടി.സി ബസുകളും സർവിസ് നടത്തിയെങ്കിൽ മാത്രമേ മലയോര ജനതയുടെ യാത്രാ ക്ലേശത്തിന് പരിഹാരമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.