'ഓപറേഷൻ റേസ്' പരിശോധനയുമായി മോട്ടോർ വാഹനവകുപ്പ്
text_fieldsകോന്നി: കേരള മോട്ടോർ വാഹനവകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഓപറേഷൻ റേസിന്റെ ഭാഗമായി കോന്നി താലൂക്കിൽ പരിശോധന നടത്തി. 78 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിൽ 1,18,000 രൂപ ഈടാക്കുന്നതിന് നടപടി സ്വീകരിച്ചു. സുരക്ഷയെ ബാധിക്കുന്ന വിധത്തിൽ അനധികൃത രൂപമാറ്റം നടത്തിയ വാഹനങ്ങൾ ഏഴുദിവസത്തിനകം പൂർവസ്ഥിതിയിലാക്കി പരിശോധനക്ക് ഹാജരാക്കാത്തപക്ഷം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനും നിർദേശം നൽകി. പരിശോധന സമയത്ത് വാഹനം നിർത്താതെപോവുക, അപകടകരമായി ഡ്രൈവിങ് നടത്തുന്ന വാഹനങ്ങൾ സിഗ്നൽ നൽകിയിട്ടും നിർത്താതെപോവുക എന്നിവ ശ്രദ്ധയിൽപെട്ടാൽ തൊട്ടടുത്ത ദിവസം വാഹന ഉടമകൾക്കെതിരെ ചെല്ലാൻ തയാറാക്കും.
അപകടകരമായ വിധമോ അമിതവേഗത്തിലോ നിരന്തരമായി വാഹനം ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ വാഹന നമ്പർ, ഫോട്ടോ, വിഡിയോ എന്നിവ അതത് ജോയന്റ് ആർ.ടി.ഒ, എൻഫോഴ്‌സ്മെന്റ് ആർ.ടി.ഒ എന്നിവർക്ക് സന്ദേശം അയക്കാം. ഇതിനുള്ള മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്.
പത്തനംതിട്ട ആർ.ടി.ഒ ദീലു എ.കെയുടെ നിർദേശാനുസരണം കോന്നി ജോയന്റ് ആർ.ടി.ഒ സി. ശ്യാം, എം.വി.ഐ കെ.ജെ. ഷിബു എന്നിവരുടെ നേതൃത്വത്തിൽ നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. പത്തനംതിട്ട എം.വി.ഐമാരായ അജയകുമാർ, സൂരജ്, ശരത് ചന്ദ്രൻ, റാന്നി എം.വി.ഐ സുരേഷ് തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.