ജനപ്രതിനിധികളില്ല; കോന്നി താലൂക്കിലെ വികസന സമിതി യോഗം പ്രഹസനം
text_fieldsകോന്നി: 11 പഞ്ചായത്തുകൾ ഉൾപ്പെട്ട കോന്നി താലൂക്കിലെ ശനിയാഴ്ച നടന്ന വികസന സമിതി യോഗത്തിൽ പങ്കെടുത്തത് മൂന്ന് ജനപ്രതിനിധികൾ മാത്രം. മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി. നായർ, തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ. ശാമുവൽ, ചിറ്റാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവികല എന്നിവർ മാത്രമാണ് കോന്നി താലൂക്ക് വികസന സമിതിയിൽ പങ്കെടുത്തത്. കെ.യു. ജനീഷ്കുമാർ എം.എൽ.എയും പങ്കെടുത്തില്ല.
കഴിഞ്ഞ വികസന സമിതിയിൽ പഞ്ചായത്ത് പ്രസിഡന്റ്മാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഈ വികസന സമിതിയിൽ മറുപടി നൽകിയപ്പോൾ ചോദ്യം ഉന്നയിച്ച ആൾ പോലും ഇല്ലാതെ പ്രഹസനമായി മാറി. പഞ്ചായത്തിലെ പല വിഷയങ്ങളും യോഗത്തിൽ എത്തിക്കാൻ സാധിക്കാതെയും വന്നു. മാസങ്ങളായി ഉന്നയിച്ച വിഷയങ്ങൾ തീർപ്പാക്കാതെ വികസന സമിതിയിൽ വീണ്ടും ഉന്നയിക്കേണ്ടി വരുന്നുവെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. കോന്നി മെഡിക്കൽ കോളജ് ആശുപത്രിയുമായി ബന്ധെപ്പട്ട വിഷയങ്ങൾ ആയിരുന്നു കോന്നി താലൂക്ക് വികസന സമിതിയിൽ കൂടുതലായും ഉന്നയിക്കപ്പെട്ടത്. എന്നാൽ, ഇതിന് മറുപടി നൽകാൻ കോന്നി മെഡിക്കൽ കോളജിലെ ഒറ്റ ഉദ്യോഗസ്ഥൻ പോലും യോഗത്തിൽ പങ്കെടുത്തില്ല.
തീരുമാനങ്ങൾ നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദേശം
അടൂർ: തീരുമാനങ്ങൾ നടപ്പാക്കാത്ത വകുപ്പുതല ഉദ്യോഗസ്ഥർക്കെതിരെ നടപടി കൈക്കൊള്ളാൻ അതത് വകുപ്പ് തല മേധാവികൾക്ക് നിർദേശം നൽകി അടൂർ താലൂക്ക് വികസന സമിതി യോഗം. മഴക്കാലമായതോടെ അടൂർ താലൂക്ക് പരിധിയിലെ പകർച്ചവ്യാധികളുടെ പിടിയിലായ പ്രദേശങ്ങളിൽ ബോധവത്കരണ പരിപാടികൾ, പ്രതിരോധ മരുന്ന് വിതരണം, ശുചീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ പ്രവൃത്തികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യവകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ നടപ്പാക്കണമെന്ന് നിർദേശിച്ചു.
അടൂർ നഗരത്തിൽ മയക്കുമരുന്ന് മാഫിയയെ അമർച്ച ചെയ്യാൻ എക്സൈസിന്റെയും പൊലീസിന്റെയും പരിശോധന കർശനമാക്കേണ്ടതാണെന്ന് നിർദേശമുയർന്നു. വർധിച്ചു വരുന്ന തെരുവുനായ് ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് യോഗത്തിൽ നിർദേശമുണ്ടായി. അടൂർ നഗരത്തിലെ വൺവേ റോഡുകളിൽ കൂടി വാഹനങ്ങൾ അമിത വേഗത്തിൽ കടന്നു പോകുന്നതുമൂലം കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകുന്നുവെന്നും ട്രാഫിക്ക് പൊലീസിന്റെ സേവനം തിരക്കുകൂടിയ റോഡുകളിൽ ലഭ്യമാക്കണമെന്നും ആവശ്യം ഉയർന്നു. റോഡിലേക്ക് ഇറക്കി വെച്ച് കച്ചവടം നടത്തുന്ന കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ അടിയന്തരമായി നടപ്പാക്കണമെന്ന് യോഗം പൊതുമരാമത്ത്, കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അടൂർ പുതിയ പാലത്തിന്റെ ഇടതു ഭാഗത്തായി അനധികൃത നിർമാണം നടത്തുന്നുവെന്ന പരാതിയിന്മേൽ തഹസിൽദാരുടെ നേതൃത്വത്തിൽ നഗരസഭ അധികൃതരും ചേർന്ന് സ്ഥലപരിശോധന നടത്തുന്നതിന് തീരുമാനിച്ചു.
ആർ.ഡി.ഒ എ. തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ചു. തഹസിൽദാർ ജോൺ സാം, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മുണ്ടക്കൽ ശ്രീകുമാർ, രാജൻ സുലൈമാൻ, അടൂർ ജയൻ, വൈ. രാജൻ, സാംസൺ ഡാനിയേൽ, സജു മിഖായേൽ, വെള്ളൂർ വിക്രമൻ, കെ.ആർ. ചന്ദ്രമോഹനൻ, ശശി പൂങ്കാവ്, എം.ആർ. ജയപ്രസാദ് എന്നിവർ പങ്കെടുത്തു.
കോന്നി മെഡിക്കൽ കോളജ് അനധികൃത നിയമനം: താലൂക്ക് വികസന സമിതിയിൽ പരാതി
കോന്നി: കോന്നി മെഡിക്കൽ കോളജിൽ അനധികൃത നിയമനങ്ങൾ നടക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കോന്നി താലൂക്ക് വികസന സമിതിയിൽ ആവശ്യമുയർന്നു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി അബ്ദുൽ മുത്തലീഫാണ് ആവശ്യമുന്നയിച്ചത്. കോന്നിയിൽ തെരുവുനായ് ശല്യം രൂക്ഷമായ സാഹചര്യത്തിൽ കോന്നി മെഡിക്കൽ കോളജിൽ പേവിഷ ബാധക്കുള്ള വാക്സിൻ ലഭ്യമല്ലെന്നും ഇത് എത്തിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്നും മുത്തലീഫ് ആവശ്യപ്പെട്ടു.
കോന്നി താലൂക്ക് ആശുപത്രി കെട്ടിട നിർമാണ പ്രവർത്തനങ്ങൾ അനന്തമായി നീളുന്നത് പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുവെന്നും ഈ വിഷയത്തിൽ അടിയന്തര നടപടി ഉണ്ടാകണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. കോന്നി താലൂക്കിൽ ഡെങ്കിപ്പനി വ്യാപകമാവുകയാണ്.
ഇതിന് തടയിടാൻ അടിയന്തര നടപടി സ്വീകരിക്കണം. കോന്നി താലൂക്കിൽ സർവേയർമാരുടെ കുറവുണ്ടെന്നും ഇത് നികത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഡിജിറ്റൽ സർവേയർമാരെ നിയമിച്ചിട്ടുണ്ടെന്നും താലൂക്ക് സർവേയർമാരുടെ ഒഴിവ് നികത്താനുണ്ടെന്നും റവന്യൂ വകുപ്പ് അധികൃതർ മറുപടി നൽകി. തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ അടിയന്തരമായി ഡോക്ടർമാരുടെ കുറവ് പരിഹരിക്കണമെന്ന് തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ. ശാമുവൽ ആവശ്യപ്പെട്ടു. കല്ലേലി-കുളത്തുമൺ റോഡിൽ ടാറിങ് നടക്കുന്നതുമൂലം വാട്ടർ അതോറിറ്റി ഇളക്കിയ പൈപ്പ് ലൈൻ പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കോന്നിയിലെ സ്വകാര്യ ബസ് ജീവനക്കാർ യൂനിഫോം ധരിക്കാതെ ജോലി ചെയ്യുന്നുണ്ടെന്ന ആക്ഷേപത്തിൽ അടിയന്തര ഇടപെടൽ നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.
ജൽ ജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥാപിക്കുന്ന പൈപ്പ് ലൈനുകൾ പൂർണമായി സ്ഥാപിക്കണമെന്നും അല്ലാത്ത പക്ഷം ഇത് കുടിവെള്ളം തടസ്സപ്പെടാൻ കാരണമാകുമെന്നും യോഗം അറിയിച്ചു. മൈലപ്ര പഞ്ചായത്തിലെ പൊലീസ് സ്റ്റേഷൻ അതിർത്തി നിശ്ചയിക്കാത്തത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട് എന്ന പരാതിയിൽ ഇത് നിശ്ചയിച്ച് കിട്ടാൻ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കോന്നിയിൽ അധ്യയനവർഷം ആരംഭിച്ചതോടെ മയക്കുമരുന്ന് സംഘങ്ങൾ വ്യാപകമാകുന്നുണ്ടെന്നും ഇവരെ പിടികൂടാൻ പൊലീസും എക്സൈസും ജാഗരൂകരാകണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇരുചക്ര വാഹനങ്ങളിൽ അപകടകരമാംവിധം വേഗത്തിൽ എത്തുന്ന ചില യുവാക്കളാണ് സംഭവത്തിന് പിന്നിലെന്നും ഇവരെ പിടികൂടി നിയമത്തിന് മുന്നിൽ എത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കോന്നി പേരൂർകുളം സ്കൂളിലെ കെട്ടിട നിർമാണം സംബന്ധിച്ച് ഭൂമിയുടെ ഉറപ്പ് പരിശോധിച്ച് റിപ്പോർട്ട് കിട്ടിയ ശേഷം നിർമാണം ആരംഭിക്കുമെന്നും യോഗത്തെ അറിയിച്ചു. ചിറ്റാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവികല അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി കലക്ടർ ബി. ജ്യോതി, കോന്നി താലൂക്ക് തഹൽസിദാർ മഞ്ജുഷ, മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി. നായർ, തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ. ശാമുവൽ, രാഷ്ട്രീയ പ്രതിനിധികൾ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.