വരുമാനം ലക്ഷങ്ങൾ; എന്നിട്ടും കുട്ടവഞ്ചികളോട് അവഗണന
text_fieldsകോന്നി: ലക്ഷങ്ങൾ വരുമാനം ലഭിക്കുന്ന അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ കുട്ടവഞ്ചികൾ പഴക്കം മൂലം ജീർണാവസ്ഥയിലായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ. ഒരു വർഷം മുമ്പ് കർണാടകയിലെ ഹൊഗനക്കലിൽ നിന്ന് 27 കുട്ടവഞ്ചികൾ ആണ് എത്തിച്ചത്. ഇതിന് ശേഷം പുതിയ കുട്ടവഞ്ചികൾ എത്തിക്കുകയോ അറ്റകുറ്റപണി നടത്തുകയോ ചെയ്തിട്ടില്ല. വള്ളങ്ങൾ ഭൂരിഭാഗവും ഒടിഞ്ഞതും ജീർണാവസ്ഥയിൽ ആയവയുമാണ്.
ഈ വള്ളങ്ങളാണ് ആഴമേറിയ കല്ലാറിൽ കുട്ട വഞ്ചി സവാരിക്കായി ഉപയോഗിക്കുന്നത്. പുതിയ കുട്ടവഞ്ചികൾ എത്തിച്ച് ടാർ തേച്ച് ബലപ്പെടുത്തി വെള്ളത്തിൽ ഇറക്കിയാൽ ആറ് മാസത്തിനുള്ളിൽ തന്നെ ഇത് നശിച്ചു തുടങ്ങുമെന്നും പറയുന്നു. കാലപ്പഴക്കം ചെന്ന വള്ളങ്ങൾ ആളുകൾ കയറുമ്പോൾ ഒടിയുന്നതിനുള്ള സാധ്യതയും ഏറെയാണ്. കുട്ടവഞ്ചികൾ നാശാവസ്ഥയിൽ ആണെന്ന് അധികൃതർ അറിഞ്ഞിട്ട് മാസങ്ങളായിട്ടും പുതിയത് എത്തിക്കാൻ നടപടിയില്ല. പുതിയ കുട്ടവഞ്ചികൾ മഴയും വെയിലും ഏൽക്കാതെ സൂക്ഷിക്കാൻ കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ ഷെഡോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്തതും പെട്ടെന്ന് നശിക്കുന്നതിന് കാരണമാകുന്നുണ്ട്.
സീസൺ സമയങ്ങളിൽ മാസം ലക്ഷക്കണക്കിന് രൂപ വരുമാനം ലഭിക്കുന്നുണ്ട്. ഇത്രയധികം വരുമാനം ലഭിച്ചിട്ടും പുതിയ കുട്ടവഞ്ചികൾ എത്തിക്കുന്നതിനോ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിനോ കഴിഞ്ഞിട്ടില്ല.
കുട്ടവഞ്ചി തൊഴിലാളികൾ ഉപയോഗിക്കുന്ന യൂനിഫോം പോലും കീറിനശിച്ചു. പുതിയ യൂനിഫോം എത്തിക്കുന്നതിനും വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. മഴ ശക്തമായി കല്ലാറിൽ വെള്ളം നിറയുന്നതോടെ കേരളത്തിന് അകത്തും പുറത്തുനിന്നുമായി നിരവധി ആളുകൾ ആണ് അടവി കുട്ടവഞ്ചി സവാരി ആസ്വദിക്കാൻ എത്തുന്നത്. ജീർണാവസ്ഥയിൽ ആയ ഈ വള്ളങ്ങൾ ഉപയോഗിച്ച് ഈ സീസണിൽ എങ്ങനെ സവാരി നടത്തും എന്ന ചിന്തയിൽ ആണ് കു ട്ടവഞ്ചി തൊഴിലാളികളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.