കോന്നിയിൽ കുടിവെള്ളത്തിനായി നെട്ടോട്ടം
text_fieldsകോന്നി: കല്ലാറും അച്ചൻകോവിലാറും വറ്റിവരണ്ട് തുടങ്ങിയതോടെ കോന്നിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. കോന്നിയിലെ പ്രധാന ശുദ്ധജല പദ്ധതികൾ ഈ രണ്ട് നദികളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. എന്നാൽ, നദികളിലെ വെള്ളം വറ്റി തുടങ്ങിയതോടെ വാട്ടർ അതോറിറ്റി ശുദ്ധജല ടാങ്കുകളിൽ വെള്ളം നിറക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. നദികളിൽ വെള്ളം കുറവായതിനാൽ ബണ്ട് കെട്ടിയാണ് ജലനിരപ്പ് നിലനിർത്തിയിരിക്കുന്നത്. പ്രമാടം, ഐരവൺ, വട്ടകുളഞ്ഞി, നെടുമ്പാറ, തണ്ണിത്തോട്, കടവുപുഴ തുടങ്ങിയ പലസ്ഥലങ്ങളിലും ശുദ്ധജലക്ഷാമം രൂക്ഷമാണ്. 21 പമ്പ് ഹൗസുകളാണ് കോന്നി വാട്ടർ അതോറിറ്റി ഓഫിസിന് കീഴിലുള്ളത്.
എല്ലാ സ്ഥലങ്ങളിലും അധിക പമ്പ് സെറ്റുകൾ ഇല്ലാത്തതും വോൾട്ടേജ് വ്യതിയാനവും ജലവിതരണത്തെ സാരമായി ബാധിക്കുന്നു. മലയോര മേഖലയിൽ ഈ തവണ കുടിവെള്ള ക്ഷാമം രൂക്ഷമാകാനാണ് സാധ്യത. കഴിഞ്ഞ വർഷങ്ങളിൽ വേനൽ മഴ ലഭിച്ചിരുന്നു എങ്കിലും ഈ തവണ അതും ഇല്ലാതെ വന്നതിനാൽ മലയോര മേഖലയിലെ ഉയർന്ന പ്രദേശങ്ങളിൽ അടക്കം കുടിവെള്ളം കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ കൊക്കാത്തോട് പോലെയുള്ള പ്രദേശങ്ങളിൽ അച്ചൻകോവിൽ നദി വറ്റിവരണ്ടതോടെ കൂടുതൽ കുടിവെള്ള ക്ഷാമത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പാണ്. കർഷകരെയും വരൾച്ച സാരമായി ബാധിക്കുന്നുണ്ട്.
ഏറ്റവും കൂടുതൽ വാഴ കർഷകരുള്ള, അരുവാപ്പുലം, കലഞ്ഞൂർ, തണ്ണിത്തോട് പഞ്ചായത്തുകളിൽ വാഴകൾ പലതും വെള്ളം ലഭിക്കാതെ കരിഞ്ഞുണങ്ങി. മലയോര മേഖലയിൽ സ്വകാര്യ വ്യക്തികൾക്ക് പണം നൽകി ടാങ്കിൽ വെള്ളം വീട്ടിൽ എത്തിക്കുന്ന രീതിയാണ് മുൻ വർഷങ്ങളിൽ ചെയ്തുവരുന്നത്. ഈ തവണയും ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടും എന്നത് ഉറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.