കോന്നിയിലും തിരുവല്ലയിലും പിടിമുറുക്കി ലഹരിമാഫിയ
text_fieldsകോന്നി: കോന്നി നഗരത്തിൽ ലഹരിമാഫിയ സജീവമാകുന്നു. വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് കഞ്ചാവ് അടക്കമുള്ള ലഹരി പദാർഥങ്ങൾ വിറ്റഴിക്കപ്പെടുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് കോന്നി നഗരത്തിൽ വിൽപനക്ക് എത്തിച്ച കഞ്ചാവുമായി ഇതര സംസ്ഥാനക്കാരനായ യുവാവിനെ കോന്നി പൊലീസ് പിടികൂടിയത്. കോന്നിയിലെ വിവിധ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും ലഹരി ഉപയോഗം വ്യാപകമാകുന്നതായാണ് സൂചന.
കോന്നി കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സ്റ്റേഷന് ഉള്ളിലുള്ള ബേക്കറിയിൽ വിദ്യാർഥികളെ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വിറ്റഴിക്കപ്പെടുന്നതായാണ് വിവരം. ഇതുമൂലം ഈ പരിസരങ്ങളിൽ സ്കൂൾ വിടുന്ന സമയങ്ങളിൽ വിദ്യാർഥി സംഘർഷങ്ങളും പതിവാണ്. ഇതുസംബന്ധിച്ച് നിരവധി തവണ നാട്ടുകാർ കോന്നി പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. വ്യക്തമായ തെളിവുകൾ ഇല്ലാതെ നടപടി സ്വീകരിക്കാൻ കഴിയില്ലെന്നാണ് പൊലീസ് നിലപാട്. കോന്നിയിലെ സ്കൂളുകളുടെ പരിസരങ്ങളിൽനിന്നാണ് ഇതര സംസ്ഥാന തൊഴിലാളിയെ വിൽപനക്ക് എത്തിച്ച കഞ്ചാവുമായി പൊലീസ് പിടികൂടിയത്.
തമിഴ്നാട്ടിൽനിന്നും കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്നും എത്തിക്കുന്ന കഞ്ചാവ് മലയോര മേഖലയുടെ പല സ്ഥലങ്ങളിലും വിൽപന നടത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. യുവാക്കളെയും വിദ്യാർഥികളെയും കേന്ദ്രീകരിച്ചാണ് സംഘം കച്ചവടം നടത്തുന്നത്. ആളൊഴിഞ്ഞ സ്ഥലങ്ങളിൽ കോഡ് ഭാഷകൾ ഉപയോഗിച്ചും കച്ചവടം നടക്കുന്നുണ്ടെന്നാണ് വിവരം. പിടിക്കപ്പെടുന്ന കഞ്ചാവ് തൂക്കത്തിൽ പലപ്പോഴും കുറവായതിനാൽ പ്രതികളെ റിമാൻഡ് ചെയ്യാനും നിയമം അനുവദിക്കുന്നില്ല. ഇതും ലഹരി മാഫിയ തഴച്ചുവളരുന്നതിന് കാരണമാകുന്നു.
കഞ്ചാവിനോടൊപ്പം മദ്യക്കച്ചവടവും തകൃതിയായി നടക്കുന്നു. കോന്നി മഠത്തിൽകാവ് ഏലാ കേന്ദ്രീകരിച്ച് രാത്രിയിലും പകലും ലഹരി വിൽപന സജീവമാണ്. സ്കൂൾ-കോളജ് വിദ്യാർഥികളാണ് ഇവിടെയും ഇരകൾ. മിഠായിയുടെ രൂപത്തിലും മറ്റും ലഹരി വ്യാപാര സ്ഥാപനങ്ങൾ വഴി വിദ്യാർഥികളിലേക്ക് എത്തുന്നു. പൊലീസ്, എക്സൈസ് വകുപ്പുകൾ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
10 ലക്ഷത്തിന്റെ പുകയില ഉൽപന്നം പിടികൂടി; ഒരാൾ അറസ്റ്റിൽ
തിരുവല്ല: കുന്നന്താനം പാമലയിൽനിന്ന് 10 ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. ഒരാൾ പിടിയിലായി. പാമല പുളിമൂട്ടിൽപടിയിൽ ജയന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന ഹോളോബ്രിക്സ് നിർമാണ കമ്പനിയുടെ മറവിൽ വിറ്റഴിച്ചിരുന്ന പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്. ഇവിടെനിന്ന് ഒരു ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങളുമായി സ്കൂട്ടറിൽ പോവുകയായിരുന്നു അമ്പലപ്പുഴ കരുമാടി തുണ്ടിൽ വീട്ടിൽ ഗിരീഷ് കുമാറിനെ (42) ചൊവ്വാഴ്ച രാത്രി തിരുവല്ല എക്സൈസ് സർക്കിൾ സംഘം മുത്തൂർ-കാവുഭാഗം റോഡിലെ മന്നംകര ചിറയിൽനിന്ന് എക്സൈസ് പിടികൂടിയിരുന്നു.
ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഹോളോബ്രിക്സ് കമ്പനിയെ സംബന്ധിച്ച വിവരം ലഭിച്ചത്. തുടർന്ന് അർധരാത്രിയോടെ പുളിമൂട്ടിൽ പടിയിൽ പ്രവർത്തിക്കുന്ന ജെ.കെ ബ്രിക്സ് എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ഷെഡിൽ സൂക്ഷിച്ചിരുന്ന 29 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. സ്ഥാപന നടത്തിപ്പുകാരനായ കുന്നന്താനം സ്വദേശി ജയന് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിയിലായ ഗിരീഷ് കുമാറിനെയും പുകയില ഉൽപന്നങ്ങളും തിരുവല്ല പൊലീസിന് കൈമാറി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. രാജേന്ദ്രൻ, പ്രിവന്റിവ് ഓഫിസർ വി.കെ. സുരേഷ്, സിവിൽ എക്സൈസ് ഓഫിസർ അർജുൻ അനിൽ, പ്രിവന്റിവ് ഓഫിസർ എൻ.ഡി. സുമോദ് കുമാർ, ഡ്രൈവർ വിജയൻ എന്നിവരടങ്ങുന്ന സംഘമാണ് പുകയില ഉൽപന്നങ്ങൾ പിടികൂടിയത്.
കള്ള് ഷാപ്പിൽനിന്ന് 20 ലിറ്റർ സ്പിരിറ്റ് പിടികൂടി
തിരുവല്ല: പെരിങ്ങരയിലെ സ്വാമിപാലത്ത് പ്രവർത്തിക്കുന്ന കള്ളുഷാപ്പിൽ എക്സൈസ് എൻഫോഴ്സ്മെന്റ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ 20 ലിറ്റർ സ്പിരിറ്റ് പിടികൂടി. സ്വാമിപാലം ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ഷാപ്പിന്റെ പിൻവശത്തെ ഷെഡിന്റെ പിറകിൽ അഞ്ച് ലിറ്ററിന്റെ നാല് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് ബുധനാഴ്ച രാവിലെ ഏഴോടെ നടത്തിയ പരിശോധനയിൽ പിടികൂടിയത്. വിൽപനക്കായി എത്തിക്കുന്ന കള്ളിന് വീര്യം കൂട്ടാനാണ് സ്പിരിറ്റ് എത്തിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഷാപ്പിന്റെ ലൈസൻസിയായ തൃശൂർ സ്വദേശി പി.എ. സുരേഷിനെതിരെ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർ മുകേഷ് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മനോജ് കുമാർ, പ്രിവന്റിവ് ഓഫിസർ മനു, സിവിൽ എക്സൈസ് ഓഫിസർമാരായ വിശാഖ്, സുബിൻ എന്നിവർ അടങ്ങുന്ന സംഘം നടത്തിയ റെയ്ഡിലാണ് സ്പിരിറ്റ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.