പടക്കവും പാട്ടയും വേണ്ട; വന്യജീവികളെ തുരത്താൻ എലിഫൻറ് റിപ്പല്ലർ
text_fieldsഎലിഫൻറ് റിപ്പല്ലറുമായി രഞ്ജിത്
കോന്നി: കാടിറങ്ങുന്ന കാട്ടാനകളെയും മറ്റ് വന്യമൃഗങ്ങളെയും ഇനി പടക്കം പൊട്ടിച്ചും തീ കത്തിച്ചും ചെണ്ടയും പാട്ടയും കൊട്ടിയും തുരത്തേണ്ട. വന്യജീവി ശല്യം കുറക്കുന്നതിൽ ജനങ്ങൾക്ക് ആശ്വാസമായി എലിഫൻറ് റിപ്പല്ലർ തയാർ. ഈ ഉപകരണം പുറപ്പെടുവിക്കുന്ന അൾട്രാ സോണിക് ശബ്ദത്തിലൂടെ വന്യജീവികളെ തുരത്താൻ കഴിയുമെന്ന്, ഇതിന് രൂപം നൽകിയ കോന്നി താഴം അങ്ങാടിയിൽ വീട്ടിൽ എ.ആർ. രഞ്ജിത് അവകാശപ്പെടുന്നു.
അഞ്ചൽ, പുനലൂർ, ആര്യങ്കാവ്, തെന്മല, റാന്നി, പ്ലാപ്പള്ളി വടശ്ശേരിക്കര, പീരുമേട്, കോടനാട്, അഴുത ഉൾപ്പെടെ വനംവകുപ്പ് സ്റ്റേഷനുകളിൽ എലിഫൻറ് റിപ്പല്ലർ ഉപയോഗിക്കുന്നുണ്ട്. സ്ഥിരം സംവിധാനത്തിൽ ഉറപ്പിച്ചും കൈയിൽ കൊണ്ടുനടന്നും ഉപയോഗിക്കാൻ കഴിയും. കാട്ടാന മുതൽ തെരുവുനായ്ക്കൾക്കുവരെ അരോചകമാകുന്ന പ്രത്യേകതരം ശബ്ദമാണ് പുറപ്പെടുവിക്കുന്നത്.
കടുവ അടക്കം വന്യജീവികളുടെ ശബ്ദം പുറപ്പെടുവിക്കുന്ന ഈ യന്ത്രത്തിന്റെ സഹായത്താൽ തിരികെ കാടുകയറ്റുന്നതാണ് ഇതിന്റെ രീതി. മനുഷ്യന് കേൾക്കാൻ കഴിയാത്ത ഇൻഫ്രാസോണിക്, അൾട്രാസോണിക് ശബ്ദ തരംഗങ്ങൾ ആണിത്. 20,000 ഹെഡ്സ് മുതൽ 40,000 വരെ ശബ്ദതരംഗങ്ങൾ 130 വരെ ഡെസിബൽ തീവ്രതയിൽ കേൾപ്പിക്കും. വന്യമൃഗങ്ങൾ യന്ത്രത്തിന്റെ പരിസരത്തുനിന്ന് 10 മുതൽ 400 മീറ്റർ വരെ അകലെയെത്തിയാൽതന്നെ ഇതിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസർ തിരിച്ചറിയുകയും ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യും.
ഒരു യൂനിറ്റ് ഉപയോഗിച്ച് ഒരേക്കർ വരെ കൃഷി സംരക്ഷിക്കാൻ കഴിയുമെന്നാണ് രഞ്ജിത് പറയുന്നത്. പൂർണമായി സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 8000 മുതൽ 18,000 രൂപവരെ വിലയുള്ള യൂനിറ്റുകൾ ലഭ്യമാണ്. കുറച്ച് വർഷങ്ങളായി ശബരിമല മണ്ഡലകാലത്ത് പ്ലാപ്പള്ളി ശബരിമല റോഡിലും ഇത് ഉപയോഗിക്കുന്നു. തെരുവുനായ്ക്കളെ ഓടിക്കുന്ന യന്ത്രവും രഞ്ജിത് വികസിപ്പിച്ചിട്ടുണ്ട്. വന്യമൃഗശല്യം നേരിടുന്ന കർഷകരാണ് കൂടുതലും ആവശ്യക്കാർ.
ഇലക്ട്രോണിക് ഡിപ്ലോമയുള്ള രഞ്ജിത്തിന്റെ മറ്റൊരു കണ്ടുപിടിത്തമായ സ്കൂൾ ബെൽ വിത്ത് വോയ്സ് എന്ന യന്ത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. നിരവധി സ്കൂളിലും കോളജിലും ഈ യന്ത്രം പ്രവർത്തിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.