കോന്നി മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗം ഇന്നുമുതൽ
text_fieldsകോന്നി: കോന്നി മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗം തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ആധുനിക സംവിധാനങ്ങളോടെയുള്ള അത്യാഹിത വിഭാഗമാണ് ആരംഭിക്കുന്നത്. മൈനര്‍ ഓപറേഷന് തിയറ്റര്‍ അടക്കമുള്ള സംവിധാനവും സജ്ജമാക്കും. മറ്റ് ഓപറേഷന് തിയറ്ററുകളില്‍ കുറേക്കൂടി സൗകര്യമൊരുക്കേണ്ടതുണ്ട്. ഒപ്പം രക്തബാങ്കിെൻറ പ്രവര്‍ത്തനവും ആരംഭിക്കണം. അടിയന്തര ഓപറേഷന് സൗകര്യം ക്രമീകരിക്കുന്നതിെൻറ ബ്ലഡ് സ്റ്റോറേജ് യൂനിറ്റിന് അനുമതിയായിട്ടുണ്ട്.
അത്യാഹിത വിഭാഗത്തില്‍ ട്രയാജ്, റെഡ്, യെല്ലോ, ഗ്രീന്‍, ബ്ലാക്ക് എന്നീ നാല് വിഭാഗങ്ങള്‍ ഉണ്ടാകും. ട്രയാജിലേക്കാവും രോഗിയെ ആദ്യം എത്തിക്കുക. ട്രയാജിെൻറ ചുമതല വഹിക്കുന്ന ഡോക്ടര്‍മാര്‍ ഡോക്ടറുടെ അവസ്ഥ വിലയിരുത്തി എവിടേക്ക് മാറ്റണമെന്ന് തീരുമാനിക്കും. ഗുരുതരാവസ്ഥയിലുള്ളവരെ റെഡിലേക്കും ക്ഷതമേറ്റിട്ടുള്ളവര്‍ ഉള്‍പ്പെടെയുള്ള രോഗികളെ യെല്ലോയിലേക്കും തീവ്രത കുറഞ്ഞ രോഗമുള്ളവരെ ഗ്രീനിലേക്കുമാണ് മാറ്റുക. മരണപ്പെട്ടവരെ ബ്ലാക്ക് സോണിലേക്കും മാറ്റും.
ഓപറേഷന് തിയറ്ററിലേക്കാവശ്യമായ അനസ്തേഷ്യ വര്‍ക് സ്റ്റേഷന്, ഓപറേഷന് ടേബിള്‍, ഷാഡോ ലെസ് ലൈറ്റ് ഡയാടെര്‍മി, ഡീസിബ്രിലേറ്റര്‍ തുടങ്ങിയ ഉപകരണങ്ങളും ലഭ്യമായിട്ടുണ്ട്. ഐ.സി.യുവില്‍ നാല് വെൻറിലേറ്റര്‍, 12 ഐ.സി.യു ബെഡ്, 50 ഓക്സിജന്‍ കോണ്സണ്ട്രേറ്റര് മൂന്ന് കാര്‍ഡിയാക് മോണിറ്റര്‍, ബെഡ് സൈഡ് ലോക്കര്‍, ബെഡ് ഓവര്‍ ടേബിള്‍ തുടങ്ങിയവും എത്തിയിട്ടുണ്ട്. ഐ.പിക്കായി ഓക്സിജന്‍ സൗകര്യമുള്ള 120 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. 300 കിടക്കകളാണ് ആശുപത്രിയുടെ പ്രാഥമിക ഘട്ടത്തില്‍ ഒരുക്കുന്നത്. ഇതില്‍ 240 എണ്ണം ഓക്സിജന്‍ കിടക്കകളാണ്. ഓക്സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിന് പ്ലാൻറ് നിര്‍മാണവും പുരോഗമിക്കുന്നുണ്ട്.
മെഡിക്കൽ കോളജിന് താൽക്കാലിക പരിസ്ഥിതി അനുമതി
കോന്നി: കോന്നി മെഡിക്കല്‍ കോളജിന് നിബന്ധനകള്‍ക്ക് വിധേയമായി പാരിസ്ഥിക അനുമതി ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗം ആരംഭിക്കുന്നതിന് മുന്നോടിയായി സ്ഥിതിഗതികള്‍ വിലയിരുത്തുകയായിരുന്നു മന്ത്രി. കോന്നി മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ 24 മണിക്കൂറും നാല് സ്പെഷാലിറ്റി ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും. ലാബും മെഡിസിനും പ്രവര്‍ത്തനസജ്ജമാക്കും. എം.എല്‍.എ ഫണ്ടില്‍നിന്ന് അനുവദിച്ച അള്‍ട്രാസൗണ്ട് സ്കാനറിെൻറ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ട്രയല്‍ റണ്‍ ആരംഭിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ കോളജ് പൂര്‍ണ പ്രവര്‍ത്തനസജ്ജമാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ, കലക്ടര്‍ ദിവ്യ എസ്.അയ്യര്‍, ജില്ല പഞ്ചായത്ത് അംഗം ജിജോ മോഡി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജിജി സജി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രേഷ്മ മറിയം റോയ്, വൈസ് പ്രസിഡൻറ് മണിയമ്മ രാമചന്ദ്രന്‍നായര്‍, ഗ്രാമപഞ്ചായത്ത് അംഗം ഷീബ, ശ്രീകുമാര്‍, ഹോസ്പിറ്റല്‍ സൂപ്രണ്ട് സി.വി. രാജേന്ദ്രന്, നഴ്സിങ് സൂപ്രണ്ട് ബെക്സി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.