കോന്നി താലൂക്ക് ഓഫിസിൽ കൂട്ട അവധിയെടുത്ത് ജീവനക്കാരുടെ ഉല്ലാസയാത്ര
text_fieldsകോന്നി: കോന്നി താലൂക്ക് ഓഫിസ് ജീവനക്കാർ കൂട്ടത്തോടെ അവധി എടുത്തും എടുക്കാതെയും മൂന്നാറിൽ ഉല്ലാസ യാത്ര പോയ സംഭവത്തിൽ വ്യാപക പ്രതിഷേധം. താലൂക്ക് ഓഫിസിലെ വിവിധ സെക്ഷനുകളിലായി 63 ഉദ്യോഗസ്ഥർ ഉള്ളതിൽ 21 പേർ അവധി എടുത്തും 19 പേര് അവധി എടുക്കാതെയുമാണ് വെള്ളിയാഴ്ച ഓഫിസിൽ ഹാജരാകാതിരുന്നത്.
താലൂക്ക് തഹൽസിൽദാർ അടക്കം ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇത്രയും ആളുകൾക്ക് ഒരുമിച്ച് എങ്ങനെ അവധി അനുവദിച്ചു എന്നതും ദുരൂഹമാണ്. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെ ആണ് ജീവനക്കാർ മൂന്നാറിൽ ഉല്ലാസ യാത്ര പോയത്. കോന്നി താലൂക്കിലെ ആസ്ഥാന മന്ദിരത്തിൽ നിരവധി ആളുകളാണ് ദിവസവും വിവിധ ആവശ്യങ്ങൾക്കായി എത്തുന്നത്. വെള്ളിയാഴ്ച രാവിലെയും ആളുകൾ എത്തിയിരുന്നു. ഈ സമയത്താണ് സെക്ഷനുകളിൽ ഉദ്യോഗസ്ഥരുടെ കസേരകൾ ഒഴിഞ്ഞു കിടക്കുന്നത് കണ്ടത്. സംഭവം വിവാദമായതോടെ കെ.യു. ജനീഷ് കുമാർ എം.എൽ.എ സ്ഥലെത്തത്തി.
എം.എൽ.എയുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ ഡെപ്യൂട്ടി തഹസില്‍ദാര്‍ വിയര്‍ത്തു. ഓഫിസ് രജിസ്റ്ററില്‍ നടന്ന തിരിമറിയും എം.എല്‍.എ കൈയോടെ പിടികൂടി. അവധിക്കായി നല്കിയ അപേക്ഷകളില്‍ പോലും ഒരേ കൈയക്ഷരം ആയിരുന്നുവെന്ന് എം.എല്‍.എ ചൂണ്ടിക്കാട്ടി. വിഷയം എം.എൽ.എ, റവന്യൂ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കുറ്റക്കാരായ ജീവനക്കാരെ സംരക്ഷിക്കില്ലെന്നും കർശന നടപടിയെടുക്കുമെന്നും മന്ത്രി കെ. രാജൻ അറിയിച്ചു. ഇത് സംബന്ധിച്ച അന്വേഷണത്തിന് ജില്ല കലക്ടറെ നിയോഗിച്ചതായും മന്ത്രി പറഞ്ഞു. സംഭവത്തിൽ ജില്ല കലക്ടർ റിപ്പോർട്ട് തേടി. കോൺഗ്രസ് പ്രവർത്തകരും സ്ഥലത്ത് പ്രതിഷേധവുമായി എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.