സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് കൊല്ലുന്നത് വ്യാപകം വന്യമൃഗങ്ങൾ അസ്വാഭാവികമായി ചത്തൊടുങ്ങുന്നു
text_fieldsകോന്നി: കോന്നിയിലെ വനമേഖലയിലും മലയോര മേഖലകളിലും വന്യമൃഗങ്ങൾ അസ്വാഭാവിക രീതിയിൽ ചത്തൊടുങ്ങുന്ന സംഭവത്തിൽ വനം വകുപ്പ് വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി.
വനാതിർത്തികളിൽ പന്നിപ്പടക്കം അടക്കമുള്ള സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് വന്യമൃഗങ്ങളെ കൊല്ലുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് നടപടി. കൊക്കാത്തോട് വനമേഖലയിൽ കാഞ്ഞിരപ്പാറ ഭാഗത്ത് ആഴ്ചകൾക്ക് മുമ്പാണ് കാട്ടാന പന്നിപ്പടക്കം കടിച്ച് താടിയെല്ലുകൾ തകർന്ന് ചെരിഞ്ഞത്.
കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വടക്കേ മണ്ണീറ, തലമാനം, കോട്ടാംപാറ, കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ നീരാമക്കുളം ഭാഗത്തുമാണ് വനം വകുപ്പ് ഡോഗ് സ്ക്വാഡ് അടക്കം പരിശോധന നടത്തിയത്.
എ.സി.എഫ് റാങ്കിലുള്ള പെരിയാർ ടൈഗർ റിസർവ് സ്നിഫർ ഡോഗ് ജെന്നി എന്ന നായെയാണ് പരിശോധനക്ക് എത്തിച്ചത്. പെരിയാർ ടൈഗർ റിസർവ് സ്നിഫർ ഡോഗ് സ്ക്വാഡ് ഡോഗ് ഹാൻഡ്ലെർ ശേഖർ, അസിസ്റ്റന്റ് ഹാൻഡ്ലെർ അനീഷ്, ഡ്രൈവർ അരോമൽ, വനം വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. എന്നാൽ, പരിശോധനയിൽ കാര്യമായ സ്ഫോടക വസ്തുക്കൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. നാലു ദിവസമാണ് പരിശോധന നടന്നത്.
പന്നിപ്പടക്കം അടക്കമുള്ള സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് മൃഗങ്ങളെ വേട്ടയാടുന്നത്. തീറ്റയാണെന്ന് കരുതി പടക്കം ഭക്ഷിക്കുന്ന മൃഗങ്ങൾ തലതകർന്ന് ചാകുകയാണ് ചെയ്യുന്നത്. വളരെ ചെറിയ മർദം പ്രയോഗിച്ചാൽപോലും വലിയ പ്രഹരശേഷിയോടെ പൊട്ടുന്ന ഇത്തരം പടക്കങ്ങൾ മനുഷ്യജീവനും ആപത്താണ്.
ജനവാസ മേഖലയോട് ചേർന്ന വനാതിർത്തികളിലാണ് മ്ലാവ്, പന്നി, ആന അടക്കമുള്ള വന്യമൃഗങ്ങൾക്ക് ഈ തരത്തിൽ ജീവഹാനി സംഭവിച്ചതായി കണ്ടെത്തിയത്.
കോന്നി വനമേഖലയിൽ ഈ തരത്തിൽ കെണികൾ ഉപയോഗിച്ചും സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചും വന്യമൃഗങ്ങളെ കൊന്ന സംഭവത്തിൽ നിരവധി കേസുകൾ വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. മൃഗങ്ങളെ വിഷം വെച്ച് കൊല്ലുന്ന സംഭവങ്ങളും വ്യാപകമാകുന്നുണ്ടത്രേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.