കാട്ടാന ഭീതി: ഉറക്കമില്ലാതെ ഗ്രാമങ്ങൾ, നിരവധിപേർ വീടുപേക്ഷിച്ചു
text_fieldsകോന്നി: തണ്ണിത്തോട് ഗ്രാമപഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ കാട്ടാനശല്യം വർധിക്കുന്നു. കഴിഞ്ഞ ദിവസം മണ്ണീറ മൂലമുറിയിൽ ജോസഫ്, തോണ്ടുകണ്ടത്തിൽ ബാബു എന്നിവരുടെ തെങ്ങ്, 15 റബർ എന്നിവ കാട്ടാന നശിപ്പിച്ചു. തേക്കുതോട്, പൂച്ചക്കുളം, കരിമാൻതോട്, മണ്ണീറ തുടങ്ങി തണ്ണിത്തോട് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽ കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങുകയാണ്.
വനാതിർത്തികളിൽ സ്ഥാപിച്ചിരിക്കുന്ന സൗരോർജ വേലികൾ പ്രവർത്തനരഹിതമായതാണ് കാട്ടാനകൾ കൂട്ടത്തോടെ നാട്ടിലിറങ്ങാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. പൂച്ചക്കുളം മേഖലയിൽ വർഷങ്ങളായി തുടരുന്ന കാട്ടാനശല്യം നിയന്ത്രിക്കാനും നടപടിയില്ല.
ആനശല്യം കാരണം നിരവധി പേരാണ് ഇവിടെനിന്ന് വീടുകൾ ഉപേക്ഷിച്ചത്. കോന്നി തണ്ണിത്തോട് റോഡിലും കാട്ടാനകൾ ഇറങ്ങുന്നത് പതിവായി. നിരവധി പേരാണ് ഇവിടെ കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത്. കൃഷിനാശത്തിന് അർഹമായ നഷ്ടപരിഹാരം പലപ്പോഴും കിട്ടുന്നില്ലെന്ന് പരാതിയുണ്ട്. സൗരോർജ വേലികളുടെ അറ്റകുറ്റപ്പണി യഥാസമയം പൂർത്തീകരിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. വാഴ, കവുങ്ങ്, തെങ്ങ് തുടങ്ങിയവയാണ് ആനകൾ നശിപ്പിക്കുന്നവയിൽ ഏറെയും. വീടുകൾ കാട്ടാനകൾ തകർത്ത സംഭവങ്ങൾ അനവധിയാണ്.
മലയോര മേഖലയായ പൂച്ചക്കുളത്തും കാട്ടാനഭീതി ഒഴിയുന്നില്ല. നിരവധി ആളുകളാണ് വീടുകൾ ഉപേക്ഷിച്ചുപോയത്. കോൺക്രീറ്റ് ചെയ്ത വീടുകൾ അടക്കം ഇത്തരത്തിൽ കാടുകയറി നശിച്ച അവസ്ഥയിലാണ്. കാടിറങ്ങുന്ന ആനകളെ പേടിച്ച് പലർക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. നിരവധി ആളുകൾ സ്വന്തം വീടുകൾ ഉപേക്ഷിച്ച് പോയിക്കഴിഞ്ഞു. വർഷങ്ങൾക്കുമുമ്പ് ഇവിടെ ജനവാസ മേഖലയിൽ ഇറങ്ങി നാശംവിതച്ച കാട്ടാന വനത്തിനുള്ളിൽ പുളിഞ്ചാൽ തോട്ടിൽ ചരിഞ്ഞിരുന്നു. നിരവധി വീടുകൾ ഉണ്ടായിരുന്ന സ്ഥലത്ത് വിരലിൽ എണ്ണാവുന്ന വീടുകളാണ് ഇപ്പോഴുള്ളത്. പ്രദേശവാസികൾ വീടിനുചുറ്റും ലൈറ്റുകൾ സ്ഥാപിച്ച് വെളിച്ചമിട്ടാണ് കാട്ടാനയിൽനിന്ന് ഇപ്പോൾ രക്ഷനേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.