മൂന്നുമാസത്തിനിടെ സംസ്ഥാനപാതയിൽപൊലിഞ്ഞത് അഞ്ച് ജീവൻ
text_fieldsകോന്നി : പുതുവർഷം ആരംഭിച്ച് മൂന്ന് മാസങ്ങൾ പിന്നിടുമ്പോൾ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പൊലിഞ്ഞത് അഞ്ച് ജീവൻ. സംസ്ഥാന പാതയുടെ നിർമ്മാണം പൂർത്തിയായി കുറച്ച് മാസങ്ങൾക്കകമാണ് അഞ്ച് പേർ വിവിധ അപകടങ്ങളിൽ കലഞ്ഞൂർ മുതൽ കുമ്പഴ വരെയുള്ള ഭാഗങ്ങളിൽ മരിച്ചത്. അപകടങ്ങളിൽ പരിക്കേറ്റവരും അനവധിയാണ്.
അവസാനമായി ഇക്കഴിഞ്ഞ 25 ന് കലഞ്ഞൂർ ചക്കിട്ടയിൽ നടന്ന അപകടത്തിൽ ചികിത്സയിൽ ഇരിക്കെ പുത്തൻവിളതെക്കേതിൽ രാജൻ(25)ആണ് മരണപ്പെട്ടത്.
സംസ്ഥാന പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായെങ്കിലും പലയിടത്തും ട്രാഫിക് സിഗ്നലുകളും അപകട മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കാത്തതാണ് സംസ്ഥാനപാതയിൽ അപകടങ്ങൾ വർധിപ്പിക്കുന്നത്. ഒരു ദിവസത്തിൽ രണ്ടോ അതിലധികമോ അപകടങ്ങളാണ് കോന്നിയിൽ നടക്കുന്നത്. കഴിഞ്ഞ ദിവസം മാരൂർപാലത്ത് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് യുവാവിന് സാരമായി പരിക്കേറ്റിരുന്നു.
ഇതിനടുത്ത ദിവസം പുലർച്ചെ അഞ്ച് മണിയോടെയാണ് കോന്നിയിൽ കാറുകൾ കൂട്ടിയിച്ച് ആറുപേർക്ക് പരിക്കേറ്റത്. കോന്നി ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ഗതാഗത ഉപദേശകസമിതി യോഗങ്ങൾ ചേർന്ന് കോന്നിയിൽ ഗതാഗത പരിഷ്കരണങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചുവെങ്കിലും യാതൊന്നും നടപ്പായില്ല. സംസ്ഥാന പാതയുടെ ഇരുവശങ്ങളും അനധികൃത വാഹന പാർക്കിങ്ങും വർധിക്കുന്നുണ്ട്.
കോന്നിയിലെ വഴിയോര കച്ചവടം ഒഴിപ്പിക്കാൻ അടിയന്തിര തീരുമാനം എടുത്തുവെങ്കിലും യാതൊന്നും നടപ്പായില്ല. നടപ്പാതകളിൽ, വാഹനങ്ങൾ കൊണ്ടുവന്നു വഴിയോര കച്ചവടങ്ങൾ നടത്തുന്നതും അപകടങ്ങൾ വർധിപ്പിക്കുന്നുണ്ട്.
സംസ്ഥാനപാതയിൽ പലയിടത്തും വീതികൂട്ടി നിർമിക്കാത്തതും അപകടങ്ങൾ വർധിക്കുന്നതിന് കാരണമാണ്. ഇളകൊള്ളൂർ മുതലുള്ള ഭാഗങ്ങളിൽ റോഡിലെ മഞ്ഞ വരകൾ മറികടന്നാണ് പലപ്പോഴും വാഹനങ്ങൾ ചീറിപായുന്നത്.
സംസ്ഥാന പാതയിൽ അപകടങ്ങൾ വർധിക്കുന്ന സഥലങ്ങളിൽ അടിയന്തിരമായി നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന പൊതുജനാഭിപ്രായവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.