കിഴക്കുപുറത്തെ ഭീതിയിലാക്കി കാട്ടുപോത്തുകൾ ; അഞ്ച് കാട്ടുപോത്തുകളാണ് ജനവാസ മേഖലയിൽ ഇറങ്ങിയത്
text_fieldsകോന്നി: കിഴക്കുപുറത്തെ ജനവാസ മേഖലയിൽ കാട്ടുപോത്തുകളിറങ്ങി. ഞായറാഴ്ച രാവിലെ 10നാണ് കിഴക്കുറം വായനശാല ജങ്ഷന് സമീപത്തെ സ്ഥലത്ത് വീട്ടമ്മ കാട്ടുപോത്തുകളെ കാണുന്നത്. കുറെ ദിവസങ്ങളായി കിഴക്കുപുറം പൊലിമല ഭാഗത്ത് കാട്ടുപോത്തുകളുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാർ പറയുന്നു. അഞ്ച് കാട്ടുപോത്തുകളാണ് ജനവാസമേഖലയിൽ ഇറങ്ങിയത്.
കോന്നിയിൽനിന്നെത്തിയ വനം വകുപ്പിന്റെ സ്ട്രൈക്കിങ് ഫോഴ്സ് പടക്കം പൊട്ടിച്ചും ബഹളം വെച്ചും കാട്ടുപോത്തുകളെ പ്രദേശത്തുനിന്ന് തുരുത്തിയെങ്കിലും ഇവ കിഴക്കുപുറം എസ്.എൻ.ഡി.പി യോഗം കോളജിന്റെ സമീപത്തുകൂടി ഹാരിസൺ മലയാളം പ്ലാന്റേഷന്റെ ചെങ്ങറ തോട്ടത്തിലേക്ക് പ്രവേശിച്ചു. മാസങ്ങളായി തോട്ടത്തിലെ പ്ലാൻകാട് മലനിരകളിൽ കാട്ടുപോത്തുകളുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാരും തോട്ടം തൊഴിലാളികളും പറയുന്നു. റാന്നി വനം ഡിവിഷനിലെ വടശ്ശേരിക്കര റേഞ്ചിൽപെട്ട വനമേഖല ചെങ്ങറ ത്തോട്ടവുമായി കടവുപുഴയിൽ അതിർത്തി പങ്കിടുന്നുണ്ട്.
കടവുപുഴ വനത്തിൽനിന്ന് കല്ലാർ മുറിച്ച് കടന്ന് റബർ തോട്ടത്തിലൂടെ വരുന്ന കാട്ടുപോത്തുകളാണ് കിഴക്കുപുറത്തെ ജനവാസ മേഖലയിൽ പ്രവേശിച്ചത്. പ്രദേശത്തെ ജനവാസ മേഖലയിൽ കാട്ടുപോത്തുകളുടെ സാന്നിധ്യം പതിവാകുന്നതിനാൽ നാട്ടുകാരും പുലർച്ച റബർ ടാപ്പിങ്ങിന് ഇറങ്ങുന്ന തോട്ടം തൊഴിലാളികളും ഭയപ്പാടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.