ഭക്ഷ്യ ഗോഡൗണിൽ വെള്ളംകയറി
text_fieldsപത്തനംതിട്ട: പത്തനംതിട്ട പെരിങ്ങമ്മലയിൽ സ്വകാര്യ വ്യക്തിയുടെ ഭക്ഷ്യസാധന ഗോഡൗണിൽ വെള്ളംകയറി വൻനാശം. തിങ്കളാഴ്ച പുലർച്ചയാണ് സമീപത്തെ തോട്ടിൽനിന്ന് ഗോഡൗണിനുള്ളിലേക്ക് വെള്ളം കയറിയത്.
നാല് അടിയോളം ഉയരത്തിൽ വെള്ളംകയറി. അരി, ആട്ട, പഞ്ചസാര, മൈദ, വെളിച്ചെണ്ണ, നെയ്യ്, തുടങ്ങിയവ നശിച്ചു. ഏകദേശം 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പെരിങ്ങമ്മല സ്വദേശിയായ ഉടമ പറഞ്ഞു. വെട്ടിപ്പുറം- തോന്ന്യാമല റോഡിനോട് ചേർന്നാണ് ഗോഡൗൺ.
ഇതിന് പിന്നിൽകൂടിയാണ് തോട് പോകുന്നത്. വെള്ളം ഇരച്ച് നാല് ഭാഗത്തേക്കും കയറുകയായിരുന്നു. ഓണക്കാലത്ത് വിതരണത്തിന് സൂക്ഷിച്ച ഭക്ഷ്യസാധനങ്ങളാണ് നശിച്ചത്.
കൂടാതെ ഇവിടെ പാടത്ത് കെട്ടിയിട്ട പോത്തും വെള്ളത്തിൽ മുങ്ങിച്ചത്തു. കെട്ടിയിട്ടതിനാൽ രക്ഷപ്പെടാൻ കഴിഞ്ഞില്ല. കെട്ടിയിടാതെ കിടന്ന മറ്റ് രണ്ട് പോത്തുകൾ രക്ഷപ്പെട്ടു. ഈ ഭാഗത്ത് വ്യാപകമായി നിലങ്ങൾ നികത്തിയിട്ടുണ്ട്.
കോന്നി: കോന്നിയിൽ ശക്തമായ മഴ തുടരുന്നു. 116 മി.മീ. മഴയാണ് രേഖപ്പെടുത്തിയത്. കോന്നി വനം വകുപ്പ് ഇൻസ്‌പെക്ഷൻ ബംഗ്ലാവ് വളപ്പിൽ സ്ഥാപിച്ച മഴമാപിനിയിലാണ് മഴയുടെ അളവ് രേഖപ്പെടുത്തിയത്. താഴ്ന്ന പ്രദേശങ്ങളിൽ തോടുകൾ വഴി റോഡിലേക്ക് വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. കോന്നി അച്ചൻകോവിലാർ, കല്ലാർ തുടങ്ങിയ നദികളിൽ ജലനിരപ്പ് ഉയർന്നു.
കലഞ്ഞൂർ മുതൽ കുമ്പഴ വരെയുള്ള പാടങ്ങളിൽ കൈത്തോടുകളിൽനിന്നും മറ്റും വെള്ളം കയറി ജലനിരപ്പ് ഉയരുന്നുണ്ട്. വെള്ളപ്പൊക്ക ഭീഷണിയോടൊപ്പം കോന്നി പൊന്തനാംകുഴി മുരുപ്പ് ഐ.എച്ച്.ഡി.പി കോളനി, പൂച്ചക്കുളം തുടങ്ങി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണിയും ഉണ്ട്. മലയോര മേഖലയിലെ റോഡുകളിൽ പല സ്ഥലങ്ങളിലും ചെറിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നുണ്ട്.
കോന്നി, വകയാർ, കലഞ്ഞൂർ, മാരൂർ പാലം, ചാങ്കൂർ മുക്ക് എന്നിവിടങ്ങളിൽ നേരത്തേ വെള്ളം കയറുകയും ദിവസങ്ങളോളം ഗതാഗത തടസ്സം നേരിടുകയും ചെയ്തിരുന്നു. മഴക്കെടുതി നേരിടാൻ സജ്ജമാണെന്ന് കോന്നി അഗ്നിരക്ഷ സേനയും ദുരന്തനിവാരണ വകുപ്പും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.