ഭക്ഷ്യഗവേഷണകേന്ദ്രം വികസിപ്പിക്കും – മന്ത്രി ജി.ആര്. അനില്‍
text_fieldsകോന്നി: സി.എഫ്.ആര്.ഡി (കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച് ആന്‍ഡ് ഡെവലപ്മെൻറ്) കാമ്പസിെൻറ വിപുലീകരണത്തിനും വികസനത്തിനും ഉതകുന്ന പദ്ധതികള്‍ തയാറാക്കി നടപ്പാക്കുമെന്ന് ഭക്ഷ്യ മന്ത്രി അഡ്വ. ജി.ആര്. അനില്‍ പറഞ്ഞു. അഡ്വ.കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എക്ക് ഒപ്പം സി.എഫ്.ആര്.ഡി കാമ്പസ് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കാമ്പസിെൻറ വിപുലീകരണത്തിനും വികസനത്തിനും ഉതകുന്ന പദ്ധതികള്‍ തയാറാക്കാന്‍ ഉന്നതതല യോഗം തിരുവനന്തപുരത്ത് ചേരുമെന്നും മന്ത്രി പറഞ്ഞു. ലേഡീസ് ഹോസ്റ്റലിന് ഉള്‍പ്പെടെ കെട്ടിടം നിര്‍മിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കും. മിനി ഭക്ഷ്യ പാര്‍ക്ക് ആരംഭിക്കണമെന്ന ജനീഷ് കുമാര്‍ എം.എല്‍.എയുടെ നിര്‍ദേശവും ഗൗരവമായി പരിശോധിക്കും. ഇതിനായി റിപ്പോര്‍ട്ട് തയാറാക്കി നൽകാന് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
അന്തര്‍ദേശീയ തലത്തില്‍ സ്വീകാര്യമായ ഗുണമേന്മയും സുരക്ഷിതത്വവും ഉറപ്പു നൽകിക്കൊണ്ട് മികച്ച ഭക്ഷണ പദാര്‍ഥങ്ങള്‍ വിപണിയിലെത്തിക്കുക, അതിനാവശ്യമായ മാനവശേഷിയും സാങ്കേതിക വിദ്യയും വികസിപ്പിച്ചെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സി.എഫ്.ആര്.ഡി പ്രവര്‍ത്തിക്കുന്നത്. കോന്നി ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡായ പെരിഞ്ഞൊട്ടയ്ക്കലിലെ 35 ഏക്കര്‍ സ്ഥലമാണ് സി.എഫ്.ആര്.ഡിക്ക് ഉള്ളത്.
ഭക്ഷ്യഗുണനിലവാര പരിശോധന ലാബ്, കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി, ഫുഡ് പ്രൊസസിങ് ട്രെയിനിങ് സെൻറര്‍ എന്നിവയാണ് സി.എഫ്.ആര്.ഡിയുടെ ചുമതലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങള്‍.സ്കൂള്‍ ഓഫ് ഫുഡ് ബിസിനസ് മാനേജ്മെൻറ് എന്ന പേരില്‍ ഒരു മാനേജ്മെൻറ് പരിശീലന സ്ഥാപനവും ഉടന്‍ ആരംഭിക്കും. എം.ജി സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ഫുഡ് ബിസിനസ് മാനേജ്മെൻറില്‍ എം.ബി.എ കോഴ്സാണ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്. 60 വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യമൊരുക്കാന്‍ കഴിയുന്ന നിലയില്‍ കെട്ടിട നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്.
ഭക്ഷ്യവകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍, സിവില്‍ സപ്ലൈസ് എം.ഡി അലി അസ്ഗര്‍ പാഷ, സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഹരിത.വി.കുമാര്‍, ജില്ല സപ്ലൈ ഓഫിസര്‍ സി.വി. മോഹന്‍കുമാര്‍, സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. മണിയമ്മ, കോന്നി ഗ്രാമപഞ്ചായത്ത്അംഗം ജിഷ ജയകുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. പ്രവീണ, ചീഫ് അനലിസ്റ്റ് ഗ്രേസ് ബേബി, ട്രെയിനിംഗ് കോഓഡിനേറ്റര്‍ കെ.ആര്.മോഹനന്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.