ഇനിയും കണക്ക് തെറ്റിക്കരുത്...ജീവനക്കാരെ കണക്കെഴുത്ത് പഠിപ്പിക്കാൻ വനം വകുപ്പിന്റെ ക്ലാസ്
text_fieldsകോന്നി: പൊലീസ് വിജിലൻസ് വിഭാഗം ജംഗിൾ സഫാരി റെയ്ഡിൽ കണ്ടെത്തിയ കണക്കിലെ പൊരുത്തക്കേടുകളും ക്രമക്കേടുകളും ഇനിയും ഉണ്ടാകാതെ സൂക്ഷിക്കാൻ സി.സി.എഫ് കമലഹാറിന്റെ നിർദേശപ്രകാരം വി.എസ്.എസ് സെക്രട്ടറിമാർക്കും വനം വകുപ്പ് ഉദ്യേഗസ്ഥരെയും കണക്കെഴുത്ത് പഠിപ്പിക്കാൻ ക്ലാസ് നടത്തി. ബുധനനാഴ്ച കോന്നി ഇക്കോ ടൂറിസം സെന്ററിൽ കോന്നി, അച്ചൻകോവിൽ വനം ഡിവിഷനിൽ നിന്നുള്ളവർക്കാണ് ക്ലാസ് നടത്തിയത്.
വന സംരക്ഷണത്തിനായി 2002ൽ ആരംഭിച്ച വനസംരക്ഷണ സമിതികളുടെ കണക്കിലും സാമ്പത്തിക ഇടപാടുകളിലും ക്രമക്കേടുണ്ടെന്ന് പൊലീസ് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് വന സംരക്ഷണ സമിതി സെക്രട്ടറിമാരെ കണക്ക് പഠിപ്പിക്കാൻ വനം വകുപ്പ് തീരുമാനിച്ചത്. ജംഗിൾ സഫാരി എന്ന പേരിൽ നടത്തിയ ഈ റെയ്ഡിലെ കണ്ടെത്തലുകളാണ് വന സംരക്ഷണ സമിതി സെക്രട്ടറിമാരെ കണക്ക് പഠിപ്പിക്കണമെന്ന വനം വകുപ്പിന്റെ തീരുമാനത്തിന് പിന്നിൽ.
ജംഗിൾ സഫാരിയെന്ന പേരിൽ പൊലീസ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് ക്രമക്കേടുകൾ ആയിരുന്നെങ്കിലും വനം വകുപ്പ് ഒരു ജീവനക്കാരന്റെ പേരിൽ പോലും നടപടി സ്വീകരിക്കുകയുണ്ടായില്ല. വന സംരക്ഷണ സമിതികളെ ബിനാമിയാക്കി സിവിൽ വർക്കുകൾ വരെ ചെയ്തതായി കണ്ടെത്തിയിരുന്നു. നഗരവനം, വിദ്യാവനം പദ്ധതി വന സംരക്ഷണ സമിതികളുടെ പേരിൽ ഒരു റേഞ്ച് ഫോറസ്റ്റ് ഓഫിസർ ചെയ്യുകയായിരുന്നെന്നും വിജിലൻസ് സംഘം കണ്ടെത്തിയിരുന്നു.
ക്രമക്കേടുകളുടെ ഒരുവശത്ത് ഉന്നത ഉദ്യോഗസ്ഥർകൂടി ഉണ്ടെന്ന് ഉറപ്പായതോടെ വിജിലൻസ് സംഘം അങ്കലാപ്പിലായി. വിജിലൻസ് കണ്ടെത്തിയത് ക്രമക്കേടുകളാണെങ്കിലും വനം വകുപ്പിന് പ്രധാനം കണക്കെഴുത്താണെന്നതാണ് ഇപ്പോഴത്തെ കണക്ക് പരിശീലനത്തിലെ കൗതുകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.