ഡെങ്കിപ്പനി പടരുമ്പോഴും കോന്നിയിൽ മാലിന്യ സംസ്കരണം പാളുന്നു
text_fieldsകോന്നി: ഡെങ്കിപ്പനി പടരുമ്പോഴും കോന്നി നാരായണപുരം ചന്തയിലെ മാലിന്യ സംസ്കരണം പാളുന്നു. മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തനക്ഷമമല്ലാത്തതാണ് കാരണം. മാലിന്യം സംസ്കരിക്കേണ്ട ഇൻസുലേറ്റർ പ്രവർത്തനരഹിതമായിട്ട് വർഷങ്ങൾ കഴിഞ്ഞു. ജൈവ-അജൈവ മാലിന്യം ചന്തക്കുള്ളിലെ എയ്റോബിക് കമ്പോസ്റ്റ് യൂനിറ്റിലും കലക്ഷൻ സെന്ററിലും ശേഖരിച്ച് ഹരിതകർമ സേനയുടെ നേതൃത്വത്തിൽ ഇനം തിരിച്ച് പ്ലാസ്റ്റിക് മാലിന്യം നീക്കുകയാണ് ചെയ്യുന്നത്.
നീക്കംചെയ്യുന്ന പ്ലാസ്റ്റിക് മാലിന്യം സ്വകാര്യ ഏജൻസികളാണ് സംസ്കരിക്കുന്നത്. പ്ലാന്റ് പ്രവർത്തനരഹിതമായതോടെ ജൈവമാലിന്യം സംസ്കരിക്കാൻ കഴിയാത്ത അവസ്ഥയായി. മഴ ശക്തമായതോടെ പ്ലാസ്റ്റിക് മാലിന്യം കെട്ടിക്കിടക്കുന്നത് കൊതുക് വളരാനും സാഹചര്യമൊരുക്കും. പഴയ ഇൻസുലേറ്റർ അറ്റകുറ്റപ്പണി നടത്തി നവീകരിക്കാൻപോലും കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് കോന്നി പഞ്ചായത്ത് അധികൃതർ പറയുന്നു. ഇൻസുലേറ്റർ കാലങ്ങളായി കാടുകയറി നാശോന്മുഖമായിട്ടും അറ്റകുറ്റപ്പണി നടത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
ഹരിതകർമ സേനക്കാണ് പഞ്ചായത്തിലെ മാലിന്യം ശേഖരിച്ച് ഇനം തിരിക്കേണ്ട ചുമതല. എന്നാൽ, ഹരിതസേന അംഗങ്ങളുടെ പങ്കാളിത്തം കാര്യക്ഷമമല്ലാത്തതും മാലിന്യ സംസ്കരണത്തെ സാരമായി ബാധിക്കുന്നുണ്ട്. കോന്നിയിൽ മാത്രം 24 പേർക്കാണ് നിലവിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
ഡെങ്കിപ്പനി ബാധിതരുടെ നിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ട് എന്നാണ് കഴിഞ്ഞ ദിവസം കോന്നിയിൽ ചേർന്ന അവലോകന യോഗത്തിലെ വിലയിരുത്തൽ. കോന്നി നാരായണപുരം ചന്തയിലെ മാലിന്യം അടിയന്തരമായി നീക്കംചെയ്തില്ലെങ്കിൽ ചന്തക്കുള്ളിൽ വരുന്ന ജനങ്ങൾക്കും രോഗം പകരാനുള്ള സാധ്യത ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.