പരാതികൾക്ക് പരിഹാരമില്ല; പൊതുമരാമത്ത് വകുപ്പിനെ വിമർശിച്ച് എം.എൽ.എ
text_fieldsകോന്നി: താലൂക്ക് വികസന സമിതിയിൽ പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി കെ.യു. ജനീഷ് കുമാർ എം.എൽ.എ. കോന്നിയിലെ റോഡുകളുടെ വികസന പ്രവർത്തനങ്ങളിൽ പൊതുമരാമത്തും റോഡ്-അറ്റകുറ്റപ്പണി വിഭാഗവും മോശമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് എം.എൽ.എ കുറ്റപ്പെടുത്തി.
ഏറ്റെടുക്കുന്ന പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനോ അറ്റകുറ്റപ്പണി തീർക്കുന്നതിനോ കഴിയുന്നില്ല. കഴിഞ്ഞ മൂന്ന് താലൂക്ക് വികസന സമിതികളിലും ഉയർന്ന പരാതികൾ പരിഹരിക്കപ്പെട്ടിട്ടില്ല. ഇനി ഈ കാര്യത്തിൽ വിട്ടുവീഴ്ചാമനോഭാവം സ്വീകരിക്കില്ലെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും എം.എൽ.എ യോഗത്തെ അറിയിച്ചു.
വർഷങ്ങളായി അരുവാപ്പുലം ഊട്ടുപാറയിലേക്ക് സർവിസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് നിർത്തലാക്കിയത് ജനങ്ങൾക്ക് വലിയ യാത്രദുരിതം സൃഷ്ടിക്കുന്നുണ്ടെന്ന് അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്‍റ് രേഷ്മ മറിയം റോയ് പറഞ്ഞു.
ദിവസേനെ 17 സർവിസുകൾ നടത്തിയിരുന്ന ബസാണിത്. ഇപ്പോൾ രണ്ട് സർവിസ് മാത്രമാണ് നടത്തുന്നത്. രാവിലെ 7.30ന് കോന്നിയിലേക്ക് വരുന്ന ബസ് തിരികെ 5.30ന് പോകുന്ന രീതിയിലാണ് സർവിസ് ക്രമീകരിച്ചിരിക്കുന്നത്. ഇതിന് അടിയന്തരമായി പരിഹാരം കാണണമെന്ന് എം.എൽ.എ, കെ.എസ്.ആർ.ടി.സിക്ക് നിർദേശം നൽകി.
ഗതാഗതക്കുരുക്ക് നിയന്ത്രിക്കും
ഐരവൺ വില്ലേജിലെ ഓൺലൈൻ സേവനങ്ങളിൽ ഐരവൺ എന്നതിന് പകരം ആയിരവൻ എന്ന് രേഖപ്പെടുത്തിയത് പാസ്പോർട്ട് എടുക്കുന്നത് അടക്കം വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കോന്നി മിനിസിവിൽ സ്റ്റേഷന് പിന്നിൽ മാലിന്യം കത്തിക്കാൻ ഇൻസുലേറ്റർ സ്ഥാപിക്കും.
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത വികസനവുമായി ബന്ധപ്പെട്ട് കോന്നി സെൻട്രൽ ജങ്ഷനിൽ തടസ്സം സൃഷ്ടിക്കുന്ന കടകൾ പൊളിച്ചുനീക്കും. ഓണത്തിരക്ക് വർധിക്കുമ്പോൾ നഗരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കും. പൊന്തനാംകുഴി മണ്ണിടിച്ചിൽ ദുരന്തത്തെ തുടർന്ന് ഭൂമി വാങ്ങിയ നാലുപേർക്ക് ആറു ലക്ഷം രൂപ വീതം നൽകിയതായും ഇനി 28 പേർക്ക് ഭൂമി വാങ്ങുന്നതിന് പണം അനുവദിക്കും.
കെ.യു. ജനീഷ് കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. കോന്നി തഹൽസിൽദാർ ബിനു രാജ്, ഡെപ്യൂട്ടി കലക്ടർ ജേക്കബ് പി. ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജിജി സജി, മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് ഷീല കുമാരി ചാങ്ങയിൽ, കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. പുഷ്പവല്ലി, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.