യുദ്ധമുഖത്ത് നേരിട്ടതിനെക്കാൾ ദുരിതമാണ് ഡൽഹിയിലെന്ന് ഹർഷാന
text_fieldsകോന്നി: ഏറെ യാതനകൾ അനുഭവിച്ച് യുദ്ധ മുഖത്തുനിന്ന് ഹർഷാന നിസാർ നാട്ടിൽ എത്തി. ഇടത്തറമേലേതിൽ നിസാർ മൻസിലിൽ രഹന-നിസാർ ദമ്പതികളുടെ മകളാണ് മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയായ ഹർഷാന നിസാർ. യുക്രെയ്നിലെ കിയവിൽ ബോഗേ മാലക്ക് നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥിനിയായ ഹർഷാന യുദ്ധമുഖത്തെ ദുരന്തങ്ങളും ദുരിതങ്ങളും താണ്ടിയാണ് നാട്ടിൽ എത്തിയത്. മകളുടെ വരവും കാത്തിരുന്ന കുടുംബം ഏറെ സന്തോഷത്തിലാണ്.
യുദ്ധം പൊട്ടിപ്പുറപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞപ്പോൾ രാത്രി 8.30ന് ആദ്യ അലാറം മുഴങ്ങിയശേഷമാണ് കോളജ് അധികൃതരുടെ നിർദേശത്തെ തുടർന്ന് ഹർഷാനയും സുഹൃത്തുക്കളും അടങ്ങുന്ന 200 ഓളം കുട്ടികൾ ബങ്കറുകളിലേക്ക് മാറിയത്. പിന്നീട് നാലുദിവസത്തോളം ഇവർ ബങ്കറുകളിലായി. പുറത്തെ വെടിയൊച്ചകൾ കേട്ട് വളരെ ഭയാശങ്കയോടെ എന്തുചെയ്യണം എന്ന് അറിയാതെ കഴിയുകയായിരുന്നു ഹർഷാനയും കൂട്ടുകാരും. ഓരോ അലാറം മുഴങ്ങി അരമണിക്കൂർ കഴിയുമ്പോൾ വെടിയൊച്ചയുടെയും സ്ഫോടനത്തിന്റെയും ശബ്ദം കേൾക്കാമായിരുന്നുവെന്ന് ഹർഷാന പറയുന്നു. പിന്നീട് സ്വന്തം തീരുമാനപ്രകാരം 10 മണിക്കൂറോളം യാത്ര ചെയ്ത് യുക്രെയ്ൻ അതിർത്തിയായ റുമേനിയയിൽ എത്തി. അവിടെ യുക്രെയ്ൻ പട്ടാളം പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു.
എന്നാൽ, പിന്നീടുള്ള ദുരിതങ്ങൾ പറയുമ്പോൾ ഹർഷാനയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അതിർത്തിയിൽനിന്ന് ബസ് മാർഗം ഫോക്സാൽ റെയിൽവേ സ്റ്റേഷനിൽ എത്തിയെങ്കിലും അവിടെ വലിയ ദുരിതം ഇവർക്ക് നേരിടേണ്ടി വന്നു. വന്ന ട്രെയിനുകളിൽ ഒന്നും ഇന്ത്യക്കാരെ കയറ്റിവിടാൻ യുക്രെയ്നികൾ സമ്മതിച്ചില്ല. പ്രദേശത്തെ ആളുകളെ മാത്രമാണ് കടത്തിവിട്ടത്.
അഞ്ച് ട്രെയിനുകൾ കടന്നുപോയിട്ടും ഇവരെ കയറ്റിയില്ല. പിന്നീട് ആറാമത്തെ ട്രെയിനിലാണ് കയറിയത്. കയറിയ ട്രെയിനിൽ ആറുമണിക്കൂർ നിന്ന് യാത്ര ചെയ്യേണ്ടി വന്നു. പിന്നീട് റുമേനിയ ഡൊമസ്റ്റിക് ഫ്ലൈറ്റിൽ ഹർഷാന ഉൾപ്പെടുന്ന 200 അംഗ സംഘം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയശേഷവും വലിയ ദുരിതം നേരിട്ടു. വന്ന സംഘത്തിലെ 198 പേരും ജന്മനാടുകളിലേക്ക് തിരികെ പോയപ്പോൾ ഇന്ത്യൻ എംബസിയുടെ പിടിപ്പുകേടുമൂലം ഹർഷാനയും മലപ്പുറം സ്വദേശിയായ മറ്റൊരു പെൺകുട്ടിയും മടക്കയാത്രയുടെ ലിസ്റ്റിൽ പേരില്ലാത്തതുമൂലം മണിക്കൂറുകളാണ് എയർപോർട്ടിൽ അകപ്പെട്ടത്. ശനിയാഴ്ച രാത്രിയോടെയാണ് ഹർഷാന ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. ബോർഡിങ് പാസ് ലഭിക്കാത്തതുമൂലം നെടുമ്പാശ്ശേരിയിലേക്ക് വന്ന ഫ്ലൈറ്റിൽ ഹർഷാനക്ക് കയറാൻ സാധിച്ചില്ല.
യുദ്ധമുഖത്തുനിന്ന് എത്തിയ മകളെ സ്വീകരിക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കാത്തുനിന്ന ഹർഷാനയുടെ വീട്ടുകാർ പിന്നീട് മകളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മകളുടെ കരച്ചിലാണ് കേട്ടത്. ഇതോടെ വീട്ടുകാരും വിഷമത്തിലായി. പിന്നീട് വീട്ടുകാർ നാട്ടിലുള്ള നിരവധി പ്രമുഖരുമായും കൊല്ലം കലക്ടറുമായും ബന്ധപ്പെട്ട ശേഷമാണ് ശനിയാഴ്ച രാത്രിയോടെ ഏറെ പ്രയാസങ്ങൾക്കൊടുവിൽ നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനത്തിൽ നാട്ടിലെത്തിയത്.
യുദ്ധമുഖത്ത് നേരിട്ടതിനെക്കാൾ ഏറ്റവും വലിയ ദുരിതമാണ് ഡൽഹിയിൽ നേരിടേണ്ടി വന്നതെന്ന് ഹർഷാന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.