ആശങ്കയായി പാറമടകൾ; കോന്നിക്കുമേൽ ജലബോംബുകൾ
text_fieldsകോന്നി: മഴ കനക്കുമ്പോൾ ഓരോ വർഷവും വിവിധ ഭാഗങ്ങളിൽ അച്ചൻകോവിലാർ കരകവിഞ്ഞൊഴുകി വീടുകളിൽ വെള്ളം കയറുന്നത് ഭീതിയോടെയാണ് കോന്നിക്കാർ നേരിടുന്നത്. എന്നാൽ ഇന്ന് കോന്നിയുടെ സ്ഥിതി വളരെ ഭീകരമാണ്. അനധികൃത പാറ ഖനനവും കുന്നിടിച്ചുള്ള പച്ചമണ്ണെടുപ്പും കാരണം വരുംനാളുകളിൽ വലിയൊരു ദുരന്തം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. സംസ്ഥാനത്ത് കനത്ത മഴയും മണ്ണിടിച്ചിലും മൂലമുള്ള ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ കോന്നിയിൽ നിലവിൽ പ്രവർത്തിക്കുന്നതും ഉപേക്ഷിക്കപെട്ടതുമായ പാറമടകൾ ആശങ്ക വർധിപ്പിക്കുന്നു.
കടത്തുന്നത് കൂടുതൽ ലോഡുകൾ
കോന്നി നിയോജക മണ്ഡലത്തിൽ കോന്നി, കലഞ്ഞൂർ പഞ്ചായത്തുകളിലാണ് പാറമടകൾ ഏറെയും സ്ഥിതി ചെയ്യുന്നത്. കോന്നി പയ്യനാമൺ കാർമല പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന പാറമടകളിൽ നിന്നും ഒരുദിവസം അനുവദിച്ച പാസുകളിൽ കൂടുതലാണ് കടത്തിക്കൊണ്ട് പോകുന്ന ലോഡുകൾ. നിലവിൽ പ്രവർത്തിക്കുന്ന പാറമടകൾ കൂടാതെ ചെങ്ങറ കേന്ദ്രീകരിച്ച് തുടങ്ങിയ പുതിയ പാറമടക്ക് എതിരെയും ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്. കോന്നിയിലെ പല പാറമടകളിലും പാറ പൂർണ്ണമായി പൊട്ടിച്ചുമാറ്റിയ ശേഷം വീണ്ടും പാറ ലഭിക്കാൻ കുഴിമട സംവിധാനവും ഉപയോഗിച്ച് വരുന്നുണ്ട്. പാറ പൊട്ടിച്ചുമാറ്റിയ കുഴികളിൽ കെട്ടിക്കിടക്കുന്ന വെള്ളവും വലിയ ദുരന്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
പയ്യനാമൺ, അതിരുങ്കൽ, പാക്കണ്ടം, പോത്ത്പാറ, കലഞ്ഞൂർ പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള നിരവധി പാറക്കുളങ്ങളാണ് നിറഞ്ഞുനിൽക്കുന്നത്. മുമ്പ് പാറമടകൾക്ക് മൈനിങ്ങ് ആൻഡ് ജിയോളജി വകുപ്പ് ആണ് അനുമതി നൽകിയിരുന്നത് എങ്കിൽ ഇന്ന് അത് പഞ്ചായത്തുകൾക്ക് നൽകാം എന്ന സ്ഥിതി വന്നതും പ്രകൃതിക്ക് വിനാശമാണ്. പാറഖനനം മാത്രമല്ല അനധികൃത പച്ചമണ്ണെടുപ്പും കോന്നിയുടെ വിവിധ മേഖലകളിൽ ദുരന്ത ഭീതി വർധിപ്പിക്കുന്നു. വിവിധ പ്രദേശങ്ങളിൽ നിന്നും തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അനധികൃത പച്ചമണ്ണ് കടത്ത് വ്യാപകമാണ്.
തേക്കുതോട് പോലെയുള്ള ഉയർന്ന പ്രദേശങ്ങളിൽ, താഴെ വീഴാറായ കൂറ്റൻ പാറയുടെ അടിഭാഗങ്ങളാണ് മണ്ണെടുത്ത് മാറ്റിയിട്ടുള്ളത്. കാലക്രമേണ ഈ ഭാഗത്ത് വലിയതോതിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നതിനുള്ള സാധ്യത ഏറെയാണ്. കോന്നി അട്ടച്ചാക്കൽ, പയ്യനാമൺ പ്രദേശങ്ങളിൽ പാറമടകൾ പ്രവർത്തിക്കുന്ന പ്രദേശങ്ങളുടെ അടുത്ത് താമസിക്കുന്ന ആളുകളും ഭീതിയിലാണ് ഇപ്പോൾ. പല പ്രദേശങ്ങളിലും മണ്ണിടിച്ചിൽ സാധ്യത ഇപ്പോഴും നിലനിൽക്കുന്നു. പല. വീടുകളുടെയും ഭിത്തികൾ സ്ഫോടനം മൂലം ഉണ്ടാകുന്ന പ്രകമ്പനം മൂലം പൊട്ടിയിരിക്കുന്നതും കാണാം. ഇത്തരം മാഫിയകൾക്ക് കടിഞ്ഞാൺ ഇടാൻ ബന്ധപ്പെട്ടവർ തയാറായില്ലെങ്കിൽ വലിയ ദുരന്തം ആകും കോന്നിയെ കാത്തിരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.