ഇവിടെ, വന്യമൃഗങ്ങൾ കൗതുക കാഴ്ചയാകുന്നു
text_fieldsകോന്നി: വറ്റിവരണ്ടുകിടന്ന കല്ലാർ ഇടക്കിടെ പെയ്ത മഴയിൽ വീണ്ടും ഒഴുകിത്തടങ്ങിയതോടെ കുടിവെള്ളം തേടി ഇറങ്ങുന്ന വന്യമൃഗങ്ങൾ ജനങ്ങൾക്ക് കൗതുകമാകുന്നു. കാട്ടുപോത്ത്, ആന, പന്നി, കുരങ്ങ്, മ്ലാവ്, വിവിധ ഇനം കൊക്കുകൾ തുടങ്ങിയവയെല്ലാം കല്ലാറ്റിൽ വെള്ളം കുടിക്കുവാൻ എത്തുന്നുണ്ട്.
കഴിഞ്ഞ രണ്ടുദിവസങ്ങളിൽ ലോക്ഡൗൺ സമാന നിയന്ത്രണങ്ങൾ വന്നത് ജനത്തിരക്ക് കുറച്ചതോടെ വനത്തിനുള്ളിൽനിന്ന് കൂട്ടമായാണ് കാട്ടുപോത്തുകൾ എത്തിയത്. കല്ലാറ്റിൽ ഇറങ്ങി വെള്ളം കുടിച്ച് ഏറെനേരം വെള്ളത്തിൽ കിടന്ന് ചൂട് ശമിപ്പിച്ചതിന് ശേഷമാണ് പോത്തുകൾ വനത്തിലേക്ക് മടങ്ങിയത്. ഇതിനിടയിൽ ഇതുവഴി വന്ന യാത്രക്കാരിൽ ചിലർ ഇവരുടെ ചിത്രങ്ങൾ മൊബൈൽ കാമറയിൽ പകർത്തിയെങ്കിലും ഇവരെ ഗൗനിക്കാതെ പോത്തിൻകൂട്ടം കാട്ടിനുള്ളിലേക്ക് മടങ്ങി. കല്ലാറ്റിൽ വെള്ളം കുടിക്കുവാൻ എത്തുന്ന കാട്ടാന കൂട്ടവും അനവധിയാണ്.
പകൽ സമയത്ത് വാഹനയാത്രക്കാർക്ക് ആനയെയും പോത്തിനെയും ഒക്കെ കാണാൻ സാധിക്കുമെങ്കിലും രാത്രിയിൽ കോന്നി തണ്ണിത്തോട് റോഡ് വഴിയുള്ള യാത്ര ദുഷ്കരമാണ്. നിറയെ വളവുകൾ ഉള്ള റോഡായതിനാൽ വെളിച്ചക്കുറവുള്ള ഭാഗങ്ങളിൽ ആന യുടെയും മറ്റും അടുത്ത് എത്തിയതിനുശേഷമാകും യാത്രക്കാർക്ക് അപകടം മനസ്സിലാവുക. മുമ്പ് പലതവണ ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ട്. വന്യമൃഗങ്ങൾ റോഡ് മുറിച്ച് കടക്കുവാൻ സാധ്യതയുള്ള ഭാഗങ്ങളിൽ വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.