കോന്നി മെഡിക്കൽ കോളജിൽ ഹൈ ടെൻഷൻ വൈദ്യുതി എത്തും
text_fieldsകോന്നി: ഗവ. മെഡിക്കൽ കോളജിൽ ഹൈ ടെൻഷൻ വൈദ്യുതി കണക്ഷൻ നൽകുന്നതിനും സോളാർ പാനൽ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനും തീരുമാനമായി. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് എം.എൽ.എയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
മെഡിക്കൽ കോളജിനുള്ളിൽ1600 കെ.വി.യുടെ രണ്ട് ട്രാൻസ്ഫോർമർ ഉൾപ്പടെ എച്ച്.ടി. പാനൽ നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. കണക്ഷന് വേണ്ടി മെഡിക്കൽ കോളജിന് പുറത്തേക്ക് കേബിൾ എത്തിച്ചിട്ടുമുണ്ട്.
2000 കെ.വി.യുടെ എച്ച്.ടി. കണക്ഷനാണ് മെഡിക്കൽ കോളജ് പ്രവർത്തനത്തിന് ആവശ്യം. ഇതിനായി കോന്നി സബ് സ്റ്റേഷനിൽ നിന്നും പ്രത്യേകമായി എ.ബി.സി കേബിൾ മെഡിക്കൽ കോളജ് വരെ സ്ഥപിക്കണം.
ഇതിനായി 2.43 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ യോഗത്തെ അറിയിച്ചു. തുക ഉടൻ തന്നെ കെ.എസ്.ഇ.ബിക്ക് അടയ്ക്കുമെന്ന് എം.എൽ.എ പറഞ്ഞു. ഇതിനായി മെഡിക്കൽ എജുക്കേഷൻ ഡയറക്ടറുമായി ചർച്ച നടത്തി നടപടികൾ വേഗത്തിലാക്കും.
മെഡിക്കൽ കോളജിെൻറ മട്ടുപ്പാവിൽ ഒരു മെഗാവാട്ട് ശേഷിയുള്ള സൗരോർജ വൈദ്യുത ഉൽപാദന നിലയം സ്ഥാപിക്കാനുള്ള പദ്ധതി രൂപീകരിക്കാൻ യോഗം കെ.എസ്.ഇ.ബിയെ ചുമതലപ്പെടുത്തി. കെ.എസ്.ഇ.ബി നോഡൽ ഏജൻസിയായുള്ള ഊർജ്ജ കേരളാ മിഷെൻറ സൗര പദ്ധതിയുടെ ഭാഗമായി സൗരോർജ വൈദ്യുത നിലയം സ്ഥാപിക്കാനാണ് തീരുമാനമായത്.
മെഡിക്കൽ കോളജ് കെട്ടിടത്തിെൻറ മട്ടുപ്പാവിന് 13,000 സ്ക്വയർ മീറ്റർ വിസ്തീർണ്ണമുണ്ട്. 8000 സ്ക്വയർ മീറ്ററിൽ സോളാർ പാനൽ സ്ഥാപിച്ചാൽ ഒരു മെഗാവാട്ട് വൈദ്യുത നിലയം സ്ഥാപിക്കാമെന്നാണ് കണക്കാക്കുന്നത്. പ്രതിദിനം 5000 യൂനിറ്റ് വൈദ്യുതി സൂര്യപ്രകാശത്തിൽ നിന്നും ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം.
യോഗത്തിൽ കെ.യു. ജനീഷ് കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സി.എസ്. വിക്രമൻ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എബി സുഷൻ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. എസ്. സജിത്കുമാർ, എച്ച്.എൽ.എൽ ചീഫ് പ്രൊജക്ട് മാനേജർ ആർ. രതീഷ് കുമാർ, കെ.എസ്.ഇ.ബി പത്തനംതിട്ട ഇലക്ട്രിക്കൽ ഡിവിഷൻ എക്സി. എഞ്ചിനീയർ കെ. സന്തോഷ്, അസി. എക്സി. എഞ്ചിനീയർ കെ.എ. ഗിരീഷ്, അസി. എഞ്ചിനീയർ ജോൺസി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.