മ്ലാന്തടത്തിൽ കുതിരക്കുളമ്പടി ശബ്ദം
text_fieldsകോന്നി: ജില്ലയിലെ ആദ്യത്തെ കുതിര സവാരി പരിശീലന കേന്ദ്രത്തിന് വകയാർ മ്ലാന്തടത്തിൽ തുടക്കമായി. കുളത്തുമൺ സ്വദേശികളും സഹോദരങ്ങളുമായ ഷൈൻ കോമളൻ, ഷാൻ കോമളൻ എന്നിവർ ചേർന്നാണ് മണ്ണുശ്ശേരിൽ ജാക്പോട്ട് എന്ന പേരിൽ ജില്ലയിലെ ആദ്യത്തെ കുതിര സവാരി കേന്ദ്രത്തിന് തുടക്കം കുറിച്ചത്. കുതിരകളോടുള്ള ഇഷ്ടമാണ് സവാരി പരിശീലന കേന്ദ്രം എന്ന ആശയത്തിലേക്ക് എത്തിച്ചതെന്ന് കേന്ദ്രത്തിന്റെ ഉടമകളിൽ ഒരാളായ ഷൈൻ കോമളൻ പറയുന്നു.
രണ്ടുവർഷം മുമ്പാണ് ജാക് എന്ന മാർവാടി ഇനത്തിൽപെട്ട റൈഡിങ് കുതിരയെ ഇവർ വാങ്ങുന്നത്. തുടർന്ന് ഹാർലി, കണ്ണൻ, ഗൗരി, ലക്ഷ്മി തുടങ്ങിയ കുതിരകളും ഇവിടെയെത്തി. ഹാർലി ചെറിയ സെലിബ്രിറ്റി കൂടിയാണ്. പ്രധാനാഘോഷ വേളകൾ, വിവാഹ ആഘോഷങ്ങൾ തുടങ്ങിയവക്ക് എല്ലാം ആളുകൾ ഹാർലിയെ വാടകക്ക് എടുക്കാറുണ്ട്.
മെറിൻ, വിഷ്ണു എന്നിവരാണ് കുതിരകളുടെ പരിശീലകർ. കുറഞ്ഞ സമയത്തിനുള്ളിൽ നിരവധി ആളുകൾ ഇവിടെ പരിശീലനത്തിനായി എത്തിയിട്ടുണ്ട്. 15 വയസ്സിൽ താഴെ ഉള്ളവർക്ക് 20 ദിവസത്തെ പരിശീലനത്തിന് 5000 രൂപയും ഇതിനു മുകളിൽ പ്രായമുള്ളവർക്ക് 20 ദിവസത്തേക്ക് 7000 രൂപയുമാണ് നിരക്ക്. കുതിര സവാരി കേന്ദ്രത്തിന് ഉള്ളിൽ ചുറ്റിന്നതിന് 200 രൂപയാണ് നൽകേണ്ടത്. കുതിരകളെ കൂടാതെ അലങ്കാരകോഴികൾ, ലവ് ബേർഡ്സ്, മുയൽ, താറാവ് തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്. കെ.യു. ജനീഷ് കുമാർ എം.എൽ.എയാണ് സവാരി കേന്ദ്രം ഉദ്ഘാടനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.