ജനജീവിതം ദുരിതത്തിലാക്കി കരിഞ്ചെള്ളുകൾ; അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം
text_fieldsകോന്നി: മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ കരിഞ്ചെള്ള് ശല്യം അതിരൂക്ഷം. കോന്നിയിലെ വിവിധ സ്ഥലങ്ങളായ ആവോലിക്കുഴി, കൊക്കാത്തോട്, അപ്പൂപ്പൻതോട്, അരുവാപ്പുലം, പ്രമാടം തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് കരിഞ്ചെള്ളുകൾ ജനജീവിതം ദുസ്സഹമാക്കുന്നത്. കോന്നി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ആവോലിക്കുഴി പ്രദേശത്തെ നിരവധി വീടുകളിൽ കരിഞ്ചെള്ള് ശല്യം അതിരൂക്ഷമാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ചെള്ളുകൾ കൂടുതലായും ശല്യമാകുന്നത്.
വീടിന്റെ ഓടുകൾക്കിടയിലും ഭിത്തികളിലും സ്ഥാനം പിടിക്കുന്ന ചെള്ളുകൾമൂലം താമസിക്കാൻപോലും പറ്റാത്ത അവസ്ഥയാണുള്ളത്. ആഹാര സാധനങ്ങൾ പാചകം ചെയ്ത് കഴിക്കാൻപോലും സാധിക്കുന്നില്ലെന്ന് വീട്ടമ്മമാർ പറയുന്നു. ചെള്ളുകൾ ശരീരത്തിൽ വീണാൽ അസഹ്യമായ നീറ്റലും പുകച്ചിലും ഉണ്ടാകാറുണ്ട്. കൂടാതെ അസഹ്യമായ ദുർഗന്ധവും പുറപ്പെടുവിക്കുന്നു. മനുഷ്യർക്ക് മാത്രമല്ല വളർത്ത് മൃഗങ്ങൾക്കും കരിഞ്ചെള്ളുകൾ ഭീഷണിയാകുന്നുണ്ട്. മൂട്ടയെ പ്രതിരോധിക്കുന്ന മരുന്ന് വെള്ളത്തിൽ കലർത്തിയാണ് വീടുകളിലെ ചെള്ളുകളെ അകറ്റിയിരുന്നത്.
എന്നാൽ, ചെള്ള് അധികമായപ്പോൾ ഇതും രക്ഷയില്ലാതെയായി. ചെള്ളുകളെ തുരത്താൻ അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. മുപ്ലി വണ്ട്, ഓട്ടെരുമ, ഓലച്ചാത്തൻ, ഓലപ്രാണി, കരിഞ്ചെള്ള് എന്നിങ്ങനെ പലപേരുകളിൽ അറിയപ്പെടുന്ന ഇവ റബർ തോട്ടങ്ങളിലാണ് കൂടുലായി കണ്ടുവരുന്നത്. ഡിസംബർ അവസാനത്തോടെ റബറിന്റെ ഇലപൊഴിയുമ്പോഴാണ് തോട്ടങ്ങളിൽ ചെള്ളുകൾ വരുന്നത്. റബർ തോട്ടങ്ങളിലെ കരിയിലകൾക്കടിയിലാണ് ഇവ മുട്ടയിടുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.