നിക്ഷേപ തട്ടിപ്പ്: പോപുലർ ഫിനാൻസ് ആസ്ഥാനത്ത് നോട്ടീസ് പതിച്ചു
text_fieldsകോന്നി: നിക്ഷേപ തട്ടിപ്പിനെത്തുടർന്ന് പോപുലർ ഫിനാൻസ് കോന്നി വകയാറിലെ ആസ്ഥാന ഓഫിസ് കെട്ടിടത്തിൽ കോടതി അറ്റാച്മെൻറ് നോട്ടീസ് പതിച്ചു.
അടൂർ ഗീതാഞ്ജലിയിൽ കെ.വി. സുരേഷ് പത്തനംതിട്ട മുൻസിഫ് കോടതിയിൽ ഫയൽ ചെയ്ത കേസിനെത്തുടർന്നാണ് വകയാർ എട്ടാം കുറ്റിക്ക് സമീപത്തെ ആസ്ഥാന ഓഫിസ്, എട്ടാംകുറ്റിയിലെ വകയാർ ലാബ് എൽ.എൽ.പി, പോപുലർ െട്രയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് മുന്നിൽ നോട്ടീസ് പതിച്ചത്.
പരാതികളുടെ അടിസ്ഥാനത്തിൽ 406, 420 വകുപ്പുകൾ ചേർത്താണ് പോപുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയേൽ എന്ന റോയി ഡാനിയേൽ, ഭാര്യ പ്രഭ ഡാനിയേൽ എന്നിവരെ പ്രതി ചേർത്ത് 1740/2020 എന്ന നമ്പറിൽ കേസ് രജിസ്റ്റർ ചെയ്തത്.
സംസ്ഥാനത്തുള്ളത് 350 ശാഖ
പത്തനംതിട്ട: പോപുലർ ഫിനാൻസിന് സംസ്ഥാനത്തുള്ളത് 350 ശാഖ. ഇവക്കുപുറമെ, തമിഴ്നാട്ടിൽ 18ഉം കർണാടകത്തിൽ 22ഉം മഹാരാഷ്ട്രയിൽ ഒമ്പതും ഹരിയാനയിൽ ആറും ശാഖകളുള്ളതായി വെബ്സൈറ്റിലുണ്ട്. ബ്രാഞ്ചുകളുടെ പത്രാസും പരസ്യവുമാണ് നിക്ഷേപകരെ കുഴിയിൽ ചാടിച്ചത്. നിക്ഷേപകർക്ക് ഒമ്പത് കടലാസ് കമ്പനികളുടെ ഷെയർ നൽകിയാണ് പറ്റിച്ചത്.
15ഉം 18ഉം ശതമാനം പലിശ കിട്ടുമെന്നറിഞ്ഞപ്പോൾ കണ്ണുംപൂട്ടി നിക്ഷേപം നടത്തുകയായിരുന്നു. പ്രവാസികൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, റിട്ടയർ ചെയ്തവർ തുടങ്ങിയവരുടെ പണമാണ് നഷ്ടപ്പെട്ടത്. വസ്തു വിറ്റ് പണം നിക്ഷേപിച്ചവരുമുണ്ട്.
മക്കളുടെ വിവാഹം, വിദ്യാഭ്യാസം, വീട് പണി എന്നിവക്കൊക്കെയായി നിക്ഷേപിച്ച പണമാണിത്. അടുത്തകാലത്ത് സർവിസിൽനിന്ന് വിരമിച്ച വനിത എസ്.ഐ ആനുകൂല്യം മുഴുവൻ സ്ഥാപനത്തിലാണ് നിക്ഷേപിച്ചത് -28 ലക്ഷം രൂപ.
കോന്നി സ്റ്റേഷൻ പരിധിയിൽമാത്രം 15 കോടിയാണ് നിക്ഷേപകർക്ക് നഷ്ടമായത്. പത്തനംതിട്ട, കൊടുമൺ, പത്തനാപുരം, അടൂർ, കൊട്ടാരക്കര, ശാസ്താംകോട്ട, അഞ്ചൽ, മാന്നാർ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലും പരാതികൾ പ്രവഹിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.