കരാറുകാരന് നയാപൈസ കിട്ടിയില്ല; ഐരവൺ പാലം നിർമാണം നിലച്ചു
text_fieldsകോന്നി: കരാറുകാരന് പണം ലഭിക്കാത്തതിനെ തുടർന്ന് അരുവാപ്പുലം-ഐരവൺ-കോന്നി മെഡിക്കൽ കോളജ് പാലത്തിന്റെ നിർമാണം നിലച്ചു. 12.25 കോടിയാണ് നിർമാണത്തിന് അനുവദിച്ചത്. നാല് തൂണിന്റെ നിർമാണമാണ് നിലവിൽ പൂർത്തിയായിട്ടുള്ളത്. ആദ്യഘട്ടത്തിൽ വളരെ വേഗത്തിലായിരുന്നു നിർമാണം. എന്നാൽ, കരാറുകാരന് പണം ലഭിക്കാതെ വന്നതോടെ നിർമാണം നിലച്ചു.
കോന്നിയുടെ വികസന സ്വപ്നങ്ങൾക്ക് മാറ്റു കൂട്ടുന്ന പാലത്തിന്റെ നിർമാണം പ്രദേശവാസികളുടെ ദീർഘനാളായുള്ള ആവശ്യമായിരുന്നു. റീബിൽഡ് കേരള ഇനിഷ്യേറ്റിവിൽ ഉൾപ്പെടുത്തി 12.25 കോടിയുടെ ഭരണാനുമതിയാണ് നിർമാണത്തിന് ലഭിച്ചത്. പൊതുമരാമത്ത് പാലം വിഭാഗത്തിനായിരുന്നു നിർവഹണ ചുമതല. പാലത്തിനു ആകെ 183.7 മീറ്റർ നീളവും ഇരുവശത്തും 1.5 മീറ്റർ വീതിയുള്ള നടപ്പാതയോടും കൂടി ആകെ 11 മീറ്റർ വീതിയുമാണുള്ളത്. നിർമാണം പൂർത്തീകരിക്കുന്നത്തോടെ അരുവാപ്പുലം പഞ്ചായത്തിലെ നാല് വാർഡുകളെ മറ്റു 11 വാർഡുമായി ബന്ധിപ്പിക്കാൻ സാധിക്കും. ഈ പാലം കോന്നി മെഡിക്കൽ കോളജിലേക്കുള്ള എളുപ്പവഴിയുമാകും.
അരുവാപ്പുലം പഞ്ചായത്ത് ഓഫിസ്, കൃഷി ഭവൻ തുടങ്ങിയ ഓഫിസുകൾ സ്ഥിതി ചെയ്യുന്നതിന്റെ മറുകരയിലാണ് ആനകുത്തി, ഐരവൺ, കുമ്മണ്ണൂർ, മുളകുകൊടിത്തോട്ടം വാർഡുകൾ സ്ഥിതി ചെയ്യുന്നത്. ഈ നാല് വാർഡുകളിലെ ആളുകൾ കിലോമീറ്ററുകൾ യാത്ര ചെയ്ത് കോന്നി ടൗണിലൂടെ മാത്രമേ അരുവാപ്പുലത്തെത്തി ആവശ്യങ്ങൾ സാധിക്കാൻ കഴിയുകയുള്ളു.
അക്കരെയിക്കരെ കടക്കാൻ ഐരവൺ, അരുവാപ്പുലം കരകളെ ബന്ധിപ്പിച്ച് പാലമുണ്ടാവുക എന്നത് പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ്. അച്ചൻകോവിൽ-ചിറ്റാർ മലയോര ഹൈവേയിലൂടെ എത്തുന്ന തമിഴ്നാട് സ്വദേശികൾക്കടക്കം കോന്നിയിൽ എത്താതെ അ രുവാപ്പുലത്തുനിന്നും ഐരവൺ പാലത്തിലൂടെ മെഡിക്കൽ കോളജിലെത്താം. മെഡിക്കൽ കോളജിലേക്കുള്ള പാലം കോന്നി ടൗണിലെ തിരക്കിൽപെടാതെ രോഗികൾക്ക് ആശുപത്രിയിൽ എത്താൻ സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.