മഹാമാരിയിൽ കനലെരിയാതെ ആലകൾ ലോക്ഡൗണിൽ പ്രതിസന്ധിയിലായി ഇരുമ്പുപണിക്കാർ
text_fieldsകോന്നി: കാർഷികവൃത്തി മുതൽ വീട്ടാവശ്യങ്ങൾക്കുവരെ ആയുധങ്ങൾ നിർമിക്കുകയും മൂർച്ച കൂട്ടുകയും ചെയ്തിരുന്ന വിശ്വകർമ വിഭാഗത്തിൽപെട്ട കൊല്ലപ്പണിക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായി.
കാർഷികജോലികളും കെട്ടിടനിർമാണവും റബർ ടാപ്പിങ്ങുമൊക്കെ സാധാരണഗതിയിൽ നടന്നെങ്കിൽ മാത്രെമ കൊല്ലപ്പണിക്കാരുടെ ആലകൾ സജീവമാകൂ. ലോക്ഡൗൺ മൂലം ഇവയെല്ലാം നിശ്ചലമായതോടെ ഇരുമ്പുപണി ചെയ്യുന്ന ആലകളിലേക്ക് ആരും തിരിഞ്ഞുനോക്കാതെയായി. കേരളത്തിലെ എല്ലാ മേഖലയിലും ജോലി ചെയ്യുന്നവർക്കും അന്തർ സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കും സർക്കാർ ധനസഹായം അനുവദിച്ചപ്പോഴും നിർമാണമേഖലയിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഇരുമ്പുപണിക്കാർക്ക് ഒരു ആനുകൂല്യവും ലഭിച്ചില്ല.
ആലയിൽ ലഭിക്കുന്ന ജോലികൾക്ക് അനുസരിച്ചാണ് കൊല്ലപ്പണിയിലെ വരുമാനം. ചില ദിവസങ്ങളിൽ ആയുധങ്ങൾ ശരിയാക്കാൻ ആരും എത്തിയില്ലെങ്കിൽ നിത്യ െചലവിനുപോലും വഴിമുട്ടും. വൻകിട കമ്പനികൾ യന്ത്രങ്ങളിൽ ഗാർഹിക ആയുധങ്ങൾ നിർമിച്ച് വിപണിയിലിറക്കിയതും കൊല്ലപ്പണിയെ സാരമായി ബാധിച്ചു. പിത്തള, ഇരുമ്പ്, കോലരക്ക്, പൊൻകാരം, വെള്ളി, കരി, അരം തുടങ്ങിയവയാണ് ആലയിലെ ജോലിക്ക് ഉപയോഗിക്കേണ്ടിവരുന്ന പ്രധാന അസംസ്കൃത വസ്തുക്കൾ. വിപണിയിൽ ഇവയുടെ എല്ലാം വില നാൾക്കുനാൾ വർധിച്ചതും ഇേതാടൊപ്പം കൊല്ലപ്പണിയിൽനിന്ന് ലഭിക്കുന്ന വരുമാനം കുറഞ്ഞതും ഈ മേഖലയിൽ ജോലി ചെയ്യുന്നവരെ നേരേത്തതന്നെ പ്രതിസന്ധിയിലാക്കിയിരുന്നു. അതിനിടെയാണ് ലോക്ഡൗൺ പ്രഖ്യാപനവും ഇരുമ്പുപണിക്കാരുടെ നട്ടെല്ലൊടിച്ചത്. ജോലി ഇല്ലാതായതോടെ ഇരുമ്പുപണി ചെയ്യുന്നവർ മറ്റ് തൊഴിൽ മേഖലകൾ തേടി പോകേണ്ട അവസ്ഥയാണുള്ളതെന്നും ഈ മേഖലയിലുള്ളവർ പറയുന്നു.
ടാപ്പിങ് മേഖലയിൽനിന്നുള്ള കത്തി ഉൾപ്പെടെയുള്ള ആയുധങ്ങളും ആലയിലേക്ക് എത്തിയിരുന്നെങ്കിലും റബറിെൻറ വിലത്തകർച്ച ടാപ്പിങ് മേഖലയെ സാരമായി ബാധിച്ചതോടെ ടാപ്പിങ് കത്തികൾ നിർമിക്കാനും മൂർച്ച കൂട്ടാനും ആലയിലേക്ക് ആരും എത്താതെയായി. നിർമാണമേഖല സ്തംഭിച്ച് ലോക്ഡൗൺ തുടർന്നാൽ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന വ്യാകുലതയിലാണ് ഇരുമ്പുപണിക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.