കാട്ടിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹം തേടിയുള്ള യാത്ര; കൊടുംവനത്തിൽ ഭീതിയുടെ 12 മണിക്കൂർ
text_fieldsകോന്നി: ഔദ്യോഗിക ജീവിതത്തിൽ ഇന്നുവരെ നേരിടാത്ത ഭീകരമായ അനുഭവങ്ങളാണ് കൊക്കാത്തോട് വനമേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നെല്ലിക്കപ്പാറ വടക്കേചരുവിൽ ഷാജിയുടെ മൃതദേഹം കണ്ടെത്താൻ ഇറങ്ങിപ്പുറപ്പെട്ട തങ്ങൾക്ക് നേരിടേണ്ടിവന്നതെന്ന് പൊലീസ്-വനംവകുപ്പ് ഉദ്യോഗസ്ഥർ.
12 മണിക്കൂറിലേറെ 17 കിലോമീറ്ററിലധികം മൂന്ന് മലകൾ കയറിയിറങ്ങി സഞ്ചരിച്ച് കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നികൾ തുടങ്ങിയവയോട് പടപൊരുതിയാണ് ഉദ്യോഗസ്ഥർ വടശ്ശേരിക്കര ഫോറസ്റ്റ് റേഞ്ചിലെ ചെളിക്കലാറിന് സമീപത്ത് പാറയുടെ മുകളിൽനിന്ന് മൃതദേഹം കണ്ടെത്തിയത്. പൊന്നാമ്പൂവും മറ്റ് വനവിഭവങ്ങളും ശേഖരിക്കാൻ വനത്തിൽ പോയ ഷാജി അടക്കമുള്ള സംഘത്തെ കാട്ടാന ആക്രമിക്കുകയായിരുന്നു.
കൂടെ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടെങ്കിലും ഷാജി ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. തുടർന്ന് കൂടെ ഉണ്ടായിരുന്നവർ തന്നെ മൃതദേഹം ചെളിക്കലാറിന് സമീപത്തെ ചെങ്കുത്തായ പാറക്കെട്ടിന് മുകളിലെ സുരക്ഷിത സ്ഥാനത്ത് കയറ്റിവെച്ചതിന് ശേഷം ഇവർ നാട്ടിലെത്തി വിവരം ധരിപ്പിക്കുകയായിരുന്നു.
മൃതദേഹം കൊടും വനത്തിനുള്ളിൽനിന്ന് നാട്ടിലെത്തിക്കാൻ വനപാലകരും പൊലീസും അടങ്ങുന്ന സംഘം തോക്കും മറ്റ് ആയുധങ്ങളുമായാണ് കാടുകയറിയത്. കോരിച്ചൊരിയുന്ന മഴയും മഞ്ഞും 17 കിലോമീറ്ററിലധികമുള്ള നടത്തവും ഉദ്യോഗസ്ഥരെ ക്ഷീണിതരാക്കി.
ഇതിനിടയിൽ കോന്നി എസ്.ഐ ജയചന്ദ്രൻ ക്ഷീണിതനായി വീഴുകയും ചെയ്തുവെന്ന് കൂടെ ഉണ്ടായിരുന്ന എസ്.ഐ ബിജുമോൻ പറഞ്ഞു. മുന്നൂറിലധികം ആനകളെയാണ് യാത്രക്കിടയിൽ ഇവർ കണ്ടത്. തോക്കുപയോഗിച്ച് വെടിപൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ആനക്കൂട്ടത്തെ ഇവർ നേരിട്ടു. കോരിച്ചൊരിയുന്ന മഴയും മഞ്ഞും മൂലം ആനക്കൂട്ടം വളരെ അടുത്ത് എത്തിയതിന് ശേഷമാണ് പലപ്പോഴും ഇവർ കണ്ടത്.
കടുവയുടെ സ്ഥിരം സാന്നിധ്യമുള്ള ഈ വനത്തിനുള്ളിൽ മനുഷ്യരെക്കാൾ ഉയരത്തിൽ വളർന്ന പുൽതലപ്പുകൾ വെട്ടിമാറ്റിയാണ് സംഘം നീങ്ങിയത്. മൃതദേഹവുമായി തിരികെയുള്ള യാത്രയും വളരെ ദുഷ്കരമായിരുന്നു. മൃതദേഹം തിരികെ ലഭിച്ചതിനൊപ്പം സുരക്ഷിതമായി നാട്ടിലെത്താൻ കഴിഞ്ഞതിെൻറയും ആശ്വാസത്തിലാണ് ഉദ്യോഗസ്ഥർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.