കാട്ടാത്തി - ചെളിക്കൽ- കുറിച്ചി - അടവി; സാഹസികയാത്ര ഉടൻ തുടങ്ങും
text_fieldsകോന്നി: കാടിന്റെ വൈവിധ്യമറിഞ്ഞ് കാട്ടുമൃഗങ്ങളെയും കണ്ടുള്ള കാട്ടാത്തി-ചെളിക്കൽ ജീപ്പ് സഫാരി പുനരാരംഭിക്കാൻ സാധ്യതയേറുന്നു.
ഇതുമായി ബന്ധപ്പെട്ട് ഉന്നത തല യോഗങ്ങൾ ഇതിനോടകം നടന്നുകഴിഞ്ഞു. 2018ലാണ് ഈ മേഖലയിലേക്കുള്ള സഹസിക യാത്ര വനം വകുപ്പ് നിർത്തിവെച്ചത്. അതിസാഹസിക വനയാത്ര പുനഃരാരംഭിക്കുന്നതോടെ വിനോദ സഞ്ചാരികൾക്ക് പുത്തൻ അനുഭവമായി മാറും.
കോന്നി വനം ഡിവിഷനിലെ ഉൾ വനത്തിലൂടെയാണ് വനം വകുപ്പും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും മുമ്പ് അടൂർ പ്രകാശ് റവന്യു മന്ത്രിയും ഹരികിഷോർ കലക്ട്ടറുമായിരുന്ന കാലത്ത് കോന്നി, കാട്ടാത്തി, കുറിച്ചി, വക്കല്ലാർ വഴി അടവിയിൽ എത്തിച്ചേരുന്ന രീതിയിൽ വന സാഹസിക യാത്രക്ക് തുടക്കം കുറിച്ചത്.
വനംവകുപ്പിന്റെ കോന്നി വനവികാസ് ഏജൻസിയുടെ കീഴിൽ കാട്ടാത്തി-ചെളിക്കൽ ഇക്കോ ടൂറിസം ജീപ്പ് സഫാരിയും ട്രക്കിങ്ങും 2015ലാണ് തുടക്കമിട്ടത്. തുടർന്നുള്ള വർഷങ്ങളിൽ സാഹസിക വനയാത്രയിലൂടെ മികച്ച വരുമാനം നേടിയിരുന്നു.
ഓഫ് റോഡ് ജീപ്പ്
കാട്ടുപാതയിലൂടെ സഞ്ചരിക്കാൻ ഓഫ് റോഡ് ജീപ്പാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ രണ്ട് തുറന്ന ജീപ്പുകൾ വാടകക്ക് എടുത്താണ് ഉപയോഗിച്ചിരുന്നത്. ഒരു ജീപ്പിൽ നാല് പേർ അടങ്ങുന്ന സംഘത്തിന് 4000 രൂപയാണ് യാത്രാനിരക്ക്. വാഹനത്തിൽ പരിചയസമ്പന്നനായ ഡ്രൈവർക്ക് പുറമേ ഗൈഡും ഉണ്ടാകും.
കൊക്കാത്തോട് വിളക്കുപടി, കാട്ടാത്തി, നെല്ലിക്കാപ്പാറ, തലമാനം, മണ്ണീറ, വടക്കേമണ്ണീറ വനസംരക്ഷണ സമിതികളുടെ ചുമതലയിൽ വനംവകുപ്പിന്റെ നിർദേശപ്രകാരമാണ് യാത്ര ക്രമീകരിച്ചിരുന്നത്.
കൊരങ്ങിണി തീപിടിത്തം തിരിച്ചടി
2018ൽ കേരള-തമിഴ്നാട് അതിർത്തിയിൽ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയിൽ ട്രക്കിങ് സംഘം മരിച്ചതിനെത്തുടർന്നാണ് സംസ്ഥാനത്ത് വനത്തിനുള്ളിലെ ട്രക്കിങ് ഉൾപ്പെടെ വിനോദ സഞ്ചാര പദ്ധതികൾ നിർത്തിവച്ചത്. എന്നാൽ മറ്റിടങ്ങളിൽ പുനഃരാരംഭിച്ചെങ്കിലും കോന്നി ആനത്താവളത്തിൽ നിന്നുള്ള കാട്ടാത്തി-ചെളിക്കൽ ഇക്കോ ടൂറിസം പദ്ധതിയുടെ ജീപ്പ് സഫാരി പുനഃരാരംഭിക്കാൻ വൈകുകയാണ്.ഉൾവനത്തിലൂടെ തുറന്ന ജീപ്പിലുള്ള യാത്രയും നൂറ്റാണ്ടുകൾ പഴക്കമുള്ള കാനന ക്ഷേത്രങ്ങളും പ്രകൃതിസൗന്ദര്യം വഴിയൊരുക്കുന്ന വിസ്മയക്കാഴ്ചകളും വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്നു.
അക്കാലത്ത് ദിവസവും ജീപ്പ് സഫാരിയുണ്ടായിരുന്ന മാസങ്ങൾ ഉണ്ടായിരുന്നു. മുമ്പ് ജീപ്പ് സഫാരി നടത്തിയിട്ടുള്ളവരും അവരുടെ യാത്രാനുഭവങ്ങൾ അറിഞ്ഞ് താൽപര്യപ്പെട്ടും ഒട്ടേറെ ആളുകൾ പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് അന്വേഷണങ്ങൾ ഇപ്പോഴും നടത്താറുണ്ട്. കോന്നി ആനത്താവളത്തിൽനിന്ന് ആരംഭിച്ച് അവിടെ മടങ്ങിയെത്തുന്ന 61 കിലോമീറ്റർ യാത്രയിൽ ഏകദേശം 25 കിലോമീറ്റർ ഉൾവനത്തിലൂടെയാണ് കടന്നുപോകുന്നത്. കല്ലേലി മഹാഗണിത്തോട്ടം, കൊക്കാത്തോട് കാട്ടാത്തിപ്പാറ, 2000 വർഷത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന കുറിച്ചി ക്ഷേത്രം, നെല്ലിക്കാപ്പാറ വ്യൂ പോയിന്റ്, അപ്പൂപ്പൻതോട് ക്ഷേത്രം, കാട്ടാനകളുടെ സാന്നിധ്യമുള്ള ആനച്ചന്ത, മണ്ണീറ തലമാനം വെള്ളച്ചാട്ടം, മണ്ണീറ തീറ്റപ്പുൽ കൃഷി തോട്ടം, തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രം എന്നിവിടങ്ങൾ യാത്രയിൽ കാണാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.