കൊക്കാത്തോട് ഗവ. ഹൈസ്കൂൾ കെട്ടിടം അൺ ഫിറ്റാണ്
text_fieldsകോന്നി: കൊക്കാത്തോട് ഗവ. ഹൈസ്കൂളിന്റെ കെട്ടിടം ഇത്തവണയും അൺഫിറ്റാണ്. അഞ്ച് വർഷം മുമ്പാണ് 42 വർഷം പഴക്കമുള്ള സ്കൂളിന്റെ പ്രധാന കെട്ടിടം അൺഫിറ്റാണെന്ന് കാട്ടി അരുവാപ്പുലം പഞ്ചായത്ത് കെട്ടിടവിഭാഗം ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയത്. അന്നു മുതൽ സ്കൂൾ അധികൃതരും രക്ഷാകർതൃ സമിതിയും സ്കൂൾ അറ്റകുറ്റപ്പണി നടത്താൻ നെട്ടോട്ടത്തിലാണ്.
സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇത്തവണയും പണിയൊന്നും പൂർത്തിയായിട്ടില്ല. പഠിക്കാൻ നല്ലൊരു കെട്ടിടം പോലുമില്ലാതെ അപര്യാപ്തതയുടെ നടുവിലാണ് കൊക്കാത്തോട് ഗവ. ഹൈസ്കൂൾ. അരുവാപ്പുലം പഞ്ചായത്തിൽ മൂന്നാം വാർഡിൽ 1981ൽ ഉദ്ഘാടനം ചെയ്ത സ്കൂൾ ഇത്തവണയും എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ചിരുന്നു.
എന്നാൽ, നിലവിലെ കെട്ടിടം കാലപ്പഴക്കത്താൽ ജീർണിച്ചവയായതിനാൽ ക്ലാസ് മുറികളിൽ കുട്ടികളെ ഇരുത്താൻപോലും സാധിക്കാത്ത അവസ്ഥയാണ്. ശോച്യാവസ്ഥമൂലം സമീപത്തെ താൽക്കാലിക മുറികളിലാണ് പഠനം. ജില്ല പഞ്ചായത്തിൽനിന്നും കെട്ടിടം പുനരുദ്ധരിക്കാൻ 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. ശാശ്വത പരിഹാര നടപടി വേണമെന്നാണ് അധ്യാപകരുടെയും വിദ്യാർഥികളുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.